ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വാഹനനിരയിലെ സെഡാൻ മോഡലായ ടിഗോർ അടിമുടി മാറ്റങ്ങളുമായി വിപണിയിൽ അവതരിപ്പിച്ചു. ടാറ്റ ഏരിസ് എന്ന പേരിലാണ് ഈ കോംപാക്ട് സെഡാൻ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പവർ ട്രെയിൻ ഓപ്ഷനുകളിൽ അഞ്ച് വേരിയന്റുകളിലായി എത്തിയിട്ടുള്ള ഏരിസ് സെഡാൻ പതിപ്പിന് 5.29 ലക്ഷം രൂപ മുതൽ 9.74 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

To advertise here,

ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഡിസൈൻ കടംകൊണ്ടാണ് ഏരിസ് സെഡാനും ഒരുങ്ങിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, ഐ ബ്രോ ഡിസൈനിൽ തീർത്തിരിക്കുന്ന എൽഇഡി ഡിആർഎൽ, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ല്, 360 ഡിഗ്രി വ്യൂ ക്യാമറ, പിക്‌സൽ ഷേപ്പിലുള്ള എൽഇഡി ഫോഗ്‌ലാമ്പ്, ബ്ലാക്ക് നിറത്തിലുള്ള അലങ്കാരങ്ങൾ നൽകിയിട്ടുള്ള ബോഡി കളർ ബമ്പർ എന്നിങ്ങനെയാണ് മുഖഭാവത്തിലെ അലങ്കാരങ്ങൾ.

ഉയർന്ന വകഭേദങ്ങളിൽ 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും സിഎൻജിയിലും താഴ്ന്ന പെട്രോൾ പതിപ്പുകളിലും 14 ഇഞ്ച് ടയറുകളുമാണ് നൽകിയിരിക്കുന്നത്. വീതി കുറഞ്ഞ ക്ലാഡിങ്ങാണ് ഇതിൽ വീൽ ആർച്ച് ആകുന്നത്. ക്രോമിയം ഡോർ ഹാൻഡിലും വിൻഡോ ബോർഡറും വശങ്ങളുടെ അഴക് ഉയർത്തുന്നു. എൽഇഡിയിൽ തീർത്തിരിക്കുന്ന കണക്ടഡ് ടെയ്ൽലാമ്പാണ് പിൻഭാഗത്തെ ഹൈലൈറ്റ്. റിയർ വിൻഡ് ഷീൽഡിനൊപ്പം നീളത്തിലാണ് ഹൈ മൗഡ് സ്റ്റോപ്പ് ലാമ്പും നൽകിയിരിക്കുന്നത്.

അകത്തളവും ടിയാഗോയ്ക്ക് സമാനമാണ്‌. ലൈറ്റ് നിറങ്ങളാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഡ്രൈവൽ ഡിസ്‌പ്ലേ, ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് സംവിധാനമുള്ള മുൻനിര സീറ്റുകൾ, ലെതറേറ്റ് മെറ്റീരിയലിൽ തീർത്തിരിക്കുന്ന സീറ്റുകൾ, ഡാഷ് ക്യാം ആയി പ്രവർത്തിക്കുന്ന സറൗണ്ട് വ്യൂ ക്യാമറ, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിങ്ങനെ നീളും ഇന്റീരിയറിലെ ഫീച്ചറുകൾ.

സുരക്ഷയുടെ കാര്യത്തിലും ഏരിസ് ഏറെ മുന്നേറിയിട്ടുണ്ട്. ആറ് എയർബാഗ് ഇതിൽ സ്റ്റാന്റേഡ് ഫീച്ചറായി നൽകിയിട്ടുണ്ട്. ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ ഉൾപ്പെടെ നൽകിയിട്ടുള്ള 360 ഡിഗ്രി ക്യാമറ, ടയർപ്രഷർ മോണിറ്റർ, ചൈൽഡ് സീറ്റ് ആങ്കേഴ്‌സ് എന്നിവയും ഇതിൽ സുരക്ഷയൊരുക്കും. ഡ്യുവൽ സിലണ്ടർ സംവിധാനമാണ് സിഎൻജിയിൽ ഒരുക്കിയിരിക്കുന്നത്. 227 ലിറ്റർ ബൂട്ട് സ്‌പേസാണ് സിഎൻജി പതിപ്പ് നൽകുന്നത്. പെട്രോൾ മോഡൽ 419 ലിറ്റർ ബൂട്ട് സ്‌പേസും നൽകും.

മെക്കാനിക്കൽ സംവിധാനങ്ങളിലും ടിയാഗോയെ പിന്തുടർന്നാണ് ഏരിസ് എത്തിയിരിക്കുന്നത്. 86 എച്ച്പി പവറും 113 എൻഎം ടോർക്കുമേകുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ എൻജിനാണ് പെട്രോൾ പതിപ്പിൽ കരുത്തേകുന്നത്. 76 എച്ച്പി പവറും 97 എൻഎം ടോർക്കുമാണ് സിഎൻജി പതിപ്പ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.