ന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ കരുത്ത് ഉറപ്പിക്കാന്‍ രാജ്യത്തിന് സ്വന്തമായി ഒരു ഇടിപരീക്ഷ (ക്രാഷ് ടെസ്റ്റ്) എന്ന നാളുകളായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ്. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് എന്ന പേരില്‍ ഇത് പ്രഖ്യാപിക്കുകയും ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ഡിസംബര്‍ 15-ന് ആദ്യ ഇടിപരീക്ഷയ്ക്ക് അരങ്ങൊരുങ്ങിയിട്ടുണ്ടെന്നും മുന്‍പ് തന്നെ അറിയിപ്പുകള്‍ വന്നിരുന്നു. 

To advertise here,

ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയില്‍ ആദ്യമായി പരീക്ഷണത്തിന് ഇറങ്ങിയത് രാജ്യത്തിന്റെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍, സഫാരി എന്നീ എസ്.യു.വികളായിരുന്നു. ഇരുക്കിന്റെ കരുത്തുമായി എത്തിയിട്ടുള്ള ഈ വാഹനങ്ങള്‍ നല്ല തുടക്കമാണ് ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റിന് നല്‍കിയിരിക്കുന്നത്. രണ്ട് മോഡലുകളും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഇടപരീക്ഷയെ അതിജീവിച്ചത്. ടാറ്റയുടേത് ചരിത്രപരമായ നേട്ടമാണെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി വിശേഷിപ്പിച്ചത്. 

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കിയ മോഡലുകള്‍ ആണെങ്കിലും ഇന്ത്യയുടെ ആദ്യ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ ടാറ്റ മോട്ടോഴ്‌സ് രണ്ട് വാഹനങ്ങളുമായി എത്തുകയായിരുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്‌സ് നടത്തിയിരിക്കുന്നത്. ആദ്യമായി ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റിനിറങ്ങി പൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ടാറ്റ മോട്ടോഴ്‌സ് പ്രശംസനീയമായ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

placeholder
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗ്ഡ്കരി, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡ്, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും എം.വി. ശൈലേഷ് ചന്ദ്രയ്ക്ക് ബി.എന്‍.സി.എ.പി. സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു. | Photo: Tata Motors

ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഇറങ്ങിയ ഹാരിയര്‍, സഫാരി മോഡലുകള്‍ മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 30.08 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 44.54 പോയന്റും സ്വന്തമാക്കിയാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരിക്കുന്നത്. സൈഡ് മോവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ഇരു മോഡലുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ താരതമ്യേന കുറഞ്ഞ പ്രകടനമാണ് ഇരുമോഡലുകള്‍ക്കുമെന്നാണ് സൂചന. 

ഗ്ലോബല്‍, ആസിയാന്‍ തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങ് നല്‍കി ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നാണ് മന്ത്രി മുമ്പുതന്നെ അറിയിച്ചിരുന്നത്. ഗ്ലോബല്‍ എന്‍-ക്യാപ് പ്രോട്ടോകോളുകള്‍ക്ക് സമാനമായിരിക്കും ഭാരത് എന്‍.സി.എ.പിയുടെ പ്രോട്ടോക്കോളുമെന്നും ആദ്യഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ ഇന്‍-ഹൗസ് ടെസ്റ്റിങ്ങ് സൗകര്യങ്ങളില്‍ പരീക്ഷിക്കാനുള്ള അനുമതി ഇതുവഴി ഉറപ്പാക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ നടക്കുന്നത് പോലെ വാഹനങ്ങളുടെ ഈടും കരുത്തും ഉറപ്പാക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റ് ഇന്ത്യയിലും നടത്തുമെന്ന് 2016-ല്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളെ അറിയിച്ചിരുന്നു. ഇത് വാഹന നിര്‍മാതാക്കള്‍ തന്നെ നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ ആശയം പ്രാവര്‍ത്തികമാകാതെ പോകുകയായിരുന്നു. ഇന്ത്യയിലെ വാഹനങ്ങളിലും ആഗോള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മുമ്പുതന്നെ നിലപാടെടുത്തിരുന്നു.