ഇന്ത്യൻ വിപണിയിൽ ശക്തമായ കുതിപ്പ് ഉറപ്പാക്കിയ ടാറ്റ മോട്ടോഴ്‌സ് രാജ്യാതിർത്തികൾ ഭേദിച്ച് വിദേശ വിപണികളിൽ കൂടി ശക്തമാകാനുള്ള ഒരുക്കങ്ങളിലാണ്. ടാറ്റയുടെ ഇന്റർനാഷണൽ ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമായി യു.കെ, യൂറോപ്പ് തുടങ്ങിയ വിപണികളിൽ ടാറ്റയുടെ പാസഞ്ചർ വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുകയാണ് പദ്ധതി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെയോ അടുത്ത സാമ്പത്തിക വർഷം ആദ്യമോ ഈ രാജ്യങ്ങളിൽ എത്തുകയാണ് ടാറ്റയുടെ ലക്ഷ്യം.

To advertise here,

ഏതൊക്കെ വിദേശ വിപണിയാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ യൂറോപ്പ്, യു.കെ. വിപണികളിലായിരിക്കും എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. ഐസ് മോഡലുകളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിദേശ വിപണികളിൽ എത്തിക്കേണ്ട വാഹനങ്ങളുടെ മുൻഗണന പട്ടിക തയാറാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് മേധാവി ശൈലേഷ് ചന്ദ്രയെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

യു.കെയിലെ വാഹന വിപണിയിലേക്കുള്ള പ്രവേശനത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശ വിപണികളും അവിടേക്ക് എത്തിക്കുന്ന വാഹനങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹന സർട്ടിഫിക്കേഷനുള്ള ജോലികൾ ആരംഭിക്കുകയും വിൽപ്പന, വിൽപ്പനാനന്തര സേവനങ്ങൾ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ.

ദക്ഷിണാഫ്രിക്കയിൽ ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങൾ എത്തുന്നുണ്ട്. ഇവിടെ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ഇപ്പോൾ. ഇതിനുപുറമെ, ഓസ്‌ട്രേലിയ. മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടാറ്റ വാഹനങ്ങളുടെ സാധ്യതകളും പഠിച്ചുകൊണ്ടിരിക്കുകയാണ്. യു.കെ, യൂറോപ്പ് എന്നീ വിപണികളും ടാറ്റ മോട്ടോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദേശ വിപണികളാണെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന എൻ.ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.

2025-ലാണ് ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് സാന്നിധ്യം അറിയിക്കുന്നത്. പ്രാദേശിക കമ്പനിയായ മോട്ടസ് ഹോൾഡിങ്‌സുമായി സഹകരിച്ചാണ് ടാറ്റയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനങ്ങൾ. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച്, കർവ്, ഹാരിയർ, ടിയാഗോ തുടങ്ങിയ മോഡലുകൾ അവിടെ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ടാറ്റയുടെ കയറ്റുമതി നേട്ടത്തിന് പ്രധാന സംഭാവന നൽകുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക.

കയറ്റുമതിയിൽ ടാറ്റ മോട്ടോഴ്‌സിന് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 2408 പാസഞ്ചർ വാഹനങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്തിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 970 യൂണിറ്റായിരുന്നു. കയറ്റുമതിയിൽ ഇരട്ടിയിൽ അധികം വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പനയുടെ വളരെ ചെറിയ ശതമാനം മാത്രമാണിതെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു.

Source