ടാറ്റയിൽ നിന്ന് ഒരു വാഹനം പുറത്തിറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം, സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തില്ലെന്ന്. നെക്‌സോൺ മുതൽ സിയേറ വരെയുള്ള വാഹനങ്ങളാണ് തെളിവ്. ഒടുവിൽ ടാറ്റയുടെ എസ്‌യുവി നിരയിലെ ഏറ്റവും കുഞ്ഞൻ എസ്‌യുവി കൂടി ഈ സ്റ്റാർ ക്ലബ്ബിന്റെ ഭാഗമാകുകയാണ്. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങാണ് പഞ്ച് ഇ.വി. എസ്‌യുവിയും നേടിയിരിക്കുന്നത്.

To advertise here,

ഇന്ത്യയിൽ എത്തുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിലാണ് മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷ വിലയിരുത്തുന്നതിനുള്ള പരീക്ഷയിൽ 32-ൽ 31.09 പോയന്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ 49-ൽ 45 പോയന്റും നേടിയാണ് ഫൈവ് സ്റ്റാർ റേറ്റിങ് ഉറപ്പാക്കിയിരിക്കുന്നത്.

വാഹനത്തിന്റെ മുന്നിൽ നിന്നും വശങ്ങളിൽ നിന്നും ഉണ്ടായേക്കാവുന്ന ആഘാതങ്ങളിൽ ഡ്രൈവറിനും യാത്രക്കാരനും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് ക്രാഷ് ടെസ്റ്റ് തെളിയിക്കുന്നു. തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ ഉയർന്ന സുരക്ഷയും നെഞ്ച്, കാൽമുട്ട് എന്നിവയ്ക്ക് ഭേദപ്പെട്ട സുരക്ഷയും ഈ വാഹനം ഉറപ്പാക്കുന്നുണ്ട്. 18 മാസവും മൂന്ന് വയസും പ്രായമുള്ള ചൈൽഡ് ഡമ്മികളാണ് കുട്ടികളുടെ സുരക്ഷ പരീക്ഷിക്കുന്നതിന് ഉപയോഗിച്ചത്.

പഞ്ച് എസ്‌യുവിയിലെ ഉയർന്ന വേരിയന്റുകളായ അഡ്വഞ്ചർ 40, എംപവേർഡ് പ്ലസ് 40 എന്നീ വേരിയന്റുകളാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ഈ വാഹനങ്ങൾക്ക് ലഭിച്ച റിസൾട്ട് പഞ്ച് ഇവി നിരയിലെ എല്ലാ പതിപ്പുകൾക്കും ബാധകമാണെന്നാണ് ഭാരത് എൻക്യാപ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആറ് എയർബാഗ്, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ട്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് പഞ്ച് ഇവിയിൽ സ്റ്റാന്റേഡായി നൽകിയിട്ടുള്ളത്.

അടുത്തിടെയാണ് പഞ്ച് ഇവിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫെയ്‌സ് ലിഫ്റ്റ് മോഡലിൽ 40 kWh ബാറ്ററി പാക്ക് ഓപ്ഷൻ കൊണ്ടുവന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇത് ഒറ്റ ചാർജിൽ 468 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻപുണ്ടായിരുന്ന 30 kWh ബാറ്ററി പാക്ക് നിലനിർത്തിയിട്ടുണ്ട്. ബാറ്ററി ചാർജ് ചെയ്യാൻ 7.2 kW അല്ലെങ്കിൽ 3.3 kW ചാർജർ ഉപയോഗിക്കാം.

65 kW DC ഫാസ്റ്റ് ചാർജർ ഓപ്ഷനും ലഭ്യമാണ്. ഇത് 26 മിനിറ്റിനുള്ളിൽ 20-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 30 kWh ബാറ്ററി പാക്ക് വേരിയന്റിന് 9.69 ലക്ഷം മുതൽ 10.29 ലക്ഷം രൂപ വരെയും 40 kWh ബാറ്ററി പാക്ക് ഓപ്ഷന് 10.89 മുതൽ 12.59 ലക്ഷം രൂപ വരെയുമാണ് വില (എക്‌സ്-ഷോറൂം). അതേസമയം, BaaS (Battery-as-a-Service) ഓപ്ഷനിൽ വില 6.49 ലക്ഷം രൂപയാണ്. ഒരു കിലോമീറ്ററിന് 2.6 രൂപയാണ് വാടക ഈടാക്കുന്നത്.