
പാലക്കാട്: ലണ്ടനിൽനിന്ന് കേരളത്തിലേക്ക് കാറോടിച്ച് എത്തുക അത്ര എളുപ്പമല്ല. 2023 ജൂലായ് 26-ന് ലണ്ടനിൽനിന്നാരംഭിച്ച് 47 ദിവസങ്ങൾക്കുശേഷം കേരളത്തിന്റെ മണ്ണിൽ നിൽക്കുമ്പോൾ രാജേഷ് കൃഷ്ണയുടെ മുഖത്ത് ലക്ഷ്യം നേടിയതിന്റെ സന്തോഷം. 19 രാജ്യങ്ങൾ, 75-ലധികം പ്രധാനപ്പെട്ട നഗരങ്ങൾ, നൂറുകണക്കിന് മനുഷ്യർ, വ്യത്യസ്തസംസ്കാരങ്ങൾ, വൈവിധ്യമുള്ള ഭക്ഷണം... രാജ്യാതിർത്തികൾ പിന്നിട്ട് പലപല കാഴ്ചകളിലൂടെയായിരുന്നു 47 ദിവസത്തെ രാജേഷ് കൃഷ്ണയുടെ യാത്ര.
അർബുദം ബാധിച്ചുമരിച്ച, കുടുംബസുഹൃത്തിന്റെ മകൻ ബാക്കിവെച്ചുപോയ ആഗ്രഹം സാധിക്കാൻകൂടിയായിരുന്നു യാത്ര. റയാന്റെ പേരിലുള്ള ചിൽഡ്രൻസ് ചാരിറ്റി സംഘടനയ്ക്കും കോഴിക്കോട്ടുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടനയ്ക്കും ആവശ്യമായ തുക കണ്ടെത്താനുള്ള യാത്രയിൽ, സാമൂഹികമാധ്യമങ്ങൾ വഴി സമാഹരിച്ച സാമ്പത്തിക സഹായങ്ങൾ നേരിട്ടാണ് രോഗികളുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നത്. പാശ്ചാത്യരാജ്യങ്ങളും അറബ് രാജ്യങ്ങളും കടന്ന് ഇന്ത്യയിലെത്തുമ്പോൾ എടുത്ത ചിത്രങ്ങളേക്കാളും കണ്ടുകഴിഞ്ഞ കാഴ്ചകളേക്കാളും മനോഹരമായ ദൃശ്യങ്ങളാണ് മനസ്സിലെന്ന് രാജേഷ് പറയുന്നു. ഇതിൽ വേദനിപ്പിച്ചത് ടർക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ ദൃശ്യങ്ങളാണ്.
ഇംഗ്ലണ്ട്, ഫ്രാൻസ്, ബെൽജിയം, ജർമനി, ലക്സംബർഗ്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സ്വിറ്റ്സർലൻഡ്, ബൾഗേറിയ, ഗ്രീസ്, ടർക്കി, ഇറാൻ, തുർക്‌മെനിസ്താൻ, ഉസ്ബെക്കിസ്താൻ, കിർഗിസ്താൻ, ചൈന, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ 20,000 കിലോമീറ്റർ താണ്ടിയായിരുന്നു രാജേഷിന്റെ യാത്ര.
കിർഗിസ്താനിൽ സുരക്ഷാപ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ തടസ്സമൊഴികെ മറ്റൊന്നും യാത്രയെ ബാധിച്ചില്ല. പത്തനംതിട്ട വാര്യാപുരം സ്വദേശിയാണ്. ഭാര്യ അരുണനായർ ലണ്ടനിൽ കാൻസർ റിസർച്ച് സെന്ററിൽ ജോലിചെയ്യുന്നു.
Content Highlights: london to kerala car trip
Published: 12 Sept 2023, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented