ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 2016-ല്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവരുടെ ഹോട്ട് ഹാച്ച്ബാക്ക് മോഡലായ പോളോയുടെ പെര്‍ഫോമെന്‍സ് പതിപ്പ് ജിടിഐ ഇന്ത്യയില്‍ എത്തിക്കുന്നത്. 25 ലക്ഷം രൂപയെന്ന വിലയൊന്നും ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് ഒരു വിഷയമായിരുന്നില്ല. ചൂടപ്പം പോലെയാണ് ഈ വാഹനം വിറ്റുതീര്‍ന്നത്. ആദ്യമെത്തിയ 99 യൂണിറ്റും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. ഈ വാഹനത്തിന്റെ 200 യൂണിറ്റ് ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഫോക്‌സ്‌വാഗണ്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. ഇത്തവണ വാഹനം ഗോള്‍ഫ് ജിടിഐ ആണ്. പോളോ അവതരിപ്പിച്ചതിന് പിന്നാലെയാണ് വിറ്റുതീര്‍ന്നതെങ്കില്‍ ഗോള്‍ഫ് ബുക്കിങ്ങ് തുറന്ന് നാലുദിവസത്തിനുള്ളില്‍ വില്‍പ്പന പൂര്‍ത്തിയാക്കുകയായിരുന്നു. മേയ് അഞ്ചിനാണ് ഗോള്‍ഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിങ്ങ് ഫോക്‌സ്‌വാഗണ്‍ ആരംഭിച്ചത്. ഓണ്‍ലൈനായാണ് ബുക്കിങ് സ്വീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യ ബാച്ചിലെ 150 യൂണിറ്റുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയതായാണ് കമ്പനി അറിയിച്ചത്.
ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ബുക്കിങ്ങിന് വളരെ രസകരമായ മാര്‍ഗമാണ് ഫോക്‌സ്‌വാഗണ്‍ സ്വീകരിച്ചത്. വാഹനം ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കിയിരുന്നു. അഞ്ച് ചോദ്യങ്ങളില്‍ നാലെണ്ണത്തിന് ശരിയായി ഉത്തരം നല്‍കിയവര്‍ക്ക് മാത്രമാണ് ബുക്കിങ് ലിങ്ക് ലഭിച്ചത്. ഇങ്ങനെയാണ് 150 ബുക്കിങ്ങുകളും സ്വീകരിച്ചത്. ഇത് പ്രാരംഭ ബുക്കിങ് ആണെന്നും വില പ്രഖ്യാപിച്ച് കഴിയുന്നതോടെ ബുക്കിങ് ക്യാന്‍സല്‍ ചെയ്യുന്ന ആളുകള്‍ ഉണ്ടായേക്കും. അങ്ങനെ വന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് വാഹനം ലഭിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്.
ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ് ജിടിഐ. മുമ്പ് പോളോയുടെ ത്രീ ഡോര്‍ ജിടിഐ മോഡല്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഫോക്സ്വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫ്രന്‍ഷന്‍ ലോക്ക് നല്‍കിയിട്ടുള്ളത് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്പെന്‍ഷനും ഇതിലുണ്ട്. മാട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്സ്വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ലുമിനേറ്റിങ് എലമെന്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സ്പോര്‍ട്ടി ഭാവമേകുന്നത്.
ഫോക്സ്വാഗണ്‍ ഇന്ത്യയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവിലെത്തിയ ടിഗ്വാന്‍ ആര്‍-ലൈനിന്റെ അകത്തളവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഇന്റീരിയറാണ് ഗോള്‍ഫിലേതും. 15 ഇഞ്ച് വലിപ്പത്തിലുള്ള ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ, 10.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ജിടിഐ സ്പെക് സ്റ്റിയറിങ് വീല്‍, സ്പോര്‍ട്സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്ഹോള്‍സ്ട്രി തുടങ്ങിയവയാണ് അകത്തളത്തില്‍ നല്‍കുന്നത്.
Content Highlights: Volkswagen Golf GTI- 150 Units Sold Out in Just Four Days in India
Published: 10 May 2025, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented