1.17 കോടി രൂപയ്ക്കായിരുന്നു HR 88 B 8888 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കഴിഞ്ഞ ദിവസം ലേലത്തില്‍ വിറ്റുപോയത്. ഹരിയാണയിൽ നടന്ന ഈ ലേലത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്പറായി ഇത് മാറി.എന്നാൽ ഈ വൈറൽ നമ്പർ ലേലത്തിൽ പിടിച്ചയാൾ നിശ്ചിത സമയത്തിനുള്ളിൽ പണം അടയ്ക്കാത്തതിനെ തുടർന്ന് നമ്പര്‍ വീണ്ടും ലേലം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

To advertise here,

റോമുലസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാൻസ്പോർട്ട് സർവീസ് കമ്പനിയുടെ ഡയറക്ടറായ സുധീർ കുമാറാണ് 'HR88B8888' എന്ന വിഐപി നമ്പറിനായി ലേലം വിളിച്ചത്. രണ്ട് ദിവസത്തെ ലേലത്തിന് ശേഷം 1.17 കോടി രൂപയ്ക്ക് അദ്ദേഹം നമ്പർ പ്ലേറ്റ് സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ തുക അടയ്ക്കാനുള്ള അവസാന സമയമായ ഡിസംബർ ഒന്ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഇദ്ദേത്തിന് പണം കെട്ടിവെയ്ക്കാൻ കഴിഞ്ഞില്ല. ഇതാണ് നമ്പർ വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

ശനിയാഴ്ച രാത്രി രണ്ടുതവണ ലേലത്തുക അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം പരാജയപ്പെട്ടുവെന്ന് ലേലം വിളിച്ച കുമാർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടുചെയ്തു. കൂടാതെ, ഒരു നമ്പർ പ്ലേറ്റിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനോട് തൻ്റെ കുടുംബത്തിന് എതിർപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഏത് വാഹനത്തിനുവേണ്ടിയായിരുന്നു 1.17 കോടി രൂപ മുടക്കി നമ്പര്‍ സ്വന്തമാക്കാൻ ശ്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ലേലത്തെക്കുറിച്ച്

ഹരിയാണയിൽ വിഐപി അല്ലെങ്കിൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്കായി എല്ലാ ആഴ്ചയും ഓൺലൈൻ ലേലം നടക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണി വരെ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള നമ്പറിനായി അപേക്ഷിക്കാം. തുടർന്ന് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫലം പ്രഖ്യാപിക്കുന്നത് വരെ ലേലംവിളി തുടരും.

ലേലം പൂർണമായും fancy.parivahan.gov.in എന്ന ഔദ്യോഗിക പോർട്ടലിലാണ് നടക്കുന്നത്. അവസാന ആഴ്ച ലേലത്തിൽ 'HR88B8888' എന്ന രജിസ്‌ട്രേഷൻ നമ്പറിനാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. 45 പേരാണ് ഈ നമ്പറിനായി മത്സരരംഗത്ത് ഇറങ്ങിയത്. 50,000 രൂപയായിരുന്നു അടിസ്ഥാന ലേല വില.

അടിസ്ഥാന തുകയില്‍ ആരംഭിച്ച ലേലം ഓരോ മിനിറ്റിലും കൂടികൂടി വരികയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലേലത്തുക 88 ലക്ഷം രൂപയില്‍ എത്തി. ഒടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ ലേലം അവസാനിപ്പിച്ചു. അപ്പോഴേക്കും ഈ നമ്പറിന്റെ വില 1.17 കോടി രൂപയില്‍ എത്തിയിരുന്നു.

HR88B8888 നമ്പറിന്റെ സവിശേഷത

HR എന്നത് സംസ്ഥാന കോഡാണ്. ഇത് വാഹനം ഹരിയാണയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.88 എന്നത് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള ഹരിയാണയിലെ പ്രത്യേക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ (ആർടിഒ) അല്ലെങ്കിൽ ജില്ലയെ പ്രതിനിധീകരിക്കുന്നു. പ്രത്യേക ആർടിഒയിലെ വാഹന സീരീസ് കോഡ് സൂചിപ്പിക്കാനാണ് B ഉപയോഗിക്കുന്നത്.

8888 എന്നത് വാഹനത്തിന് നൽകിയിട്ടുള്ള നാലക്ക രജിസ്ട്രേഷൻ നമ്പറാണ്. വലിയക്ഷരത്തിലെ 'B' എട്ടിനോട് സാമ്യമുള്ളതുകൊണ്ടും നമ്പറിൽ എട്ട് എന്ന ഒരക്കം മാത്രം ആവർത്തിക്കുന്നതുകൊണ്ടും ഇത് എട്ടുകളുടെ ഒരു നിര പോലെ കാണപ്പെടുന്നു എന്നതാണ് ഈ നമ്പർ പ്ലേറ്റിനെ സവിശേഷമാക്കുന്നത്.