ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള കോംപാക്ട് എസ്‌യുവിയാണ് മാഗ്‌നൈറ്റ്. എതിരാളികളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഈ വാഹനം സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലെന്ന് ഇടിപരീക്ഷയിലൂടെ തെളിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് ഈ വാഹനം കരുത്ത് തെളിയിച്ചിരിക്കുന്നത്.
ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്കും വിദേശത്തേക്കുള്ള കയറ്റുമതിക്കുമായി നിസാന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണ് മാഗ്‌നൈറ്റ്. 2024 ഒക്ടോബറില്‍ മുഖംമിനുക്കിയെത്തിയ മാഗ്‌നൈറ്റിന്റെ നിലവിലെ മോഡലും പഴയ പതിപ്പും ഇടിപപരീക്ഷയ്ക്ക് ഇറക്കിയിരുന്നു. ഒക്ടോബറില്‍ എത്തിയ നിലവിലെ മോഡല്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങുമാണ് നേടിയിരിക്കുന്നത്.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34-ല്‍ 32.31 പോയന്റ് നേടിയപ്പോള്‍ കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 33.64 പോയന്റാണ് പുതിയ മാഗ്‌നൈറ്റിന് ലഭിച്ചത്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ലഭിച്ച ഈ ഫലം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മാഗ്‌നൈറ്റ് എസ്‌യുവികള്‍ക്കും ബാധകമാണെന്നാണ് ജിഎന്‍സിഎപി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, മാഗ്‌നൈറ്റിന്റെ മുഖംമിനുക്കലിന് മുമ്പുള്ള മോഡലിന് ക്രാഷ്‌ടെസ്റ്റില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ ഡ്രൈവർക്കും മുന്‍നിരയിലെ യാത്രക്കാരർക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ക്രാഷ് ടെസ്റ്റിനായി എത്തിച്ച വാഹനത്തില്‍ ആറ് എയര്‍ബാഗ് അടിസ്ഥാന ഫീച്ചറായി നല്‍കിയിരുന്നു. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. മാഗ്‌നൈറ്റിന്റെ മുന്‍ മോഡലില്‍ രണ്ട് എയര്‍ബാഗ് മാത്രമായിരുന്നു നല്‍കിയിരുന്നത്.
1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് നിസാന്‍ മാഗ്‌നൈറ്റ് നിരത്തുകളില്‍ എത്തുന്നത്. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനും ടര്‍ബോ എന്‍ജിനും ഉണ്ട്. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ടര്‍ബോ എന്‍ജിന്‍ 100 ബി.എച്ച്.പി. പവറും 160 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി. ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: The Nissan Magnite compact SUV achieves a 5-star Global NCAP safety rating
Published: 27 Jul 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented