ഇന്ത്യയുടെ റോഡുകൾ കേവലം രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനേക്കാൾ ഉപരിയായി, പല തരത്തിൽ നമ്മുടെ യാത്രാരീതികളെ പുനർനിർവചിക്കുന്ന ചില എഞ്ചിനീയറിങ് വിസ്മയങ്ങളാൽ സമ്പന്നമാണ്. നദികൾക്കും കടലുകൾക്കും താഴ്‌വരകൾക്കും കുറുകെ നീണ്ടുകിടക്കുന്ന കൂറ്റൻ പാലങ്ങൾ വിദൂര പ്രദേശങ്ങളെ കൂടുതൽ അടുപ്പിക്കുകയും ദീർഘദൂര യാത്രകളെ അവിസ്മരണീയമായ സാഹസിക അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. ഇത്രയും ധീരമായ ആശയങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റിയതിനു പിന്നിലുള്ള കഠിനപ്രയത്നവും ഈ പാലങ്ങളുടെ കാഴ്ചകളും നമ്മെ അത്ഭുതപ്പെടുത്തും. ഇതിലൂടെയുള്ള യാത്രകൾ ജീവിതത്തിൽ മറക്കാനും കഴിയില്ല. യാത്രാ പ്രേമികൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അഞ്ച് പാലങ്ങൾ ഒന്നു പരിചയപ്പെടാം.
അടൽ സേതു - മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (മഹാരാഷ്ട്ര)
അറബിക്കടലിന് കുറുകെ 21 കിലോമീറ്ററിലധികം ദൂരം വാഹനമോടിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അതെ, ഈ പാലത്തിന് യഥാർഥത്തിൽ അത്രയും നീളമുണ്ട്. ഔദ്യോഗികമായി അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു എന്നറിയപ്പെടുന്ന അടൽ സേതു നൽകുന്ന അനുഭവം അവിസ്മരണീയമാണ്. 2024 ജനുവരിയിൽ തുറന്ന ഈ ആറുവരി എക്സ്പ്രസ് വേ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലവും ലോകത്തിലെ ഏറ്റവും നീളം കൂടിയ 12-ാമത്തെ പാലവുമാണ്.
ദക്ഷിണ മുംബൈയിലെ സേവ്രിയിൽനിന്ന് ആരംഭിച്ച് താനെ ക്രീക്കിന് കുറുകെ നവി മുംബൈയിലെ ചിര്‍ലെയിൽ എത്തുന്നതിന് മുൻപായി നീണ്ടുകിടക്കുന്ന ഈ എഞ്ചിനീയറിങ് വിസ്മയം. ഒരറ്റത്ത് മുംബൈ-പുണെ എക്സ്പ്രസ് വേയുമായും മറ്റേ അറ്റത്ത് കോസ്റ്റൽ റോഡുമായും നേരിട്ട് ബന്ധിപ്പിക്കുന്നു. എമർജൻസി എക്സിറ്റ് പാതകൾ, ക്രാഷ് ബാരിയറുകൾ, പ്രതിദിനം 70,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി എന്നിവയുള്ള ഇത് യാത്രക്കാരുടെ ഇഷ്ട പാതയാണ്. 17,843 കോടി ചെലവിൽ നിർമിച്ച അടൽ സേതു, മുംബൈയ്ക്കും നവി മുംബൈയ്ക്കുമിടയിലുള്ള ഏറ്റവും വേഗതയേറിയതും മനോഹരവുമായ പാതകളിലൊന്നാണ്.
കച്ചി ദർഗ-ബിദുപുർ പാലം (ബീഹാർ)
ഗംഗാ നദിക്ക് കുറുകെയുള്ള കച്ചി ദർഗ-ബിദുപുർ പാലം ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. പട്നയിലെ കച്ചി ദർഗയെയും വൈശാലി ജില്ലയിലെ ഹാജിപുരിനടുത്തുള്ള ബിദുപുരിനെയും ബന്ധിപ്പിക്കുന്ന ഈ പാലം, രണ്ട് പ്രധാന ദേശീയ പാതകളായ NH 31-നേയും NH 122B-നേയും ബന്ധിപ്പിക്കുന്നു. ഇത് വടക്കൻ ബീഹാറിനും തെക്കൻ ബീഹാറിനുമിടയിലുള്ള യാത്ര മുൻപത്തേക്കാളും സുഗമമാക്കുന്നു. പൂർത്തിയാകുമ്പോൾ, ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ ജലോപരിതല പാലമായി മാറും. ഇത് മഹാത്മാഗാന്ധി സേതു പോലുള്ള തിരക്കേറിയ പഴയ പാതകളെ ആശ്രയിക്കുന്നത് കുറയ്ക്കും. 13 കിലോമീറ്ററിലധികം നീളമുള്ള അപ്രോച്ച് റോഡുകൾ ഇതിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നു.
ധോല-സദിയ പാലം (ആസാം)
ഭൂപൻ ഹസാരിക സേതു എന്നാണ് ഈ പാലത്തിന്റെ ഔദ്യോഗിക പേര്. 9.15 കിലോമീറ്റർ നീളമുള്ള ലോഹിത് നദിക്ക് കുറുകെയുള്ള ഈ പാലം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഒരു മുതൽക്കൂട്ട് തന്നെയാണ്. ആസാമിലെ ധോലയേയും സദിയയേയും ബന്ധിപ്പിക്കുന്ന ഇത്, തൊട്ടടുത്തുള്ള അരുണാചൽ പ്രദേശിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു.
സാധാരണക്കാരുടെ യാത്രയ്ക്ക് വേണ്ടി മാത്രമല്ല, മറിച്ച് ഇന്ത്യ-ചൈന അതിർത്തിയോടുള്ള സാമീപ്യം കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ ടാങ്കുകളുടെ ഭാരം താങ്ങാൻ കഴിയുന്ന തരത്തിലാണ് ഇതിൻ്റെ നിർമാണം. വിദൂരതയിൽ ഹിമാലയത്തിന്റെ കാഴ്ചകളോടുകൂടി മനോഹരമായ നദീതീരങ്ങളിലൂടെ വാഹനമോടിക്കുന്നതിന്റെ അനുഭവം യാത്രക്കാർക്ക് ആസ്വദിക്കാം.
ദിബാങ് നദി പാലം (അരുണാചൽ പ്രദേശ്)
ദിബാങ് നദി പാലം അരുണാചൽ പ്രദേശിലാണ് സ്ഥിതിചെയ്യുന്നത്. 6.2 കിലോമീറ്റർ നീളമുള്ള ഇത് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ ജലോപരിതല പാലമാണ്. NH-13 ട്രാൻസ്-അരുണാചൽ ഹൈവേ വഴി ദംബുക്കിനും റോയിങ്ങിനുമിടയിൽ ഗതാഗത സൗകര്യം ഉറപ്പാക്കിക്കൊണ്ട്, ബോംജിർ, മാലെക് എന്നീ ഗ്രാമങ്ങളെ ഈ പാലം ബന്ധിപ്പിക്കുന്നു. 2018-ൽ ആണ് നിർമാണം പൂർത്തിയാക്കിയത്. ഇന്ത്യയുടെ പ്രതിരോധ സേനകൾക്കും ഇതിലൂടെ തന്ത്രപരമായ വലിയ പ്രാധാന്യമുണ്ട്. സാധാരണക്കാർക്ക് അരുണാചൽ പ്രദേശിലെ വിദൂര പ്രദേശങ്ങളിലേക്ക് സുഗമമായ യാത്രയും ഇത് സാധ്യമാക്കുന്നു.
മഹാത്മാ ഗാന്ധി സേതു (ബിഹാർ)
പുതിയ ഭീമൻ പാലങ്ങൾ വരുന്നതിന് മുൻപ്, പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന കിരീടം മഹാത്മാ ഗാന്ധി സേതുവിനായിരുന്നു. 1982-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത 5.75 കിലോമീറ്റർ നീളമുള്ള ഈ പാലം പട്നയെ ഗംഗയ്ക്ക് കുറുകെ ഹാജിപുരുമായി ബന്ധിപ്പിക്കുന്നു. വർഷങ്ങളോളം, ഇത് ബീഹാറിന്റെ റോഡ് വികസനത്തിന്റെ പ്രതീകവും വടക്കൻ, തെക്കൻ ബീഹാറിനിടയിലുള്ള വ്യാപാരത്തിനും യാത്രയ്ക്കുമുള്ള ഒരു ജീവനാഡിയുമായിരുന്നു.
കാലപ്പഴക്കം പാലത്തെ ബാധിച്ചെങ്കിലും, സമീപകാല പുനരുദ്ധാരണ പദ്ധതി ഇതിന് ഒരു പുതിയ മുഖം നൽകി. പഴയ ഘടനകൾക്ക് പകരം പുതിയ സ്റ്റീൽ ട്രസ്സുകൾ സ്ഥാപിച്ചു. ഇന്നും ആയിരക്കണക്കിന് വാഹനങ്ങൾക്ക് സേവനം നൽകിക്കൊണ്ട് ഇന്ത്യൻ എഞ്ചിനീയറിങ്ങിന്റെ വിസ്മയമായി ഈ പാലം തലയുയർത്തി നിൽക്കുന്നു.
Content Highlights: Explore India`s engineering marvels with a road trip across these 5 longest bridges
Published: 27 Aug 2025, 06:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented