
മൺസൂൺ കാലത്തെ കാർ യാത്രകൾ പോലെ സന്തോഷം തരുന്ന മറ്റൊന്നുമില്ല. അതും ഒരു ലോങ് ഡ്രെെവാണെങ്കിലോ? ഇരട്ടിമധുരം. അതുകൊണ്ടുതന്നെ ഹോണ്ട കാർസ് ഇന്ത്യയുടെ ഡ്രൈവ് ടു ഡിസ്കവറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കൊച്ചിയിൽ നിന്നും ആരംഭിച്ച് അതിരപ്പിള്ളി, മൂന്നാർ, കൊടെെക്കനാൽ എന്നീ ഡെസ്റ്റിനേഷനുകൾ കവർ ചെയ്ത് കോയമ്പത്തൂരിൽ അവസാനിക്കുന്ന, നാല് ദിവസത്തെ മൺസൂൺ ഡ്രെെവ്. ജൂൺ 26ന് ആരംഭിച്ച് 29 വരെയായിരുന്നു ഹോണ്ടയുടെ ഈവന്റ്.
അറിയാത്തവർക്കായി പറയാം. ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്സംഘടിപ്പിക്കുന്ന ഒരു വാർഷിക ഡ്രൈവ് ഇവന്റാണ് ഡ്രൈവ് ടു ഡിസ്കവർ. ഹോണ്ട പുറത്തിറക്കുന്ന കാറുകളുടെ കരുത്ത്, മികവ്, വിശ്വാസ്യത എന്നിവ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തുന്നത്.
അങ്ങനെ ഡ്രെെവ് ടു ഡിസ്കവറിന്റെ ഭാഗമായി കേരളത്തിലൂടെയും തമിഴ്‌നാട്ടിലൂടെയും 500-ലധികം കിലോമീറ്ററുകൾ സഞ്ചരിച്ച്, പ്രകൃതിരമണീയമായ വഴികളിലൂടെ, പച്ചപ്പു നിറഞ്ഞ ഹെയർപിൻ റോഡുകളിലൂടെയും അവിസ്മരണീയമായ ഒരു യാത്ര നടത്താൻ സാധിച്ചു. ആ യാത്രയുടെ അനുഭവങ്ങളിലൂടെ...
ഡേ 1 - കൊച്ചി ടു അതിരപ്പിള്ളി
കാർ: ഹോണ്ട അമേസ്
കൊച്ചിയിൽ നിന്ന് ജൂൺ 26ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ഫ്ലാഗ് ഓഫ്. ഇന്ത്യയിലെ നാൽപ്പതിലധികം ഓട്ടോ ജേണലിസ്റ്റുകൾക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. കൂട്ടത്തിൽ മലയാളികളായിയുണ്ടായിരുന്നത് സുഹൃത്തുക്കളായ വിവേകും മനു കുര്യനുമായിരുന്നു. ആദ്യ ദിവസം കൊച്ചിയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് പോകാൻ ഞങ്ങൾക്ക് ലഭിച്ചത് ഹോണ്ട അമേസ് ആണ്. ആദ്യ ദിവസത്തെ ഡ്രൈവ് ഞാൻ എന്ന ധാരണയിലെത്തി ഡ്രെെവിങ് സീറ്റിൽ സ്ഥാനം പിടിച്ചു. കൊച്ചി വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടൽ പാർക്കിങ്ങിൽ നിന്നാണ് ഞങ്ങളുടെ യാത്ര ആരംഭിച്ചത്. ചെറിയ മഴയത്തായിരുന്നു ഫ്ലാഗ് ഓഫ്. ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹലായിരുന്നു ഇവന്റ് ഫ്ലാഗ് ഓഫ് ചെയ്തത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വന്യതയും മൂന്നാറിന്റെ മൂടൽമഞ്ഞും കൊടൈക്കനാലിന്റെ തണുത്ത കാറ്റുമൊക്കെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
പുതിയ ഹോണ്ട അമേസ് മൺസൂൺ കാലാവസ്ഥയ്ക്ക് പറ്റിയ വാഹനമായിട്ടാണ് എനിക്ക് തോന്നിയത്. ഒതുക്കമുള്ള കൈകാര്യം ചെയ്യാൻ എളുപ്പമുള്ള വാഹനം. വെെകുന്നേരം അഞ്ചര മണിയോടെ അതിരപ്പിള്ളിയിലെത്തി. അന്നത്തെ യാത്ര അവിടെ അവസാനിപ്പിച്ചു. ഒന്ന് ഫ്രഷായി ചായയും കുടിച്ച് ചെറിയ മഴയത്ത് കുടയും ചൂടി ഞങ്ങൾ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനിറങ്ങി. മഴക്കാലത്ത് ആതിരപ്പിള്ളിക്ക് വന്യ ഭാവമാണ്. നോക്കി നിൽക്കുമ്പോൾ ഒരേ സമയം അത്ഭുതവും ഭീതിയും ജനിപ്പിക്കുന്ന ഒന്ന്. എത്ര നോക്കി നിന്നാലും മതിവരാത്ത കാഴ്ചകളിലൊന്ന്. മതിയാവോളം ആസ്വദിച്ച് രാത്രി ഭക്ഷണവും കഴിഞ്ഞ് അന്നത്തെ പരിപാടി അവസാനിപ്പിച്ച് ഞങ്ങൾ റൂമുകളിലേക്ക് മടങ്ങി.
ഡേ 2 - അതിരപ്പിള്ളി ടു മൂന്നാർ
കാർ: ഹോണ്ട എലിവേറ്റ്
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച് പാർക്കിങ്ങിലെത്തിയപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് ഹോണ്ട എലിവേറ്റാണ്. ഇന്നത്തെ ഞങ്ങളുടെ സാരഥി മനു ആണ്. ഞാൻ പിൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. 11 മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. അതിരപ്പിള്ളിയിൽ നിന്ന് മൂന്നാറിലേക്കുള്ള വഴി ഹെയർപിൻ വളവുകൾ നിറഞ്ഞതാണ്. മാത്രമല്ല കുറച്ച് ഫോട്ടോ എടുക്കാൻ റോഡിൽ നിന്ന് മാറി കല്ലും മണ്ണും നിറഞ്ഞ വഴികളിലൂടെയുമെല്ലാം ഡ്രെെവ് ചെയ്തു. എലിവേറ്റിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മികച്ച എഞ്ചിനും യാത്രയെ കൂടുതൽ സുഖകരമാക്കിയെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ അത്തരം ഓഫ് റോഡുകളും ഞങ്ങൾ പരീക്ഷിച്ചു.
വെെകുന്നേരം 4 മണിയോടെ മൂന്നാറിൽ എത്തിയപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. അന്നത്തെ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ റൂമിലേക്ക് പോയി. രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും ഒത്തുകൂടി. പാട്ടും ഡാൻസും തമാശകളുമായി ഏറെ വെെകിയും ക്യാമ്പ് ഫയറിന് മുന്നിൽ ആൾക്കാരുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ഡ്രെെവ് ചെയ്യണമെന്നുള്ളതുകൊണ്ടും ക്ഷീണമുള്ളതുകൊണ്ടും ഞങ്ങൾ അന്ന് നേരത്തെ റൂമുകളിലേക്ക് മടങ്ങി.
ഡേ 3 - മൂന്നാർ ടു കൊടൈക്കനാൽ (ഗ്യാപ് റോഡ് വഴി)
കാർ: അഞ്ചാം തലമുറ ഹോണ്ട സിറ്റി (മാനുവൽ)
മൂന്നാം ദിനം രാവിലെ ഭക്ഷണം കഴിച്ച് പത്ത് മണിയേടെ യാത്ര ആരംഭിച്ചു. ഇന്ന് ഞങ്ങൾക്ക് കിട്ടിയത് ഹോണ്ട സിറ്റിയാണ്. ഡ്രെെവിങ് സീറ്റിൽ ഇന്ന് വിവേകിന്റെ ഊഴമായിരുന്നു. ഈ ദിവസങ്ങളിൽ എനിക്ക് ഏറ്റവും ആവേശം തോന്നിയത് അന്നായിരുന്നു. — ഗ്യാപ് റോഡ് തന്നെ ഒരു അത്ഭുതമാണ്. ഹോണ്ട സിറ്റിയിൽ ഈ വഴിയിലൂടെ ഓടിക്കുന്നത് തന്നെ ഒരു രസമാണ്. ക്ലാസിക് റൂട്ടിൽ ഒരു ക്ലാസിക് കാർ. അടിപൊളി. ഗ്യാപ് റോഡിലെ ഓരോ വളവും ആസ്വദിച്ച് ഞങ്ങൾ ഡ്രെെവ് ചെയ്തു. ഡ്രൈവ് മാത്രമായിരുന്നില്ല, അതൊരു അനുഭവമായിരുന്നു.
തണുത്ത കാലാവസ്ഥയും യൂക്കാലിപ്റ്റസ് സുഗന്ധമുള്ള കാറ്റുമായി കൊടൈക്കനാൽ ഞങ്ങളെ സ്വാഗതം ചെയ്തു. ഒരു ദിവസം മുഴുവനുമുള്ള ഡ്രെെവിന് ശേഷം തടാകത്തിന് സമീപം വാഹനം നിർത്തി വിവേകിനും മനുവിനുമൊപ്പം വേണ്ടുവേളം കൊടെെക്കനാലിന്റെ ഭംഗി ആസ്വദിച്ചു. അതിന് ശേഷം പതിവ് പോലെ റൂമിലെത്തി വിശ്രമം. ചായ കുടിച്ച് ക്ഷീണം മാറ്റാൻ നന്നായി ഒന്നുറങ്ങി എഴുന്നേറ്റ് വീണ്ടും ഞങ്ങൾ കൊടെെക്കനാലിലെ ഇടുങ്ങിയ വഴികളിലൂടെ ഒരു ഡ്രെെവ് പോയി. രാത്രി തിരികെയെത്തുമ്പോൾ ഹോട്ടലിൽ ക്യാമ്പ് ഫയർ തുടങ്ങിയിരുന്നു. ഡ്രെെവ് ടു ഡിസ്കവർ ഇവന്റിലെ അവസാന രാത്രിയായിരുന്നു അത്. അതുകൊണ്ടുതന്നെ യാത്ര പറച്ചിലിന്റെ കൂടി നേരമായിരുന്നു. പലർക്കും പിറ്റേന്ന് രാവിലെ ഫ്ലെെറ്റുമുണ്ട്. ഏറെ വെെകിയാണ് അന്ന് ഞങ്ങൾ ഉറങ്ങാൻ പോയത്.
ഡേ 4 - കൊടെെകനാൽ ടു കോയമ്പത്തൂർ
കാർ: ഹോണ്ട അമേസ് (മാനുവൽ)
അവസാന ദിവസം — അന്നത്തെ കാർ ഹോണ്ട അമേസ് മാനുവൽ ആയിരുന്നു. യാത്രയെ അത് പൂർണ്ണതയിലെത്തിച്ചു. കോയമ്പത്തൂരിലേക്കുള്ള യാത്ര രാവിലെ 11 മണിക്ക് തന്നെ ആരംഭിച്ചു. ആദ്യ ദിവസത്തെ സിവിടി പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ മാനുവൽ കൂടുതൽ എൻഗേജിങ് ആയിരുന്നു. പ്രത്യേകിച്ച് മലയിറങ്ങുന്ന സമയത്തെ ഹെയർപിൻ വളവുകളിൽ.
മൂടൽമഞ്ഞുള്ള ഹെയർപിൻ റോഡുകളുടെയും നല്ല വെയിലുള്ള ഗ്രാമീണ പ്രദേശങ്ങളുടെയും മിശ്രിതമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഞങ്ങൾ കോയമ്പത്തൂരിനടുത്തെത്തിയപ്പോൾ വീണ്ടും ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. അവസാന ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴേക്കും എന്തോ ഒരു വിഷമം ഉള്ളിൽ കൂടിയതുപോലെ തോന്നി. കഴിഞ്ഞ നാല് ദിവസങ്ങൾ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടക്കാനുള്ള ഓർമകൾ തന്ന ഒരു യാത്ര. പുതിയ സുഹൃത്തുക്കൾ, പുതിയ അനുഭവങ്ങൾ, പുതിയ വഴികൾ. എല്ലാംകൊണ്ടും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു ഹോണ്ടയുടെ ഡ്രെെവ് ടു ഡിസ്കവറിന്റെ ഈ പതിപ്പ്.
Content Highlights: Honda Drive to Discover 2025
Published: 10 Jul 2025, 11:10 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented