ചരിത്രത്തിലെ ആദ്യത്തെ ദീര്‍ഘദൂര കാര്‍യാത്ര നടന്നത് 1888-ലായിരുന്നു. സ്വന്തമായി വാഹനമോടിച്ച് ആ യാത്ര നടത്തിയതാകട്ടെ മുപ്പത്തൊമ്പതുകാരിയായ ഒരു സ്ത്രീ. ഭര്‍ത്താവിനോട് പറയാതെ രണ്ട് മക്കളെയുംകൂട്ടിയാണ് അന്നവര്‍ 180 കിലോ മീറ്റര്‍ ദൂരത്തേക്കും തിരിച്ചും കാറോടിച്ചത്. ഇന്ധനം തീര്‍ന്നാല്‍ എന്തു ചെയ്യും? വഴിയരികില്‍ പെട്രോള്‍ പമ്പുകള്‍ ഇല്ലല്ലോ? വാഹനം കേടുവന്നാല്‍ എങ്ങനെ നന്നാക്കും? ഇതൊന്നും കാര്യമാക്കാതെ ആയിരുന്നു ആ സാഹസികയാത്ര. ഉദ്യമം വെറുതേയായില്ല. അവരുടെ ഭര്‍ത്താവ് നിര്‍മിച്ച കാറിന് വന്‍ സ്വീകാര്യത ലഭിച്ചു. വന്‍തുക ചെലവഴിച്ച് വികസിപ്പിച്ച ആ വാഹനം വിറ്റഴിക്കുന്നത് എങ്ങനെ എന്നാലോചിച്ച് തല പുകഞ്ഞ  ഭര്‍ത്താവിന് വന്‍സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു. ലോകത്തെ ആദ്യ മോട്ടോര്‍വാഹനം നിര്‍മിച്ച കാള്‍ ബെന്‍സിന്റെ ഭാര്യ ബെര്‍ത്ത ബെന്‍സ് ആയിരുന്നു ലോകചരിത്രത്തിലെ ആദ്യ ദീര്‍ഘദൂര കാര്‍യാത്ര നടത്തിയ ആ ഡ്രൈവര്‍. അന്ന് ആ യാത്രയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഓരോന്നും വിലയിരുത്തി അവര്‍ ആ കാറിനെ നവീകരിച്ചു.

To advertise here,

ഭര്‍ത്താവിന് കത്തെഴുതിവച്ചു, വീട്ടില്‍നിന്നിറങ്ങി

ജർമ്മനിയിലെ മാന്‍ഹെയിമില്‍നിന്ന് ഫോര്‍സെയിമിലേക്കായിരുന്നു ഓഗസ്റ്റ് മാസത്തിലെ ആ കാര്‍ യാത്ര. ഫോര്‍സെയിമിലായിരുന്നു ബെര്‍ത്തയുടെ വീട്. സ്‌കൂള്‍ വെക്കേഷന്‍ തുടങ്ങിയതോടെയാണ് മക്കളെയുംകൂട്ടി അവര്‍ യാത്രയ്ക്കൊരുങ്ങിയത്. ലോകത്തെ ആദ്യ ടെസ്റ്റ് ഡ്രൈവിനാണ് അന്ന് ബെര്‍ത്ത ഇറങ്ങിത്തിരിച്ചതെന്ന് ഇന്നത്തെ ലോകത്തെ മുന്‍നിര ആഡംബരകാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് അവകാശപ്പെടുന്നു. മക്കളായ യൂജിനേയും റിച്ചാഡിനെയും ഒപ്പം കൂട്ടിയാണ് ബെര്‍ത്ത യാത്രയ്ക്കിറങ്ങിയത്. പതിനഞ്ചും പതിമൂന്നും വയസായിരുന്നു അന്ന് യൂജിന്റെയും റിച്ചാഡിന്റെയും പ്രായം.

അതിരാവിലെതന്നെ മൂവരും വീടിനടുത്തുള്ള കാള്‍ ബെന്‍സിന്റെ ഫാക്ടറിയിലേക്ക് പോയി. പിന്നീട് കാര്‍ തള്ളി പുറത്തിറക്കി. ഈസമയത്ത് ഉറക്കത്തിലായിരുന്ന ഭര്‍ത്താവ് കാള്‍ ബെന്‍സ് ഉണരാതിരിക്കാന്‍ വീട്ടില്‍നിന്ന് കുറച്ചു ദൂരത്തേക്ക് തള്ളിമാറ്റിയ ശേഷമാണ് ബെര്‍ത്ത കാര്‍ സ്റ്റാര്‍ട്ടാക്കിയത്. കാള്‍ ബെന്‍സ് വായിച്ചറിയാന്‍ ഒരു കത്തും അടുക്കളയില്‍ എഴുതിവച്ചു. ഫോര്‍സെയിമിലേക്ക് പോകുകയാണ് എന്നു മാത്രമാണ് കത്തില്‍ എഴുതിയിരുന്നത്. സ്വയം കാറോടിച്ച് പോകുകയാണെന്ന സൂചനപോലും കത്തില്‍ ഉണ്ടായിരുന്നില്ല. കാര്‍ കാണാനില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭാര്യ തീവണ്ടിയില്ല, താന്‍ നിര്‍മിച്ച കാറിലാണ് 180 കിലോ മീറ്റര്‍ അകലെയുള്ള ഫോര്‍സെയിമിലേക്ക് പോയിരിക്കുന്നതെന്ന്‌ കാള്‍ ബെന്‍സ് തിരിച്ചറിഞ്ഞത്.

placeholder
 ബെന്‍സ് പേറ്റന്റ് മോട്ടോര്‍വാഗണിന്റെ മാതൃക | Photo: newworldencyclopedia.org

ഇന്നത്തെ കാറായിരുന്നില്ല; അത് മുച്ചക്രവാഹനം

സുഖകരമായ യാത്രയ്ക്കാണ് ഇന്ന് കാറുകളെ ആശ്രയിക്കാറുള്ളതെങ്കിലും ലോകത്തെ ആദ്യകാര്‍ അത്തരത്തില്‍ ഉള്ളതായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിറകില്‍ എന്‍ജിന്‍ ഘടിപ്പിച്ച മുച്ചക്ര വാഹനമായിരുന്നു മെന്‍സ് പേറ്റന്റ് മോട്ടോര്‍വാഗണ്‍ എന്ന ആ വാഹനം. സ്റ്റീല്‍ ട്യൂബുകള്‍ ഉപയോഗിച്ചായിരുന്നു അതിന്റെ നിര്‍മാണം. തടി കൊണ്ടുള്ള പാനലുകളും  ഉണ്ടായിരുന്നു. റബര്‍ ടയറുകളായിരുന്നു മറ്റൊരു പ്രത്യേകത. ഉപയോഗയോഗ്യമായ ലോകത്തെ ആദ്യ മോട്ടോര്‍ വാഹനം എന്നാണ് അതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ബെര്‍ത്ത ബെന്‍സ് നടത്തിയ ആദ്യ ദീര്‍ഘദൂര യാത്രയ്ക്ക് പിന്നാലെ 1888-ല്‍തന്നെ വാഹനം വിപണിയിലെത്തി. 1886-നും 93-നുമിടയ്ക്ക് 25 പേറ്റന്റ് മോട്ടോര്‍ വാഗണുകളാണ് നിര്‍മിച്ചത്.

ആ യാത്ര ഭര്‍ത്താവിനോട് മുഖംതിരിച്ചവര്‍ക്ക് മറുപടി നല്‍കാന്‍

ബെര്‍ത്ത ദീര്‍ഘദൂര യാത്രക്കിറങ്ങിയ 1888-ന് രണ്ടുവര്‍ഷം മുമ്പ് 1886 നവംബറിലാണ് കാള്‍ ബെന്‍സിന്റെ കാറിന് പേറ്റന്റ് ലഭിക്കുന്നത്. 1886 ജൂലായ് മൂന്നിന് കാള്‍ ബെന്‍സ് പൊതുജനങ്ങള്‍ക്കു മുന്നില്‍ ആദ്യമായി തന്റെ കാര്‍ ഓടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രാദേശിക പത്രങ്ങള്‍ വാര്‍ത്തയൊക്കെ കൊടുത്തു. എന്നാല്‍, കുതിരവലിക്കാത്ത ആദ്യവാഹനത്തോട് ജനങ്ങള്‍ക്ക് അത്ര താത്പര്യമൊന്നും അന്ന് ഉണ്ടായിരുന്നില്ല. വാഹനം പ്രായോഗികമല്ലെന്നാണ് അന്ന് പൊതുവെ വിലയിരുത്തപ്പെട്ടത്. ഇതോടെയാണ് വാഹനം ദൈനംദിന ഉപയോഗത്തിന് യോജിച്ചതാണെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ ബെര്‍ത്ത ഇറങ്ങിത്തിരിച്ചത്. അവരുടെ ഉദ്യമം വെറുതെയായില്ല എന്നാണ് ഇന്നും ലോകത്തെവിടെയും കാണാന്‍ കഴിയുന്ന ബെന്‍സ് കാറുകള്‍ തെളിയിക്കുന്നത്.

placeholder
ബെര്‍ത്ത ബെന്‍സ്, കാള്‍ ബെന്‍സ് | Photo:  mercedes-benz.com

ബ്രേക്ക് ലൈനിങ്ങിന്റെ കണ്ടെത്തല്‍ ആ യാത്രയില്‍

ആധുനിക കാറുകളില്‍ ഇന്ന് പലരും നടത്തുന്നതുപോലെയുള്ള സുഖരമായ ദീര്‍ഘദൂര യാത്രയായിരുന്നില്ല ബെര്‍ത്ത ബെന്‍സിന്റേത്. കാര്‍ പലപ്പോഴും കേടായി. ആദ്യ കാറല്ലേ? നന്നാക്കാന്‍ ആര്‍ക്കറിയാം...! ബെര്‍ത്ത തന്നെ കാര്‍ നന്നാക്കാന്‍ മുന്നിട്ടിറങ്ങി. ഫ്യുവല്‍ ലൈനില്‍ തടസമുണ്ടായി കാര്‍ വഴിയില്‍ കിടന്നപ്പോള്‍ ഹെയര്‍പിന്‍ ഉപയോഗിച്ച് തടസം നീക്കി അവര്‍ യാത്ര തുടര്‍ന്നു. ഇഗ്നിഷന്‍ കേടു വന്നപ്പോള്‍ വസ്ത്രത്തിന്റെ ഭാഗം ഉപയോഗിച്ച് അതും നേരെയാക്കി. ഒരു കൊല്ലപ്പണിക്കാരന്റെ സഹായത്തോടെയാണ് കാറിന്റെ ചെയിന്‍ വിട്ടുപോയപ്പോള്‍ നന്നാക്കിയത്. അദ്ദേഹം ആരെന്നോ ഏത് സ്ഥലത്തുവച്ചാണെന്നോ വ്യക്തമല്ലെങ്കിലും അതായിരുന്നു ലോകത്തെ ആദ്യ കാര്‍ വര്‍ക്ക്‌ഷോപ്പ്. ഇന്ധനം തീര്‍ന്നപ്പോള്‍ മരുന്നുകടയില്‍നിന്ന് രാസലായനി വാങ്ങി കാറിലൊഴിച്ച് യാത്ര തുടര്‍ന്നു.

യാത്ര തുടരുന്നതിനിടെ കാറിന് ബ്രേക്ക് കിട്ടാതെയായി. കാര്‍ കുറേദൂരം സഞ്ചരിച്ചപ്പോഴേക്കും തടികൊണ്ട് നിര്‍മിച്ച ബ്രേക്കുകളുടെ കാര്യക്ഷമത കുറഞ്ഞതാണ് ബ്രേക്ക് നഷ്ടപ്പെടാന്‍ കാരണം. ഇതോടെ ബെര്‍ത്ത ചെരുപ്പ് നിര്‍മിക്കുന്ന ഒരാളെ സമീപിക്കുകയും തടികൊണ്ട് നിര്‍മിച്ച ബ്രേക്ക് സംവിധാനത്തിന് തുകല്‍ കൊണ്ടുള്ള ആവരണം നിര്‍മിക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇങ്ങനെയാണ് ബ്രേക്ക് ലൈനിങ് മോട്ടോര്‍വാഹനങ്ങളുടെ ഭാഗമായി മാറിയത്. ദീര്‍ഘയാത്രയ്ക്കിടെ കാര്‍ പലപ്പോഴും കയറ്റം കയറാതിരുന്നതോടെ ബെര്‍ത്തയ്ക്കും മക്കള്‍ക്കും കാര്‍ തള്ളിക്കയറ്റേണ്ടിവന്നു. ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് കാറിന്റെ ഗിയര്‍ സംവിധാനം പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശം കാള്‍ ബെന്‍സിനുമുന്നില്‍ ബെര്‍ത്ത വച്ചത്. കാള്‍ ബെന്‍സ് ഭാര്യയുടെ നിര്‍ദേശം അംഗീകരിക്കുകയും ഗിയര്‍ സംവിധാനം വിജയകരമായി പരിഷ്‌കരിക്കുകയുംചെയ്തു.

placeholder
കാള്‍ ബെന്‍സ് | Photo - mercedes-benz.com

യാത്രയ്ക്കിടെ വഴിയരികില്‍ കണ്ട പലരും അമ്പരക്കുന്നതും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ കണ്ണു മിഴിക്കുന്നതും ബെര്‍ത്തയും മക്കളും കണ്ടിരുന്നു. അതോടെ ഫോര്‍സെയിമില്‍ എത്തിയ ഉടന്‍ അവര്‍ ഭര്‍ത്താവ് കാള്‍ ബെന്‍സിന് ടെലിഗ്രാം അയച്ചു. കാര്‍യാത്ര വിജയകരമായിരുന്നുവെന്നും താനും മക്കളും സുരക്ഷിതരാണെന്നും വ്യക്തമാക്കുന്നതായിരുന്നു ആ സന്ദേശം.

'മുങ്ങുമെന്ന് കരുതിയ കപ്പലില്‍ ഒപ്പമുണ്ടായിരുന്നത് ഒരാള്‍മാത്രം'

സ്വന്തമായി കാര്‍ ഓടിച്ച് ഫോര്‍സെയിമിലേക്ക് പോയത് തന്റെ അമ്മയെ സന്ദര്‍ശിക്കാനാണ് എന്നാണ് ബെര്‍ത്ത ഭര്‍ത്താവ് കാള്‍ ബെന്‍സിനോട് പറഞ്ഞത്. എന്നാല്‍, ബെര്‍ത്തയുടെ യാത്രയ്ക്ക് മറ്റു പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. തന്റെ ഭര്‍ത്താവിന് ആത്മവിശ്വാസം പകരുക, അദ്ദേഹം നിര്‍മിച്ച കാറിന് ഭാവിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്ന് തെളിയിക്കുക എന്നിവ ആയിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. കാര്‍ നിര്‍മിക്കുന്നതിനുവേണ്ടി കാള്‍ ബെന്‍സും ബെര്‍ത്തയും വന്‍നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച സ്വീകാര്യത സമൂഹത്തില്‍നിന്ന് ലഭിക്കാതെവന്നതോടെ തങ്ങളുടെ സംരംഭത്തില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന ആശങ്ക കാള്‍ ബെന്‍സിനെ അലട്ടി. ഈ ഘട്ടത്തിലാണ് ബെര്‍ത്ത സാഹസിക യാത്രയ്ക്കിറങ്ങിയത്.

placeholder
കാള്‍ ബെന്‍സും ബെര്‍ത്ത ബെന്‍സും താമസിച്ചിരുന്ന വീട് | ഫോട്ടോ - മെഴ്സിഡീസ് ബെന്‍സ് മ്യൂസിയം

ഫോര്‍സെയിമിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബര്‍ത്ത വിവാഹത്തിന് മുമ്പുതന്നെ കാള്‍ ബെന്‍സിന്റെ സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയിരുന്നു. കാള്‍ ബെന്‍സിന്റെ ഇരുമ്പ് വ്യവസായത്തിലാണ് അവര്‍ ആദ്യം പണം നിക്ഷേപിച്ചത്. പിന്നീട് കാള്‍ ബെന്‍സിനെ വിവാഹം കഴിച്ച അവര്‍ അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ക്ക് വന്‍തോതില്‍ സാമ്പത്തിക പിന്‍തുണ നല്‍കി. ആദ്യകാര്‍ വികസിപ്പിക്കുന്ന സമയത്തും അവര്‍ എല്ലാ കാര്യത്തിലും അദ്ദേഹത്തിനൊപ്പം നിന്നു. ബെര്‍ത്ത ബെന്‍സിനെപ്പറ്റി കാള്‍ ബെന്‍സ് പിന്നീട് എഴുതി: 'മുങ്ങുമെന്ന് ഉറപ്പാണെന്ന് കരുതിയ സമയത്തുപോലും തന്റെ ജീവിതമെന്ന കപ്പലില്‍ കൂടെ ഉണ്ടായിരുന്നത് ഒരേയൊരാള്‍ മാത്രമാണ്. തന്റെ ഭാര്യ ആയിരുന്നു അത്. ദൃഢനിശ്ചയത്തോടെയും ധൈര്യത്തോടെയും പ്രതീക്ഷയുടെ പുതിയ തീരത്തേക്ക് അവര്‍ അതിനെ എത്തിച്ചു.'

1906-ല്‍ ബെന്‍സ് ആന്‍ഡ് സണ്‍സ് എന്നപേരില്‍ കാള്‍ ബെന്‍സ് കുടുംബ ബിസിനസ് ആരംഭിച്ചു. പിന്നീട് ദീര്‍ഘകാലത്തെ പരിശ്രമത്തിലൂടെ ബെന്‍സ് കാറുകളുടെ വിജയം ഉറപ്പാക്കിയ ശേഷം 1929-ലാണ് കാള്‍ ബെന്‍സ് അന്തരിക്കുന്നത്. 1944-ല്‍ ബെര്‍ത്ത ബെന്‍സും ലോകത്തോട് വിടപറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന വീട് സന്നദ്ധ സംഘടനയായ ഡെയിംലര്‍ ആന്‍ഡ് ബെന്‍സ് ഫൗണ്ടേഷന്റെ ആവശ്യങ്ങള്‍ക്കായാണ് ഇന്ന് ഉപയോഗിക്കുന്നത്.