
ടാറ്റയുടെ നെക്‌സോണ്‍ എന്ന വാഹനം ഇന്ത്യന്‍ വാഹനങ്ങളിലെ സുരക്ഷയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വാഹനം എന്നായിരുന്നു ഏറെ നാള്‍ ഈ വാഹനത്തിന്റെ പരസ്യവാചകം പോലും. അങ്ങനെ ഇന്ത്യക്കാരുടെ വിശ്വാസം സ്വന്തമാക്കിയുള്ള ഈ വാഹനത്തിന്റെ യാത്ര ഏഴ് വര്‍ഷത്തിലേക്ക് അടുക്കുകയാണ്.
ഏഴ് വര്‍ഷത്തിനുള്ളില്‍ ഏഴ് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോണ്‍ പുതിയ നാഴികക്കല്ല് മറികടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 16,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ ഇളവാണ് നെക്‌സോണിനായി ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ മറ്റ് എസ്.യു.വികള്‍ക്ക് അവകാശപ്പെടാനില്ലാത്ത നിരവധി സവിശേഷതകള്‍ നെക്‌സോണിന്റെ പേരിലുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്.യു.വി. എന്ന ഖ്യാതി തുടര്‍ച്ചയായ മൂന്ന് വര്‍ഷമാണ് നെക്‌സോണിനൊപ്പം നിന്നത്. 2018-ലാണ് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ നെക്‌സോണിന് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്നത്. നെക്‌സോണിന് ലഭിച്ച ഈ നേട്ടം ഇന്ത്യന്‍ വാഹനങ്ങളില്‍ സുരക്ഷയുടെ പുതിയൊരു സ്റ്റാന്റേഡിന് തന്നെ തുടക്കം കുറിച്ചെന്നാണ് വിലയിരുത്തല്‍.
വളരെ മന്ദഗതിയിലായിരുന്നു നെക്‌സോണ്‍ എന്ന വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുന്നത്. അവതരിപ്പിച്ച 25 മാസം പിന്നിട്ടതോടെയാണ് ആദ്യ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന നേടുന്നത്. രണ്ട് ലക്ഷത്തിലേക്ക് എത്താനും 20 മാസത്തിന്റെ കൂടി കാത്തിരിപ്പ് വേണ്ടിവന്നു. പിന്നീടുള്ള വില്‍പ്പന അതിവേഗത്തിലായിരുന്നു. അടുത്ത 10 മാസത്തില്‍ ഒരുലക്ഷം കൂടി പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീട് ആറ് മുതല്‍ എട്ട് വരെ മാസങ്ങളുടെ ഇടവേളയിലാണ് നെക്‌സോണിന്റെ വില്‍പ്പന ഓരോ ലക്ഷം കടന്നുകൊണ്ടിരുന്നത്.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ നെക്‌സോണ്‍ എത്തുന്നുണ്ട്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ടാറ്റ നെക്സോണിലുണ്ട്. ഇലക്ട്രിക് മോഡലുകളും ഇതിനൊപ്പം വിപണിയിലുണ്ട്.
Content Highlights: Tata Nexon suv grab seven lakhs unit sales in seven years
Published: 17 Jun 2024, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented