ജാപ്പനീസ് ഭാഷയിൽ ‘നിപ്പോൺ’ എന്ന പദത്തിന്റെ അർഥം ‘ഉദയസൂര്യൻ’ എന്നാണ്. 25 വർഷങ്ങൾക്കു മുൻപ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ കേരളത്തിലെ ആദ്യ ഡീലർഷിപ്പിനു തുടക്കംകുറിക്കുമ്പോൾ എം.എ.എം. ബാബു മൂപ്പൻ എന്ന വ്യവസായി തന്റെ സംരംഭത്തിന് തിരഞ്ഞെടുത്ത പേരും അതു തന്നെയായിരുന്നു, ‘നിപ്പോൺ’. 2000 ജനുവരിയിൽ തുടങ്ങിയ ആ യാത്രയിൽ നിപ്പോൺ മോട്ടോർ കോർപ്പറേഷൻ ഇതുവരെ വിറ്റ ടൊയോട്ട കാറുകളുടെ എണ്ണം ഒന്നരലക്ഷം കടന്നു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ ടൊയോട്ടയുടെ ഷോറൂമുകളും സർവീസ് സെന്ററുകളുമൊക്കെയായ 42 കേന്ദ്രങ്ങളാണ് നിപ്പോണിനുള്ളത്. ടി-സ്പർശ് എന്ന ചെറു ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയാണ് ഇത്.
കേരളത്തിൽ മാരുതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ടൊയോട്ടയെ വളർത്തിയത് നിപ്പോണിന്റെ മികവ് കൊണ്ടായിരുന്നു. ദേശീയതലത്തിൽ അഞ്ചാം സ്ഥാനത്തുള്ള ടൊയോട്ടയ്ക്ക് രണ്ടാം സ്ഥാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഇതോടെ കേരളം മാറി. ഉപഭോക്തൃ സംതൃപ്തിയിൽ ഒന്നാംസ്ഥാനത്തും. ആദ്യമെത്തുന്ന ഉപഭോക്താക്കളിൽ 84.7 ശതമാനം പേരും വീണ്ടും തുടർച്ചയായി സർവീസിനായി നിപ്പോണിൽ തന്നെയെത്തുന്നു.
ബാബു മൂപ്പന്റെ സംരംഭ യാത്ര തുടങ്ങുന്നത് ശരിക്കും 1983-ലാണ്, മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന കാലത്ത്. സർക്കാർ എ ക്ലാസ് കോൺട്രാക്ടറായ പിതാവ് എം.എ. മൂപ്പനാണ് മകന്റെ പേരിൽ കോൺട്രാക്ട് ലൈസൻസ് നേടിക്കൊടുത്തത്. കൊച്ചി പനങ്ങാട് ഫിഷറീസ് കോളേജ് കെട്ടിടത്തിന്റെ നിർമാണക്കരാർ നേടിക്കൊണ്ടായിരുന്നു തുടക്കം. ഹൗസിങ് ബോർഡിന്റെ ഫ്ലാറ്റുകളുടെ നിർമാണക്കരാറായിരുന്നു പിന്നീട് നേടിയത്. അത് വിജയകരമായി പൂർത്തിയാക്കിയതോടെ സ്വന്തം നിലയിൽ ഫ്ലാറ്റുകളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും നിർമാണ രംഗത്തേക്ക് ചുവടുവെച്ചു, ‘എക്സ്പ്രസ് ബിൽഡേഴ്‌സ്’ എന്ന പേരിൽ. കൊച്ചിയിൽ അക്കാലത്തെ ഏറ്റവും ഉയരമേറിയ ഫ്ലാറ്റ് സമുച്ചയമായ ‘എക്സ്പ്രസ് എസ്റ്റേറ്റ്’ ഉൾപ്പെടെ നിരവധി പദ്ധതികൾ....
വാഹനക്കമ്പക്കാരനായ ബാബു മൂപ്പന് ഇതിനിടെ കാർ ഡീലർഷിപ്പ് തുടങ്ങണമെന്ന ആഗ്രഹം മൊട്ടിട്ടു. 96-ൽ മാരുതിയുടെ ഡീലർഷിപ്പ് തുടങ്ങാനായിരുന്നു പ്ലാനെങ്കിലും അന്ന് ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനിയായിരുന്ന അമേരിക്കയിലെ ജനറൽ മോട്ടോഴ്‌സിന്റെ (ജിഎം) ഡീലർഷിപ്പ് ലഭിച്ചതോടെ അത് സ്വീകരിക്കുകയായിരുന്നു. എറണാകുളം ലിസി ജങ്ഷനിൽ എസ്ആർഎം റോഡിലായിരുന്നു ആദ്യ ഷോറൂം, ‘ജീയെം’ എന്ന പേരിൽ. ഓപ്പൽ ആസ്ട്ര കാറുകളായിരുന്നു തുടക്കത്തിൽ വിറ്റത്. ജനറൽ മോട്ടോഴ്‌സിന്റെ മികച്ച ഡീലർക്കുള്ള അന്താരാഷ്ട്ര ഗ്രാൻഡ് മാസ്റ്റർ പുരസ്‌കാരം തുടർച്ചയായി 13 വർഷം നേടി ആഗോള ശ്രദ്ധ നേടി. ജിഎം ഇന്ത്യൻ വിപണിയിൽനിന്ന് പിൻമാറിയതുവരെ ഡീലർഷിപ്പ് തുടർന്നു.
ഇതിനിടെ, 2000-ൽ ടൊയോട്ടയുടെ ഡീലർഷിപ്പ് കൂടി നേടിയതോടെയാണ്, വാഹന ഡീലർഷിപ്പ് ബിസിനസാണ് തന്റെ വഴിയെന്ന് ബാബു മൂപ്പൻ തീരുമാനിച്ചത്. അങ്ങനെയായിരുന്നു ‘നിപ്പോൺ മോട്ടോർ കോർപ്പറേഷൻ’ എന്ന കമ്പനിക്ക് തുടക്കംകുറിച്ചത്. അതു വൻ വിജയമായതോടെ, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി ഭാരത് ബെൻസ് (ഡെയ്‌മലർ ഇന്ത്യ) ട്രക്കുകളുടെയും ബസുകളുടെയും വിപണനത്തിനായി 2012-ൽ ഓട്ടോബാൻ എന്ന സംരംഭത്തിനും തുടക്കംകുറിച്ചു. കിയ കാറുകളുടെ വിൽപ്പനയ്ക്കായി 2019-ൽ ഇഞ്ചിയോൺ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സിന്റെ കാറുകളുടെ വിൽപ്പനയ്ക്കായി 2022-ൽ ലക്‌സോൺ മോട്ടോഴ്‌സ് എന്നിവയും തുടങ്ങി. ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡായ ലക്‌സസിന്റെ ഡീലർഷിപ്പുമുണ്ട്. ഇതിനുപുറമേ, ടാറ്റാ ഹിറ്റാച്ചി, ഏഥർ ഇലക്ട്രിക് സ്‌കൂട്ടർ തുടങ്ങിയവയുടെ ഡീലർഷിപ്പുകളുമുണ്ട്.
ഇതുവരെ വിറ്റത് മൂന്ന് ലക്ഷം വാഹനങ്ങൾ
എല്ലാ ബ്രാൻഡുകളിലുമായി ഇതിനോടകം മൂന്നു ലക്ഷത്തിനടുത്ത് വാഹനങ്ങളാണ് നിപ്പോൺ ഗ്രൂപ്പ് വിറ്റത്. വാർഷിക വിറ്റുവരവ് 8,000 കോടി രൂപ. ജീവനക്കാരുടെ എണ്ണം 8,000. 2025-26 സാമ്പത്തിക വർഷം അരലക്ഷം വാഹനങ്ങളുടെ വിൽപ്പനയും 10,000 കോടി രൂപയുടെ വിറ്റുവരവുമാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി കളമശ്ശേരിയിൽ ദേശീയ പാതയോരത്ത് കപ്പലിന്റെ മാതൃകയിൽ തലയെടുപ്പോടെ നിൽക്കുന്ന നിപ്പോൺ ടവേഴ്‌സിൽ ഇരുന്ന് നിപ്പോൺ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ ‘മാതൃഭൂമി’യോട് പറഞ്ഞു.
ദുബായിയിൽ ‘ഡോർസ്’ എന്ന പേരിൽ ആഡംബര റസ്റ്ററന്റ് ശൃംഖലയും ഗ്രൂപ്പിനു കീഴിലുണ്ട്. ട്രിപ്പ് അഡ്വൈസറിൽ ദുബായിയിലെ ഏറ്റവും മികച്ച റസ്റ്ററന്റാണ് ദുബായ് മാളിലുള്ള ‘ഡോർസ്’. കൊച്ചിയിൽ പാലാരിവട്ടം ബൈപ്പാസിൽ ‘ക്യു വൺ’ എന്ന പേരിൽ അത്യാധുനിക ഓഫീസ് സമുച്ചയവുമുണ്ട്. കൊച്ചിയിൽത്തന്നെ കണ്ടെയ്‌നർ റോഡിലും നെട്ടൂരിലും ഓഫീസ് സമുച്ചയങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഭാര്യ സെബാ ബാബു മൂപ്പനാണ് ഗ്രൂപ്പ് വൈസ് ചെയർമാൻ. മൂത്ത മകൾ സഹലയുടെ ഭർത്താവ് മുഹമ്മദ് ഫർസാദ് ‘ഓട്ടോബാൻ’, രണ്ടാമത്തെ മകൾ സാനിയയുടെ ഭർത്താവ് ആതിഫ് മൂപ്പൻ ‘ലക്‌സോൺ ടാറ്റ’, ഇളയ മകൾ ഷാദയുടെ ഭർത്താവ് നയീം ഷാഹുൽ ‘ഇഞ്ചിയോൺ കിയ’ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ബാബു മൂപ്പന്റെ തന്നെ നേതൃത്വത്തിൽ 2007-ൽ നിർമിച്ച കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിനു സമീപമാണ് താമസം.
Content Highlights: From construction to cars, Nippon`s journey with Toyota transformed Kerala`s auto market
Published: 18 Aug 2025, 09:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented