ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്‌യുവി മോഡലുകളായ ഹാരിയര്‍, സഫാരി എന്നിവയ്ക്ക് പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നു. ഡീസല്‍ എന്‍ജിനില്‍ മാത്രം എത്തിയിരുന്ന ഈ രണ്ട് മോഡലുകളുടെയും പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഡിസംബര്‍ ഒമ്പതിന് വിപണിയില്‍ അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ച ടാറ്റ ഹൈപീരിയന്‍ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഈ എസ്‌യുവികളില്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

ഹൈപീരിയന്‍ സീരീസിലെ 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഹാരിയര്‍-സഫാരി മോഡലുകളില്‍ കരുത്തേകാനെത്തുന്നത്. ഈ പെട്രോള്‍ എന്‍ജിന്‍ 170 എച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5000 ആര്‍പിഎമ്മില്‍ 170 എച്ച്പി പവറും 2000 മുതല്‍ 3500 വരെ ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന രീതിയിലാണ് ട്യൂണിങ്ങ്. നവംബര്‍ 25-ന് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന സിയേറ എസ്‌യുവിയിലും ഈ പെട്രോള്‍ എന്‍ജിനാണ് നല്‍കുന്നത്.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്നാണ് 1.5 ലിറ്റര്‍ ടി-ജിഡിഐ പെട്രോള്‍ എന്‍ജിന്‍. എന്നാല്‍, ഓട്ടോമാറ്റിക് പതിപ്പില്‍ ടോര്‍ക്ക് കണ്‍വേര്‍ട്ടറാണോ ഡ്യുവല്‍ ക്ലെച്ച് ആണോയെന്നതില്‍ വ്യക്തതയില്ല. ടാറ്റയുടെ എസ്‌യുവികളില്‍ നല്‍കുന്ന ഈ എന്‍ജിന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് കോംപസ്, മെരിഡിയന്‍ എന്നീ മോഡലുകളില്‍ നല്‍കാനായി വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ ഒമ്പതിനായിരിക്കും ഈ രണ്ട് എസ്‌യുവികളുടെയും പെട്രോള്‍ മോഡലുകളുടെ വില പ്രഖ്യാപിക്കുക. ഡീസല്‍ എന്‍ജിന്‍ മോഡലുകളെക്കാള്‍ താഴെയായിരിക്കും പെട്രോള്‍ ഹാരിയറിന്റെയും സഫാരിയുടെയും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 14 ലക്ഷം രൂപ മുതല്‍ 25.25 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ എക്‌സ്‌ഷോറൂം വില. 14.66 ലക്ഷം രൂപ മുതല്‍ 25.96 ലക്ഷം രൂപ വരെയാണ് സഫാരിയുടെ എക്‌സ്‌ഷോറൂം വില.

Source