
ഇന്ത്യയുടെ വാഹന വ്യവസായ മേഖലയില്‍ വലിയ കുതിപ്പ് നല്‍കുന്നതിനൊപ്പം വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യവും മുന്നില്‍ കണ്ട് 2021-ലാണ് വാഹന പൊളിക്കല്‍ നയം ഇന്ത്യയില്‍ പ്രഖ്യാപിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കുകയാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. വാഹന പൊളിക്കല്‍ നയത്തിലെ നിര്‍ദേശം അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുമാണ് പൊളിക്കുന്നത്.
ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ പൊളിക്കുന്ന നീക്കത്തോട് തണുപ്പന്‍ പ്രതികരണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് മാറിത്തുടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും വാഹന പൊളിക്കല്‍ നയം പ്രഖ്യാപിക്കുകയും ചെയ്ത മന്ത്രിയുമായ നിതിന്‍ ഗഡ്കരി പറയുന്നത്. ഒരാഴ്ചയില്‍ രാജ്യത്തുടനീളം 4000-ത്തോളം പഴയ വാഹനങ്ങള്‍ പൊളിക്കുന്നുണ്ടെന്നും വളരെയേറെ തൃപ്തി നല്‍കുന്ന കണക്കാണിതെന്നുമാണ് അദ്ദേഹം പറയുന്നത്. എഫ്‌ഐസിസിഐ റോഡ് സേഫ്റ്റി അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തേയ്മാനം സംഭവിച്ചിട്ടുള്ള ബ്രേക്കിങ് സംവിധാനങ്ങള്‍, പഴക്കം ചെന്ന മെക്കാനിക്കല്‍ ഭാഗങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് പഴയ വാഹനങ്ങളില്‍ അപകട സാധ്യത വളരെ കൂടുതലാണ്. പഴയ പല വാഹനങ്ങളും നിരത്തുകളില്‍ ഓടിക്കാന്‍ യോഗ്യതയില്ലാത്തതാണ്. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പരിപാലനം വലിയ സാമ്പത്തിക ചിലവ് വരുത്തുന്നതാണ്. ഇതിനൊപ്പം ഇത്തരം വാഹനങ്ങളുടെ സുരക്ഷ നിലവാരം വളരെ കുറവായിരിക്കുമെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവര്‍ തന്നെ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയുടെ വാഹന പൊളിക്കല്‍ നയം അനുസരിച്ച് പഴയ വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. 15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങളിലും 20 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളിലും പുക, ബ്രേക്ക്, ബോഡിയുടെ ബലം തുടങ്ങിയവയുടെ കാര്യക്ഷമതയാണ് പരിശോധിക്കുന്നത്. ഇതില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് എന്‍ഡ് ഓഫ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വാഹനം നിരത്തുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് രീതി.
രാജ്യത്ത് വാഹന പൊളിക്കല്‍ കേന്ദ്രങ്ങളുടെയും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളുടെയും എണ്ണം വര്‍ധിച്ചതോടെയാണ് പൊളിക്കുന്ന വാഹനങ്ങളുടെ എണ്ണം ഉയര്‍ന്നത്. 17 സംസ്ഥാനങ്ങളിലായി 60-ല്‍ അധികം വാഹന പൊളിക്കല്‍ കേന്ദ്രങ്ങളും 12 സംസ്ഥാനങ്ങളിലായി 75 ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം പൊളിക്കല്‍ കേന്ദ്രങ്ങളുള്ളത്. ഇവിടുത്തെ 15 കേന്ദ്രങ്ങളിലായി 19,000 വാഹനങ്ങള്‍ ഇതിനോടകം തന്നെ പൊളിച്ച് നീക്കിയിട്ടുണ്ട്.
വാഹനം പൊളിക്കാന്‍ നല്‍കുന്ന ഉപയോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാന്‍ പൊളിക്കാന്‍ നല്‍കുന്ന വാഹനത്തിന്റെ വിലയുടെ നാല് മുതല്‍ ആറ് ശതമാനം വരെ സ്‌ക്രാപ്പ് മൂല്യം ലഭിക്കുകയും, പുതിയ വാഹനം വാങ്ങുമ്പോള്‍ നിര്‍മാതാക്കള്‍ അഞ്ച് ശതമാനം വരെ വില ഇളവ് നല്‍കുകയും ചെയ്യും. ഇതിനുപുറമെ, സംസ്ഥാനങ്ങള്‍ റോഡ് നികുതിയില്‍ ഇളവ്, രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി നല്‍കല്‍ തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കിയേക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: India vehicle scrapping policy sees success with 4000 vehicles scrapped weekly.
Published: 08 Sept 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented