മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 13 ലക്ഷം ഗതാഗതനിയമലംഘന കേസുകള്‍. ചുമത്തിയത് 90 കോടി പിഴയും. എന്നാല്‍, ഇതില്‍ നാല് കോടി മാത്രമാണ് ഈടാക്കിയത്. 13 ലക്ഷം കേസുകളില്‍ തീര്‍പ്പാക്കിയത് വെറും 74,000 എണ്ണവും. നിയമസഭയില്‍ കര്‍ണാടക ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളാണിത്.

To advertise here,

കഴിഞ്ഞവര്‍ഷം അതിവേഗപാതയാക്കിയ ശേഷം അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്.) നടപ്പാക്കിയതിനെത്തുടര്‍ന്ന് പാതയില്‍ അപകടമരണങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞദിവസം ലോക്സഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഗതാഗത നിയമലംഘനക്കേസുകളിലെ തുടര്‍നടപടികള്‍ മന്ദഗതിയിലാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

119 കിലോമീറ്ററുള്ള 10 വരി ബെംഗളൂരു -മൈസൂരു അതിവേഗപാതയില്‍ സ്ഥാപിച്ച എ.ടി.എം.എസ്. ക്യാമറകളിലെയും അതിനുമുന്‍പുള്ള ദൃശ്യങ്ങളും വെച്ചാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, കേസിന്റെ തുടര്‍നടപടിയിലോ പിഴ ഈടാക്കുന്നതിലോ പിന്നീട് കാര്യക്ഷമതയില്ലാത്ത സ്ഥിതിയാണ്. എറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ചെയ്തത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിനാണ്. ഏഴ് ലക്ഷം കേസുകളാണ് ഈ വിഭാഗത്തില്‍.

രണ്ട് ലക്ഷം കേസുകളാണ് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ 23,000 പേരാണ്. 2024-ല്‍ ആകെ 4.1 ലക്ഷം കേസുകളിലായി 24 കോടി പിഴ ചുമത്തിയിരുന്നു. ഇതില്‍ 15,000 കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ഇടാക്കിയത് ഒരു കോടി രൂപ മാത്രവും. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച്, ഹൈവേയില്‍ മൊത്തം 12 ക്യാമറകളാണുള്ളത്.

മാണ്ഡ്യ, രാമനഗര മേഖലകളില്‍ അഞ്ച് ക്യാമറകള്‍ വീതവും മൈസൂരു മേഖലയില്‍ രണ്ടും. ക്യാമറകള്‍ നിയമലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടനടി ഉടമയ്ക്ക് കേസിന്റെ വിവരവും പിഴയും എസ്.എം.എസ്. അയക്കുകയുമാണ് ചെയ്യുന്നത്.

മൈസൂരു -ബെംഗളൂരു ദേശീയ പാതയാണ് എ.ടി.എം.എസ്. സുരക്ഷാ പദ്ധതി ആദ്യമായി നടപ്പാക്കിയ രാജ്യത്തെ ആദ്യ േൈഹവ 307. ക്യാമറകള്‍, സ്പീഡ് സെന്‍സറുകള്‍ എന്നിവയില്‍നിന്നുള്ള തത്സമയ ട്രാഫിക് ഡേറ്റ ശേഖരിച്ച് ഗതാഗതം നിയന്ത്രിക്കുന്നതാണ് പുതിയ സംവിധാനം. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ അനുസരിച്ചാണ് ട്രാഫിക് സിഗ്‌നല്‍ ദേശീയപാതയില്‍ പ്രവര്‍ത്തിക്കുക.