കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ 369, 2255.. എന്നീ വാഹന നമ്പറുകള്‍ വെറും സാധാരണ നമ്പറുകളായിരുന്നു, ഫാന്‍സി നമ്പര്‍ പട്ടികയിലില്ലാത്തതിനാല്‍ അടിസ്ഥാന വിലയും കെട്ടിവയ്‌ക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ഈ നമ്പറുകളൊക്കെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ വാഹനങ്ങള്‍ക്ക് ചാര്‍ത്തിയതോടെ മോട്ടോര്‍ വാഹനവകുപ്പിന് ഇതെല്ലാം വരുമാനം വാരാനുള്ള 'നമ്പറു'കളായി.

To advertise here,

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സ്ഥിരമായി സ്വന്തം വാഹനങ്ങള്‍ക്ക് ബുക്ക് ചെയ്യാറുള്ള നമ്പറുകള്‍ ഫാന്‍സി നമ്പര്‍ പട്ടികയിലേക്ക് കയറിയതു മൂലം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത് ലക്ഷങ്ങളാണ്. നടന്‍ മമ്മുട്ടിയുടെ അത്യാഡംബര കാറുകളായ ബിഎംഡബ്ല്യു, മിനി കൂപ്പര്‍, ജാഗ്വാര്‍, ഔഡി, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയവക്കെല്ലാം നമ്പര്‍ 369 ആണ്. മോഹന്‍ലാലിന് താരപരിവേഷം നല്‍കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്ന ഡയലോഗ് ഓര്‍ക്കാത്ത സിനിമാ പ്രേമിയുണ്ടാവില്ല. അതേ 2255 തന്നെയാണ് പിന്നീട് മോഹന്‍ലാലിന്റെ സ്വന്തം വാഹന നമ്പറായി മാറിയതും. 

എന്നാല്‍ ഇടയ്ക്ക് താരം മാറ്റിപ്പിടിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും സൂപ്പര്‍ സ്റ്റാറിന്റെ പ്രിയപ്പെട്ട നമ്പര്‍ സ്വന്തമാക്കിയിരുന്നു. തന്റെ ആഡംബര കാറിനായി കെഎല്‍ 7 ഡിഎച്ച് 2255 നമ്പര്‍ 3.20 ലക്ഷം രൂപയ്ക്കാണ് ആന്റണി സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ ആരാധകര്‍ക്കിടയിലും ഈ നമ്പറിന് ഏറെ പ്രിയമുണ്ട്. മമ്മൂട്ടി 369 എന്ന നമ്പറിനായി ബുക്ക് ചെയ്യുമ്പോള്‍ ഫാന്‍സി നമ്പര്‍ പ്രേമികളും താരത്തിന്റെ ആരാധകരും ഈ നമ്പര്‍ കിട്ടാനാഗ്രഹിക്കാറുണ്ട്. 

മോഹന്‍ലാലിന്റെ കാര്യത്തിലും ഇതുതന്നെ സ്ഥിതി പിന്നീട്, ഈ നമ്പര്‍ ലേലത്തില്‍ വയ്ക്കുകയും ഉയര്‍ന്ന ലേലത്തുക വിളിക്കുന്നവര്‍ സ്വന്തമാക്കുകയുമാണ് പതിവ്. സാധാരണഗതിയില്‍ ഇരുതാരങ്ങളും തന്നെയാണ് അവസാനം തങ്ങളുടെ സ്വന്തം നമ്പര്‍ പിടിച്ചെടുക്കാറുള്ളത്. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല, മറ്റു സിനിമാ താരങ്ങളും കായികതാരങ്ങളുമുള്‍പ്പെട്ട സെലിബ്രിറ്റികള്‍, വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത് അഭിമാനപ്രശമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്.

1 വെറും ഒന്നല്ല, ഒരു ലക്ഷമാണ്

ഒന്നാം നമ്പറിനാണ് ഫാന്‍സി നമ്പര്‍ പ്രേമികള്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടുതല്‍. 0001-ന്റെ അടിസ്ഥാന വില ഒരുലക്ഷം രൂപയാണ്. ഈ നമ്പറിനായി ഒന്നിലധികം പേര്‍ വരുമ്പോഴാണ് ലേലത്തില്‍ വയ്ക്കുന്നതും വാശിയേറിയ ലേലത്തിലൂടെ സര്‍ക്കാരിലേക്ക് ലക്ഷങ്ങള്‍ ഒഴുകുന്നതുമെല്ലാം. ഫീസില്‍ രണ്ടാംസ്ഥാനം 777, 999, 3333, 4444, 5000, 5555, 7777, 9999 എന്നീ നമ്പറുകള്‍ക്കാണ്. ഇവ ബുക്ക് ചെയ്യാന്‍ 50,000 രൂപ ഫീസ് അടയ്ക്കണം. 25,000 രൂപ ഫീസ് നിശ്ചയിച്ചിട്ടുള്ള 22 നമ്പറുകളുണ്ട്. 5, 7, 9, 333, 786, 1000, 1111, 1818, 2727, 3000, 3636, 4545, 5005, 5050, 6666, 7000, 7007, 8181, 8888, 9000, 9009, 9000 എന്നിവയാണിത്. 2, 3, 11, 99, 100, 111 തുടങ്ങിയ 25 നമ്പറുകള്‍ക്ക് 10,000 രൂപ ഫീസ് അടച്ചാല്‍ മതി. 18 നമ്പറുകള്‍ക്ക് 5,000 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും നമ്പര്‍ റിസര്‍വ് ചെയ്യണമെങ്കില്‍ 3,000 രൂപ അടച്ചാല്‍ മതി.

ആര്‍ക്കും വേണ്ടേ ഈ ലക്ഷങ്ങള്‍ ?

ഫീസ് അടച്ചിട്ടും ഇഷ്ടനമ്പര്‍ കിട്ടാതെവരുന്നവര്‍ക്ക് ഫീസ് മടക്കി നല്‍കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പകുതിയോളം പേര്‍ ഇപ്പോഴും ഫീസ് തിരികെ വാങ്ങുന്നില്ല. പണം മടക്കി വാങ്ങാനുള്ളവരില്‍ കൂടുതല്‍ പേരും ചെറിയ തുക ഫീസ് അടച്ചവരാണ്. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ അവകാശികളെ കാത്ത് ട്രഷറിയില്‍ കിടപ്പുണ്ട്. ഒന്നിലധികം ആളുകള്‍ ഒരേ നമ്പറിനായി പണം അടയ്ക്കുമ്പോള്‍ ലേലം ചെയ്യുകയാണ് പതിവ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കു നമ്പര്‍ കിട്ടിയില്ലെങ്കില്‍ ഫീസ് മടക്കി കൊടുക്കണമെന്നാണ് ചട്ടം. 

ആര്‍ടിഒ ഓഫീസിലും ട്രഷറിയിലും കയറി ഇറങ്ങേണ്ടി വരുമെന്നതിനാലാണത്രെ നമ്പര്‍ കിട്ടാത്തവരില്‍ പലരും ഫീസ് മടക്കി വാങ്ങാന്‍ തുനിയാത്തത്. വന്‍ തുക ഫീസ് അടയ്ക്കുന്നവര്‍ പണം തിരികെ വാങ്ങാറുണ്ട്. എന്നാല്‍, തുക കിട്ടാന്‍ ഓഫീസില്‍ കയറി ഇറങ്ങേണ്ടെന്നും ലേലത്തില്‍ പങ്കെടുത്ത് നമ്പര്‍ കിട്ടാത്തവര്‍ക്കു ഫീസ് തിരികെ ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ പണം അക്കൗണ്ടിലേക്ക് ഇട്ടു നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

കെഎല്‍ 1 'ഔട്ട്', ഇനി 0007 ന്റെ കാലം

ഒരു മാസം ഫാന്‍സി നമ്പര്‍ ലേലം നടത്തിയാല്‍ എറണാകുളം ആര്‍ടി ഓഫീസിന് ലഭിക്കുക അരക്കോടിയില്‍ താഴെയാണ്. ഏകദേശം 700 ഓളം നമ്പറുകള്‍ വിറ്റുപോയാല്‍ മാത്രമേ ഇത്രയും തുക കിട്ടുകയുള്ളൂ. എന്നാല്‍ ആ തുക ഒറ്റ നമ്പറില്‍ നിന്ന് ലഭിച്ചാലോ? എറണാകുളം ആര്‍ടി ഓഫിസിനെ ഞെട്ടിച്ച് 25,000 രൂപ വിലയുള്ള ഫാന്‍സി നമ്പറിനായി എറണാകുളം സ്വദേശി മുടക്കിയത് 45,99000 രൂപയാണ്. കെഎല്‍ 07 ഡിജി 0007 എന്ന നമ്പറാണ് മാസങ്ങള്‍ക്കു മുന്‍പ് സോഫ്റ്റ്വേര്‍ കമ്പനി ഉടമ റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ പിടിച്ചത്. ഇതുവരെ കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്.