ന്യൂഡൽഹി: ഇന്ത്യൻ വിപണിയിലെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ. 'ഓൾ ന്യൂ, ഓൾ ബോൾഡ്' എന്ന ആശയത്തിൽ രൂപകൽപ്പന ചെയ്ത പുതിയ എലിവേറ്റ് കൂടുതൽ ബോൾഡായ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായാണ് എത്തുന്നത്. ആഗോളതലത്തിൽ തന്നെ ആദ്യമായി ഇന്ത്യയിലാണ് പുതിയ എലിവേറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

To advertise here,

പുതിയ എലിവേറ്റിന്റെ എക്സ്റ്റീരിയർ കൂടുതൽ കരുത്തുറ്റതാക്കി മാറ്റിയിട്ടുണ്ട്. പുതിയ ബോൾഡ് മെഷ് ഗ്രിൽ, ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള അപ്പർ മോൾഡിങ്ങും ലോവർ ഫ്രണ്ട് ഗാർണിഷും, പുതിയ റഗ്ഡ് ട്രൈ-ബാർ സിഗ്‌നേച്ചർ എൽഇഡി പൊസിഷൻ ലൈറ്റുകൾ എന്നിവയാണ് മുൻവശത്തെ ആകർഷകമാക്കുന്നത്.

സൈഡിലും ഫെൻഡറിലും റിയർ ബമ്പറിലും ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്‌മെന്റ് നൽകിയിട്ടുണ്ട്. 17 ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ ക്ലിയർ ഡാർക്ക് ഫിനിഷിൽ എത്തുന്നു. പിന്നിൽ ഫുൾ വിഡ്ത് കണക്ടഡ് സിഗ്‌നേച്ചർ എൽഇഡി ടെയിൽ ലാമ്പ് ആണ് പ്രധാന ആകർഷണം. 4,312 മില്ലിമീറ്റർ നീളവും, 1,790 മില്ലിമീറ്റർ വീതിയും, 1,650 മില്ലിമീറ്റർ ഉയരവും. 2,650 മില്ലിമീറ്റർ വീൽബേസുള്ള കാറിന് 220 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നോർഡിക് ഫോറസ്റ്റ് പേൾ എന്ന പുതിയ നിറവും ഹോണ്ട അവതരിപ്പിച്ചു. സിംഗിൾ ടോണിലും ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള ഡ്യുവൽ ടോണിലും ഈ നിറം ലഭിക്കും. ആകെ ഏഴ് നിറങ്ങളിലാണ് വാഹനം ലഭിക്കുക. നോർഡിക് ഫോറസ്റ്റ് പേളിന് പുറമെ, ഒബ്‌സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റിയറോയ്ഡ് ഗ്രേ മെറ്റാലിക്, ക്രിസ്റ്റൽ ബ്ലാക്ക് പേൾ എന്നിവയാണ് മറ്റുനിറങ്ങൾ.

കാറിന്റെ അകത്തളം പൂർണമായും പരിഷ്‌കരിച്ചിട്ടുണ്ട്. പ്രീമിയം ഡ്യുവൽ ടോൺ ഐവറി-ബ്ലാക്ക് ക്യാബിൻ, സോഫ്റ്റ് ടച്ച് ഫിനിഷ്, ഗ്ലോസ് ബ്ലാക്ക് എലമെന്റുകൾ, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി എന്നിവ ഇന്റീരിയറിന് ആഡംബരമേകുന്നു. ആക്ടീവ് ഓറഞ്ച് നിറത്തിലുള്ള റാപ്പ്-എറൗണ്ട് ആംബിയന്റ് ലൈറ്റിങ്, ഇലക്ട്രോസ്റ്റാറ്റിക് ടച്ച് എൽഇഡി ക്യാബിൻ ലൈറ്റ്, ഇല്യൂമിനേറ്റഡ് വാനിറ്റി മിറർ എന്നിവ പുതുമയാണ്. മുൻനിരയിലും പിൻനിരയിലും വെന്റിലേറ്റഡ് സീറ്റുകൾ (ആക്ടീവ് വെന്റിലേഷൻ സിസ്റ്റം), ഡ്രൈവർക്ക് 8-വേയും കോ-ഡ്രൈവർക്ക് 4-വേയും പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ, വൺ-ടച്ച് ഇലക്ട്രിക് സൺറൂഫ് എന്നിവയും ഉണ്ട്.

26.03 സെന്റീമീറ്റർ (10.25 ഇഞ്ച്) ഫ്േളാട്ടിങ് ഐപിഎസ് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഓഡിയോ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 360 ഡിഗ്രി സറൗണ്ട് വിഷൻ ക്യാമറ (മൾട്ടി വ്യൂ), ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, 17.78 സെന്റീമീറ്റർ (7 ഇഞ്ച്) എച്ച്ഡി ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, പിഎം 2.5 എയർ ക്വാളിറ്റി ഇൻഡിക്കേറ്റർ, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ബ്രേക്ക് ഹോൾഡ്, 8 സ്പീക്കർ പ്രീമിയം സറൗണ്ട് സിസ്റ്റം എന്നിവ പ്രധാന ഫീച്ചറുകളാണ്.

ഹോണ്ടയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമായ ഹോണ്ട സെൻസിങ് ഇന്റലിജന്റ് എഡിഎഎസ് ടെക്‌നോളജിയിൽ ഇത്തവണ ലോ-സ്പീഡ് ഫോളോ (എൽഎസ്എഫ്) എന്ന പുതിയ ഫീച്ചർ കൂടി ചേർത്തിട്ടുണ്ട്. ഇത് സിവിടി വേരിയന്റുകളിൽ ലഭിക്കും. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ് സിസ്റ്റം (സിഎംബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിങ് അസിസ്റ്റ് സിസ്റ്റം (എൽകെഎഎസ്), ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ, ഓട്ടോ ഹൈ-ബീം എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു. ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഐസോഫിക്‌സ്, എസിഇ ബോഡി സ്ട്രക്ചർ എന്നിവയും ഉണ്ട്.

പരീക്ഷിച്ചു വിജയിച്ച 1.5 ലിറ്റർ ഐ-വിടെക് ഡിഒഎച്ച്‌സി പെട്രോൾ എൻജിനാണ് പുതിയ എലിവേറ്റിലും. 6,600 ആർപിഎമ്മിൽ 89 കിലോവാട്ട് (121 പിഎസ്) പവറും 4,300 ആർപിഎമ്മിൽ 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 7-സ്പീഡ് പാഡിൽ ഷിഫ്റ്ററുള്ള സിവിടി ഓപ്ഷനും ലഭിക്കും. മാനുവലിന് 15.31 കിലോമീറ്ററും സിവിടിക്ക് 16.61 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

പുതിയ എലിവേറ്റ് അഞ്ച് മാനുവൽ ഗ്രേഡുകളിലും (എസ്‍വി, വി, വിഎക്‌സ്, സെഡ്എക്‌സ്, സെഡ്എക്‌സ് പ്ലസ്) നാല് സിവിടി ഗ്രേഡുകളിലും (വി, വിഎക്‌സ്, സെഡ്എക്‌സ്, സെഡ്എക്‌സ് പ്ലസ്) ലഭിക്കും.

മൂന്ന് വർഷം/അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും 7 വർഷം വരെ എക്സ്റ്റൻഡഡ് വാറന്റിയും 10 വർഷം/1,20,000 കിലോമീറ്റർ വരെ എനിടൈം വാറന്റിയും ലഭിക്കും.

ഈ സാമ്പത്തിക വർഷം ഹോണ്ട ആസൂത്രണം ചെയ്ത ആറ് പ്രധാന ലോഞ്ചുകളിൽ മൂന്നാമത്തേതാണ് പുതിയ എലിവേറ്റ് എന്ന് ഹോണ്ട കാഴ്‌സ് ഇന്ത്യ പ്രസിഡന്റ് ആൻഡ് സിഇഒ തോഷിയുകി യാനഗിസാവ പറഞ്ഞു. ഫെസ്റ്റിവൽ സീസണിൽ മികച്ച മുന്നേറ്റം നടത്താൻ പുതിയ മോഡലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ എക്‌സ്-ഷോറൂം വില

എംടി - എസ്‍വി 11.80 ലക്ഷം രൂപ, വി 12.29 ലക്ഷം, വിഎക്‌സ് 13.93 ലക്ഷം, സെഡ്എക്‌സ് 15.39 ലക്ഷം, സെഡ്എക്‌സ് പ്ലസ് 16.80 ലക്ഷം, സെഡ്എക്‌സ് പ്ലസ് ബ്ലാക്ക് 16.90 ലക്ഷം.

സിവിടി - വി 13.79 ലക്ഷം രൂപ, വിഎക്‌സ് 15.39 ലക്ഷം, സെഡ്എക്‌സ് 16.89 ലക്ഷം, സെഡ്എക്‌സ് പ്ലസ് 18.30 ലക്ഷം, സെഡ്എക്‌സ് പ്ലസ് ബ്ലാക്ക് 18.40 ലക്ഷം.