സുരക്ഷയുടെ കാവല്‍ തിളക്കമാണ് ആ അഞ്ചുനക്ഷത്രങ്ങള്‍. ആ കാവല്‍നക്ഷത്രങ്ങളുടെ തെളിച്ചമാണ് ഓരോ വാഹനത്തേയും ഉപഭോക്താവിന് പ്രിയപ്പെട്ടതാക്കുന്നത്‌. ഇപ്പോള്‍ ആദ്യചോദ്യം വാഹനത്തിന്റെ സുരക്ഷാ റേറ്റിങ്ങ് എത്രയാണെന്നാണ്. അഞ്ചില്‍ കുറഞ്ഞവയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പ്രയാസം. ഉപഭോക്താക്കളുടെ മാറുന്ന ചിന്താഗതി തന്നെയാണ് ഇന്ത്യന്‍ വാഹനവിപണിയിലെ ഈ സുരക്ഷാവിപ്ളവത്തിന് തുടക്കമിട്ടത്. തകരപ്പാട്ടകള്‍ പോലെ പൊടിഞ്ഞു പോകുന്ന കാറുകളുടെ കാലം മാറി. പകരം ഒന്നാംതരം ഉരുക്കില്‍ ഒരുക്കിയവ റോഡിലിറങ്ങുമ്പോള്‍ വിജയിക്കുന്നത് ഈ നമ്മളോരാരുത്തരുമാണ്. 

To advertise here,

കാലം മാറുന്നു

പണ്ട് പണ്ട്, ശരാശരി ഇന്ത്യക്കാരന്റെ കാര്‍ സ്വപ്നത്തില്‍ ആദ്യം കടന്നുവന്നത് ഇന്ധനക്ഷമതയായിരുന്നു. എത്ര മൈലേജ് കിട്ടും എന്നതായിരുന്നു ആദ്യ ചോദ്യം. അതിനുത്തരമായി എത്രവേണമെങ്കിലും മൈലേജ് കിട്ടുന്ന കാറുകള്‍ കമ്പനികള്‍ ചൂടപ്പം പോലെ വിറ്റു. മാരുതി കളം പിടിച്ചതും ഈ തുരുപ്പുശീട്ടിറക്കിയാണ്. വര്‍ഷങ്ങള്‍ കടന്നുപോയി, ലോകം മാറിത്തുടങ്ങിയെന്ന മുന്നറിയിപ്പ് ഇവിടെയുമെത്തി. സാങ്കേതികതയുടെ കാറ്റ് പതുക്കെ ഇവിടെയും വീശാനാരംഭിച്ചു. ആ കാറ്റ് മാറ്റത്തിന്റെതായിരുന്നു. ആഗോള വിപണി വാഹനസുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കിയതോടെ ഇവിടെയും ചര്‍ച്ച തുടങ്ങി. സര്‍ക്കാറും പതുക്കെ സുരക്ഷാമാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ കമ്പനികളും ആ വഴിക്ക് നീങ്ങി. ഇന്ത്യന്‍ കമ്പനികളായ ടാറ്റയും മഹീന്ദ്രയുമായിരുന്നു മുന്നിലേക്ക് വന്നത്. ഇതില്‍ ടാറ്റയാകട്ടെ തങ്ങളുടെ വാഹനങ്ങളിലെ സുരക്ഷ ബ്രാന്‍ഡിങ്ങ് തന്നെയാക്കിമാറ്റി. വില്‍പ്പനയിലെ കുതിപ്പ് അത് ഉത്തേജകമായി.

ട്രോളില്‍ നിന്ന് കാര്യത്തിലേക്ക്

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സുരക്ഷ വീണ്ടും ചര്‍ച്ചയാവുകയാണ്. മാരുതിസുസുക്കിയുടെ ഡിസയര്‍ ഇറങ്ങിയതോടെ ട്രോളുകളും ചര്‍ച്ചകളും വീണ്ടും സജീവമായി. സുരക്ഷാമാനദണ്ഡങ്ങളില്‍ പിന്നാക്കം പോയിരുന്ന മാരുതിയുടെ തിരിച്ചുവരവാണ് ഡിസയറിലൂടെയെന്നാണ് പ്രവചനം. സുരക്ഷാമാനദണ്ഡപരിശോധനയായ ഗ്ലോബല്‍ ന്യൂ കാര്‍ അസസ് മെന്റ്‌ പ്രോഗ്രാം ചുരുക്കിപ്പറഞ്ഞാല്‍ ഗ്ലോബല്‍ എന്‍ക്യാപ്പില്‍ ഉന്നത ശ്രേണിയായ അഞ്ചു നക്ഷത്രങ്ങള്‍ ഡിസയര്‍ സ്വന്തമാക്കിയതോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ചേരിപ്പോര്. ടാറ്റയടക്കമുള്ള വാഹനങ്ങള്‍ക്ക് പഞ്ചനക്ഷത്ര തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ മാരുതിയുടെ ആദ്യ വാഹനമാണ് ഡിസയര്‍.

placeholder
മാരുതി ഡിസൈര്‍

കളിയല്ല നക്ഷത്രത്തെ പിടിക്കല്‍

കഠിനമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഓരോ വാഹനവും കടന്നുപോകുന്നത്. ഇടിച്ചും പൊളിച്ചുമെല്ലാം നാനാവിധമാക്കും. ഇന്ത്യയില്‍ ഇപ്പോള്‍ പ്രധാനമായും രണ്ട് സര്‍ട്ടിഫിക്കേഷനുകളാണ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഒന്ന് ആഗോള പരിശോധനയായ ഗ്ലോബല്‍ ന്യൂ കാര്‍ അസസ് മെന്റ് പ്രോഗ്രാം( ഗ്ളോബല്‍ എന്‍ ക്യാപ്പ്). രണ്ടാമത്തേത് ഇന്ത്യയില്‍ നടത്തപ്പെടുത്തുന്ന ഭാരത് ന്യൂ കാര്‍ അസസ് മെന്റ് പ്രോഗ്രാം( ഭാരത് എന്‍ ക്യാപ്പ്). ഇതു രണ്ടിലും ഏകദേശം പരിശോധനകള്‍ സമമാണ്.

ഗ്ളോബൽ എന്‍ ക്യാപ്പില്‍ ആഗോളതലത്തിലെ സുരക്ഷാമാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനക്കാണ് പ്രാമുഖ്യം. എന്നാല്‍, ഇന്ത്യന്‍ റോഡുകളും ഇവിടത്തെ ഡ്രൈവിങ്ങ് ശീലങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്‌. അത് മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് എന്‍ ക്യാപ്പ് കൊണ്ടുവന്നത്. യൂറോപ്പില്‍ യൂറോ എന്‍ക്യാപ്പും, അമേരിക്കയിലെ എന്‍. എച്ച്. ടി. എസ്. എ.യും ഉദാഹരണം. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ ദുരന്തങ്ങള്‍ 50 ശതമാനം കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളിലെ ആദ്യപടിയാണ് ഭാരത് എന്‍ ക്യാപ്പ്.

നക്ഷത്രം കിട്ടണമെങ്കില്‍

വിവിധ ക്രാഷ് ടെസ്റ്റുകളാണ് ഇതില്‍ പ്രമുഖം. അപകട സമയത്ത് വാഹനത്തിലെ യാത്രക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുണ്ടാവുന്ന ആഘാത പരിശോധനയാണിത്. നേരിട്ടിടി: മുഖത്തോടു മുഖമുള്ള ഇടി. അതിവേഗതയില്‍ മുന്നിലുള്ള വസ്തുവിനെ നേരിട്ടിടിക്കുന്നതാണിത്. സാധാരണ 64 കിലോമീറ്റര്‍ വേഗത്തിലാണ് ഈ പരിശോധന നടത്തുന്നത്. മുന്‍വശത്തിരിക്കുന്ന ഡ്രൈവറടക്കമുള്ള യാത്രക്കാരെ ഇത് ഏതുതരത്തില്‍ ആഘാതമേല്‍പ്പിക്കുന്നുവെന്നാണ് പരിശോധന.

വശത്തിലിടി: വാഹനത്തിന്റെ വശത്ത് അതിവേഗത്തില്‍ ഇടിക്കുന്നു. യാത്രക്കാരുടെ അരക്കെട്ട്, തല, നെഞ്ച് എന്നിവിടങ്ങളിലായിരിക്കും ഈ ഭാഗത്തുനിന്നുള്ള ആഘാതം കാര്യമായി ബാധിക്കുക. പിന്നിലെ ഇടി: വാഹനത്തിന്റെ പിന്നിലിരിക്കുന്ന യാത്രക്കാരുടെ കഴുത്തിനെയായിരിക്കും ഇത് ആഘാതമേല്‍പ്പിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എങ്ങിനെയായിരിക്കും ഈ ആഘാതങ്ങളില്‍ നിന്നെല്ലാം കാര്‍ സുരക്ഷനല്‍കുകയെന്നായിരിക്കും പരിശോധന.

സാങ്കേതികത

കാറിലെ സാങ്കേതിക പ്രവര്‍ത്തനങ്ങളും ഇത്തരം അവസരങ്ങളില്‍ എങ്ങിനെ പ്രവര്‍ത്തിക്കുവെന്നും പരിശോധിക്കപ്പെടും. ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം( എ.ബി. എസ്): വഴുക്കുള്ള പ്രതലങ്ങളില്‍ പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ ചക്രങ്ങള്‍ ലോക്കായി പോകുന്നത് തടയുന്നു. അതിനാല്‍ ഡ്രൈവര്‍ക്ക് വാഹനത്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്നില്ല. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍േട്രാള്‍( ഇ. എസ്.സി) ആവശ്യമുള്ളസമയത്ത് വേണ്ട ചക്രങ്ങളില്‍ മാത്രം ബ്രേക്ക് നല്‍കി വാഹനത്തെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. വഴുക്കുള്ള റോഡുകളിലാണ് ഇതിന്റെ ഗുണംലഭിക്കുക.

ട്രാക്ഷന്‍ കണ്‍ട്രോള്‍: വഴുക്കുള്ള റോഡുകളില്‍ ചക്രങ്ങള്‍ വെറുതെ തിരിയുന്നത് തടയുന്നു.

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്: അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് സ്വയം ബ്രേക്കിടുന്നു. ബ്ളൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്ങ്, ലെയിന്‍ കീപ്പ് അസിസ്റ്റ്: ലെയിനുകള്‍ മാറുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്ളൈന്‍ഡ് സ്‌പോട്ടില്‍ വാഹനങ്ങള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷാവസ്തുക്കളുടെ പ്രവര്‍ത്തനം

എയര്‍ബാഗുകള്‍: മുന്നിലും വശങ്ങളിലും, മുട്ടിനുമുള്ള എയര്‍ബാഗുകള്‍ അപകടമുണ്ടാവുമ്പോള്‍ എത്രത്തോളം യാത്രക്കാര്‍ക്ക് സുരക്ഷയേകുന്നുവെന്നും പരിശോധിക്കപ്പെടും. ഇവ ഘടിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളും.സീറ്റ്‌ ബെല്‍റ്റുകള്‍: അപകടമുണ്ടാവുമ്പോള്‍ സീറ്റ്ബെല്‍റ്റ് എത്രത്തോളം ഗുണകരമാവുന്നുവെന്ന്.
ക്രംപിള്‍ സോണ്‍: യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ആഘാതമെത്തുന്നത് എത്രത്തോളം കുറക്കാനാവുമെന്നത്. എസോഫിക്സ് ആങ്കര്‍ പോയന്റുകള്‍ : കുട്ടികള്‍ക്കുള്ള സീറ്റുകള്‍ ഘടിപ്പിക്കാനുള്ള പോയന്റുകള്‍ എത്രത്തോളം സുരക്ഷിതമാണെന്നതും ഈ സീറ്റുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും.
സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, ചൈല്‍ഡ് സീറ്റ് ഇന്റിക്കേറ്ററുകള്‍,

വഴിയാത്രക്കാരുടെ സുരക്ഷ

കാല്‍നടയാത്രക്കാരനെ ഇടിച്ചാല്‍ പരിക്കു കുറയ്ക്കുന്ന വിധത്തില്‍ മൃദുലമായ മുന്‍ബമ്പറുകള്‍ ഉപയോഗിക്കുന്നത്.
ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ്: റോഡുമുറിച്ചു കടക്കുന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞ് വാഹനം സ്വയം ബ്രേക്ക് ചെയ്യുന്നു

സ്മാര്‍ട്ടായാല്‍ കൂടുതല്‍ നക്ഷത്രം

മുന്നിലുള്ള വാഹനത്തിനനുസരിച്ച് സ്വയം വേഗം ക്രമീകരിക്കുന്ന അഡാപ്റ്റീ്വ് ക്രൂയിസ് കണ്‍ട്രോള്‍. ഡ്രൈവറുടെ മുഖവും പ്രവര്‍ത്തികളും നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡ്രൈവര്‍ അറ്റന്‍ഷന്‍ മോണിറ്ററിങ്ങ്

ഇവയെല്ലാം പരിശോധിച്ച് ഒന്നുമുതല്‍ അഞ്ചു വരെ നക്ഷത്രങ്ങളാണ് നല്‍കുക. ഒന്ന് ഏറ്റവും കുറവും അഞ്ച് ഏറ്റവും സുരക്ഷയുമാണ് കണക്കാക്കുന്നത്.