ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‌ല മലയാളി താരമായ മനോജ് കെ ജയന്റെ ഗ്യാരേജിലുമെത്തി. അദ്ദേഹത്തിന്റെ യു.കെയിലെ ഉപയോഗത്തിനായാണ് ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ടെസ്‌ലയുടെ പോപ്പുലര്‍ പതിപ്പായ മോഡല്‍ 3 ആണ് അദ്ദേഹം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം മനോജ് കെ ജയന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 2017-ല്‍ അമേരിക്കല്‍ നിരത്തുകളില്‍ എത്തിതുടങ്ങിയ മോഡല്‍ 3 യു.കെയില്‍ അവതരിപ്പിക്കുന്നത് 2019-ലാണ്. 2020-ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. 

സ്റ്റാന്റേഡ് റേഞ്ച്, സ്റ്റാന്റേഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3 നിരത്തുകളില്‍ എത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഏത് പതിപ്പാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടെസ്ലയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലാണ് മോഡല്‍3. 

വിദേശ നിരത്തുകളില്‍ ടെസ്ല എത്തിച്ചിട്ടുള്ള മോഡല്‍3-യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തിന്റെ വേരിയന്റുകള്‍ക്ക് അനുസരിച്ച് റേഞ്ചിലും മറ്റും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.