ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം 2021-ല്‍ ഉണ്ടായിരിക്കുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് ഒരിക്കല്‍ കൂടി അടിവരയിട്ട് ടെസ്‌ലയുടെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചു. ടെസ്‌ല ആദ്യം ഇന്ത്യയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള മോഡല്‍3 വാഹനമാണ് പൂനെയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്.

To advertise here,

ഫാറ്റ് ബൈക്കര്‍ എന്ന യൂട്യൂബ് ചാനലിന്റെ ക്യാമറയിലാണ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ടെസ്‌ല മോഡല്‍ കുടുങ്ങിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ താത്കാലിക നമ്പറുമായാണ് ഈ വാഹനം നിരത്തുകളില്‍ ഇറങ്ങിയിരിക്കുന്നത്. മോഡല്‍3-യുടെ ഏത് വേരിയന്റാണ് ഇന്ത്യയില്‍ എത്തുകയെന്ന കാര്യം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. വരും മാസങ്ങളില്‍ ടെസ്‌ല ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചേക്കും.

ആദ്യഘട്ടത്തില്‍ ചൈനയില്‍ നിര്‍മാണമിക്കുന്ന വാഹനമായിരിക്കും ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് വിവരം. ഈ വാഹനത്തിന് എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെ 60 ലക്ഷത്തോളം രൂപയായിരിക്കും ഇന്ത്യയിലെ ഏകദേശ വില. ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചാല്‍ ടെസ്‌ലയുടെ വാഹനം ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്നും ഇത് വിലയില്‍ കാര്യമായ മാറ്റം വരുത്തുമെന്നുമാണ് വിലയിരുത്തലുകള്‍.