സ് ഗതാഗത മേഖലയില്‍ വലിയൊരു വിപ്ലവത്തിന്റെ തുടക്കമായി വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഫ്‌ളിക് ബസ് സര്‍വീസ്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മന്‍ ബ്രാന്റായ ഫ്‌ളിക്‌സ് ആരംഭിച്ചത്. ജര്‍മനിയില്‍ ആരംഭിച്ച ഈ ബസ് സര്‍വീസ് ഇന്ന് 40 രാജ്യങ്ങളിലായി 5000 സ്ഥലങ്ങളില്‍ നാല് ലക്ഷത്തോളം റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. ഇവരുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ സ്ഥാനം പിടിച്ചത് ഇന്ത്യയാണ്. അതും ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍. 

To advertise here,

തുടക്കം

ജര്‍മന്‍ പൗരന്മാരായ ഡാനിയല്‍ ക്രൗസ്, ജോചെന്‍ എംഗര്‍ട്ട്, ആന്ദ്രേ ഷ്വാംലെയിന്‍ എന്നീ മൂന്ന് ആളുകളുടെ തലയില്‍ ഉദിച്ച ആശയമാണ് ഫ്‌ളിക് ബസ് എന്നത്. 2011-ല്‍ ജര്‍മനിയിലെ മ്യൂണിച്ചിലാണ് ഈ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഫ്‌ളിക്‌സ് മൊബിലിറ്റി എന്ന പേരിലാണ് ഈ കമ്പനി ആരംഭിക്കുന്നത്. 2021 ജൂണ്‍ മാസത്തിലെ കണക്ക് അനുസരിച്ച് 650 മില്ല്യണ്‍ ഡോളറായിരുന്നു ഫ്‌ളിക്‌സ് മൊബിലിറ്റി എന്ന കമ്പനിയുടെ ആസ്തി. 2022 ഏപ്രില്‍ മാസത്തില്‍ ഫ്‌ളിക്‌സ് എസ്.ഇ. എന്ന് കമ്പനി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 

സര്‍വീസ്

2011-ല്‍ കമ്പനി ആരംഭിച്ചെങ്കിലും ഈ പേരിലുള്ള ബസുകള്‍ ആദ്യമായി നിരത്തുകളില്‍ ഇറങ്ങുന്നത് 2013 ഫെബ്രുവരിയിലായിരുന്നു. ജര്‍മനിയിലെ ബ്രാവിയയില്‍ മൂന്ന് റൂട്ടുകളിലാണ് ഫ്‌ളിക്‌സ് ബസുകള്‍ ആദ്യമായി ഓടുന്നത്. ജര്‍മനിയില്‍ മികച്ച തുടക്കം കിട്ടിയ ഫ്‌ളിക്‌സ് ബസുകള്‍ വളരെ കുറഞ്ഞ കാലയളവില്‍ തന്നെ രാജ്യത്തൊട്ടാകെ ബസ് സര്‍വീസുകള്‍ ആരംഭിക്കുകയായിരുന്നു. ജര്‍മനിക്ക് പുറത്ത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പിന്നീട് ഫ്‌ളിക്‌സ് ബസുകള്‍ ഓടിത്തുടങ്ങി. 

ഫ്‌ളിക്‌സ് ബസുകള്‍ ഓട്ടം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2018-ല്‍ ഇവര്‍ അമേരിക്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. ലോസ് ആഞ്ചലസിലായിരുന്നു യു.എസിലെ ഇവരുടെ ആദ്യ റൂട്ട്. തുടര്‍ന്ന് അമേരിക്കയിലെ തന്നെ ഇസ്‌റ്റേണ്‍ ബസ് എന്ന കമ്പനിയുമായി സഹകരിച്ച് 2019-ല്‍ തന്നെ ഈസ്റ്റ് കോസ്റ്റ് മേഖലയിലേക്കും ഫ്‌ളിക്ബസ് വ്യാപിപ്പിക്കുകയായിരുന്നു. 2021 ബ്രസീല്‍, 2022-ല്‍ കാനഡ, 2023-ല്‍ ചിലി എന്നിങ്ങനെ ഘട്ടംഘട്ടമായാണ് അവര്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. 

ഇന്ത്യയിലേക്ക്

2024-ലാണ് ഇന്ത്യയിലേക്കും ഫ്‌ളിക്‌സ് ബസിന്റെ സേവനം എത്തുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ നിരത്തുകളില്‍ ഈ ബസ് ഓടിത്തുടങ്ങിയിരുന്നു. വടക്കേ ഇന്ത്യയില്‍ സര്‍വീസ് വിജയകരമായി നടപ്പാക്കിയശേഷമാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതെന്നാണ് ഫ്‌ലിക്സ് ബസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സൂര്യ ഖുറാന അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യയിലെ സര്‍വീസ് ബെംഗളൂരുവില്‍ ഫ്‌ളാഗ്ഓഫ് ചെയ്തത്. 

ഈ മാസം പത്തുമുതല്‍ ബെംഗളൂരുവില്‍നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. പിന്നീട് ബെലഗാവി, കോയമ്പത്തൂര്‍, മധുര, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും ഭാവിയില്‍ കേരളത്തിലേതുള്‍പ്പെടെ 33 നഗരങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്നും ഫ്‌ലിക്സ് ബസ് ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് പുതുതായി ആരംഭിച്ച റൂട്ടില്‍ സെപ്റ്റംബര്‍ 15 വരെ 99 രൂപമാത്രമാകും ടിക്കറ്റിന്. പ്രാദേശിക ബസ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്.

ബസുകള്‍

ദീര്‍ഘദൂര യാത്രകളെ ലക്ഷ്യമാക്കി എത്തുന്നത് കൊണ്ടുതന്നെ ഏറ്റവും മികച്ച ബസുകളാണ് ഇവര്‍ എത്തിക്കുന്നത്. പകല്‍ യാത്രകള്‍ക്കായി സെമി സ്ലീപ്പര്‍ ബസുകളും രാത്രി യാത്രകള്‍ക്ക് സ്ലീപ്പര്‍ ബസുകളുമാണ് ഫ്‌ള്ക്‌സ് ബസ് എത്തിക്കുന്നത്. സെമി സ്ലീപ്പര്‍ ബസുകള്‍ക്ക് ഉയര്‍ന്ന ലെഗ്‌റൂം ഉറപ്പാക്കുന്ന സീറ്റുകള്‍, യു.എസ്.ബി. ചാര്‍ജിങ്ങ്, ഓരോ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ്, എയര്‍ കണ്ടീഷന്‍, വൈഫൈ, തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സ്ലീപ്പര്‍ ബസുകളിലും മികച്ച ബെര്‍ത്തിനൊപ്പം സെമി സ്ലീപ്പര്‍ ബസുകളിലെ സൗകര്യങ്ങളും ഉറപ്പാക്കും. യാത്രക്കാരന് ഒരു ക്യാരി ബാഗും ഒരു ലഗേജുമാണ് ഈ ബസുകളിലെ യാത്രയില്‍ അനുവദിച്ചിരിക്കുന്നത്.