രാഗേഷും സഹായികളായി അനുജന് മനീഷ് കുമാറും ബന്ധു രഞ്ജിത്തും ഹാന്ഡ് കണ്ട്രോളര് നാനോകാറിലും സൂരജും ഭാര്യ സൗമ്യയും മുച്ചക്ര സ്‌കൂട്ടിയിലുമാണ് നേപ്പാള്വരെയെത്തി മടങ്ങിയത്.

പൊയിനാച്ചി: പൊതുയിടങ്ങൾ ഭിന്നശേഷിക്കാർക്കുകൂടി ഉള്ളതാണെന്ന പൊതുബോധം നൽകാൻ അരയ്ക്കുതാഴെ തളർന്ന രണ്ടുപേർ 12,000 കിലോമീറ്റർ അന്താരാഷ്ട്ര യാത്രചെയ്ത് തിരിച്ചെത്തി. പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു 61 ദിവസത്തെ സഞ്ചാരമെങ്കിലും മനസ്സിൽ ആഗ്രഹിച്ചത് നാല് ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ടിവന്നില്ലെന്ന സന്തോഷമാണ് മയിലാട്ടി കൂട്ടപ്പുന്നയിലെ കെ. രാഗേഷിനും കൊടുങ്ങല്ലൂരിലെ സൂരജിനും.
രാഗേഷും സഹായികളായി അനുജൻ മനീഷ് കുമാറും ബന്ധു രഞ്ജിത്തും ഹാൻഡ് കൺട്രോളർ നാനോകാറിലും സൂരജും ഭാര്യ സൗമ്യയും മുച്ചക്ര സ്‌കൂട്ടിയിലുമാണ് നേപ്പാൾ വരെയെത്തി മടങ്ങിയത്. നട്ടെല്ലിനെ ബാധിച്ച അർബുദമാണ് രാഗേഷിന് നെഞ്ചിന് കീഴെ ചലനശേഷി നഷ്ടപ്പെടുത്തിയത്. സൂരജിനെ 13 വർഷം മുൻപുണ്ടായ വാഹനാപകടമാണ് ജീവിതം മുച്ചക്രവാഹനത്തിലാക്കിയത്.
ജനുവരി 15-ന് തൃശ്ശൂരിൽനിന്ന് ആരംഭിച്ച യാത്ര കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് വഴി ഭൂട്ടാനിലെത്തി. തിരിച്ച് സിക്കിമിൽ കയറി സിലിഗുരി, ഡാർജിലിങ് പ്രദേശങ്ങൾ സന്ദർശിച്ച് നേപ്പാളിൽ ഒൻപതുദിവസം. കാഠ്മണ്ഡു മേയർ ഹരിഗോവിന്ദിന്റെ ആദരവും ഇവർക്ക് ലഭിച്ചു.
30 കിലോമീറ്റർ പുഴയിലൂടെയുള്ള യാത്ര പ്രയാസപ്പെടുത്തിയെങ്കിലും ആസ്വദിച്ചുവെന്ന് രാഗേഷ് പറയുന്നു. ഉത്തർപ്രദേശും മധ്യപ്രദേശും മഹാരാഷ്ട്രയും ഗോവയും കർണാടകയും സഞ്ചരിച്ചാണ് ഒടുവിൽ കാസർകോട്ടേക്ക് മടങ്ങിയെത്തിയത്. വൈകല്യം കഴിവുകേടല്ല എന്ന് തെളിയിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. മലയാളികൾ ഉൾപ്പെടെ മറ്റുസംസ്ഥാനങ്ങളിലെ കാരുണ്യംനിറഞ്ഞ എത്രയെത്ര കരങ്ങളാണ് ഞങ്ങൾക്ക് നേരേ നീട്ടിയത്. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്ത പിന്തുണയാണ് ഇന്ത്യയ്ക്കകത്തുനിന്നും നേപ്പാളിൽനിന്നും കിട്ടിയത്.
വിവിധ സംസ്ഥാനങ്ങളിലെ റോട്ടറി ക്ലബുകൾ, റെഡ് ക്രോസ് സൊസൈറ്റി, മലയാളി അസോസിയേഷൻ, മലയാളി സമാജം, ചർച്ചുകൾ, ബിഷപ്പ് ഹൗസ്, ഡോൺ ബോസ്‌കോ സ്‌കൂൾ, ലിറ്റിൽ ഫ്‌ലവർ സ്‌കൂൾ അങ്ങനെ നീളുന്നു ആ സഹായഹസ്തങ്ങൾ. മുൻപ് നാനോ കാറിൽ കശ്മീരിലെ ലഡാക്ക് വരെ യാത്ര ചെയ്ത രാഗേഷ് 'അയനം: അതിജീവനത്തിന്റെ സഞ്ചാരപഥങ്ങൾ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് വില്പനയാണ് ജീവിതോപാധി.
അസമിലെ സിലിച്ചറിൽ നിന്ന് മണിപ്പുരിലെ ഇംഫാലിലേക്കുള്ള യാത്ര മറക്കാൻ പറ്റാത്ത ഒരനുഭവമായിരുന്നു. വളരെ ദുർഘടം പിടിച്ച വഴി. റോഡാണോ തോടാണോ എന്നറിയാത്ത അവസ്ഥ. മിലിട്ടറിയുടെ എൻട്രി പാസ് എടുത്തു വേണം മണിപ്പുരിലേക്ക് പ്രവേശിക്കാൻ. വനത്തിലൂടെ 60 കി.മീറ്ററോളം യാത്ര. ഒരു വാഹനം പോലും എതിരെ കാണാനില്ല. വൈകീട്ട് 4.45-ന് സൂര്യനസ്തമിച്ചുതുടങ്ങും. ആറുമണിയോടെ നല്ല ഇരുട്ടുപരന്നു.
കുറെയെത്തിയപ്പോൾ റോഡിൽ കല്ല് നിരത്തി തടസ്സമുണ്ടാക്കിയിരിക്കുന്നു. ഏഴുമണിയോടുകൂടി ഒരു താഴ്വരയിലെത്തി. പെട്ടെന്ന് തോക്കുധാരികളായ മൂന്നുപേർ ഞങ്ങളുടെ വാഹനത്തിന് മുൻപിലേക്ക് ചാടി വീണു. വെളിച്ചം അണക്കാൻ നിർദേശിച്ചു. വാഹനം മുന്നോട്ടെടുക്കണമെങ്കിൽ പണം നൽകണം. പലതും പറഞ്ഞുനോക്കി. രക്ഷയില്ല. ഒടുവിൽ അവർ ആവശ്യപ്പെട്ട ചെറിയ തുക നൽകി. റോഡരികിലെ ഷെഡിൽ അവിടെ ഒരുപാട് പേർ ഇരിക്കുന്നു, സ്ത്രീകൾ ഉൾപ്പെടെ. അത് പോലീസും പട്ടാളക്കാരുമായിരുന്നില്ല. - രാഗേഷ് കൂട്ടപ്പുന അനുഭവങ്ങൾ പങ്കുവെക്കുകയാണ്.
Content Highlights: Two physically challenged individuals traveled 12,000km across 61 days., The journey covered India, Bhutan, and Nepal to promote disability awareness., Used modified vehicles (Nano car and tri-scooter) to overcome mobility barriers., Highlighted the kindness of strangers and organizations during the expedition., The trip aimed to prove that disability is not an inability to achieve dreams.
Published: 28 Mar 2026, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented