ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര എസ്‌യുവി നിർമാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ ലാൻഡ് റോവർ. ഡിഫൻഡർ ഉൾപ്പെടെ നിരവധി ആരാധകരുള്ള എസ്‌യുവികളെ ഇന്ത്യൻ നിരത്തുകൾക്ക് സമ്മാനിച്ച ലാൻഡ് റോവറിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് ഒരു ഇലക്ട്രിക് എസ്‌യുവി എത്തുകയാണ്. റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് എന്ന പേരിൽ എത്തുന്ന ഈ എസ്‌യുവിയുടെ ബുക്കിങ് തുറന്നിരിക്കുകയാണ് നിർമാതാക്കൾ.

To advertise here,

വി8 എൻജിൻ കരുത്തേകുന്ന ഒരു റേഞ്ച് റോവർ സ്‌പോർട്ട് മോഡൽ നൽകുന്ന പെർഫോമെൻസ് ഉറപ്പാക്കിയാണ് റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് നിരത്തുകളിലേക്ക് എത്താനൊരുങ്ങുന്നത്. ഇരട്ട മോട്ടോറുകളുടെ പിൻബലത്തിൽ ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലാണ് ഈ ഇലക്ട്രിക് എസ്‌യുവി എത്തുന്നത്. റേഞ്ച് റോവർ സ്‌പോർട്ട് ലൈനപ്പിൽ 118.5 കിലോവാട്ട് ബാറ്ററി പാക്ക് നൽകുന്ന ആദ്യ ഇലക്ട്രിക് മോഡലാണ് വിപണിയിൽ എത്താനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

കരുത്തുറ്റ പവർ ട്രെയിൻ മാറ്റി നിർത്തിയാൽ റെഗുലർ റേഞ്ച് റോവർ സ്പോർട്ടിന് സമാനമായാണ് ഇലക്ട്രിക് പതിപ്പും ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ക്ലോസ്ഡ് ഗ്രില്ലിൽ ഇ.വി. ബാഡ്ജിങ് പതിപ്പിച്ചിട്ടുണ്ട്. കൂടുതൽ എയറോഡൈനാമിക് ശേഷി ഉറപ്പാക്കിയിട്ടുള്ള വീലുകളാണ് ഇലക്ട്രിക് പതിപ്പിലുള്ളത്. 22 ഇഞ്ചാണ് ഈ അലോയി വീലുകളുടെ വലിപ്പം. മുന്നിലെയും പിന്നിലെയും ലൈറ്റുകൾ ഉൾപ്പെടെയുള്ളവ റെഗുലർ പതിപ്പിൽ നിന്ന് കടംകൊണ്ടതാണ്.

അകത്തളത്തിലെ ഫീച്ചറുകളും റെഗുലർ മോഡലിനോട് ഏറെ ചേർന്ന് നിൽക്കുന്നതാണ്. ടച്ച് കൺട്രോൾ പാനലുള്ള ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, 13.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13.7 ഇഞ്ച് വലിപ്പത്തിലെ ഡ്രൈവർ ഡിസ്‌പ്ലേ, ഐസ് മോഡലിലേതിന് സമാനമായ ഡ്രൈവ് സെലക്ടർ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിലും ഡ്രൈവർ ഡിസ്‌പ്ലേയിലുമായി നൽകിയിട്ടുള്ള ഇ.വി. സ്‌പെക് ഫീച്ചറുകൾ, അഞ്ച് സീറ്റർ ലേഔട്ട് എന്നിങ്ങനെയാണ് അകത്തളത്തിലെ സംവിധാനങ്ങൾ.

റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ മെക്കാനിക്കൽ ഫീച്ചറുകളോട് സാമ്യം പുലർത്തിയാണ് സ്പോർട്ട് ഇലക്ട്രിക്കും എത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി ജാഗ്വാർ ലാൻഡ് റോവർ നിർമിച്ച 800 വോൾട്ട് ഫ്‌ളെക്‌സിബിൾ മോഡുലാർ ലോഗ്നിട്യൂഡിനൽ ആർകിടെക്ചർ (എംഎൽഎ ഫ്‌ളെക്‌സ്) പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവർ സ്പോർട്ടും ഒരുങ്ങിയിരിക്കുന്നത്. 550 എച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന രണ്ട് മോട്ടോറുകൾ ചേർന്നാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. 118.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. 2700 കിലോഗ്രാം ഭാരവും ഈ വാഹനത്തിനുണ്ട്. 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ എസ്‌യുവിക്ക് സാധിക്കും.

350 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന വാഹനമാണിത്. ഫാസ്റ്റ് ചാർജിങ്ങിലൂടെ കേവലം 22 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനംവരെ ചാർജ് ചെയ്യാൻ സാധിക്കും. 10 മിനിറ്റ് ചാർജിങ്ങിലൂടെ 220 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ നിറയും. എട്ട് വർഷം, അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെയാണ് ഈ വാഹനത്തിന്റെ ബാറ്ററിക്ക് നിർമാതാക്കൾ നൽകുന്ന വാറണ്ടി.