വിലയില്‍ 4.1 ലക്ഷം രൂപയുടെ കുറവ് വരുത്തിയതോടെ താരതമ്യേന താഴ്ന്ന വിലയില്‍ സ്വന്തമാക്കാവുന്ന മോഡല്‍ ആയിരിക്കുകയാണ് VF MPV7.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ഏറ്റവുമൊടുവിൽ ചേക്കേറിയ കമ്പനിയാണ് വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. VF7, VF6, VF MPV7 എന്നീ മൂന്ന് മോഡലുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള വിൻഫാസ്റ്റ്, വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ഒരുക്കുകയാണ്. ഇതിന്റെ ആദ്യപടിയെന്നോണം വിൻഫാസ്റ്റ് ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ VF MPV7-ന്റെ വിലയിൽ വലിയ കുറവാണ് വരുത്തിയിരിക്കുന്നത്.
ഏഴ് സീറ്റർ എംപിവി മോഡലായ VF MPV7 24.49 ലക്ഷം രൂപയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ, പുതിയ വില 20.39 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. അതായത് വിലയിൽ 4.1 ലക്ഷം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് മൂന്ന് നിര ഇലക്ട്രിക് എംപിവികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വിലയുള്ള മോഡൽ വിൻഫാസ്റ്റ് VF MPV7 ആയിരുന്നു.
എന്നാൽ, വിലയിൽ 4.1 ലക്ഷം രൂപയുടെ കുറവ് വരുത്തിയതോടെ താരതമ്യേന താഴ്ന്ന വിലയിൽ സ്വന്തമാക്കാവുന്ന മോഡൽ ആയിരിക്കുകയാണ് VF MPV7. ഒരു വേരിയന്റിൽ മാത്രമാണ് VF MPV7 ഇന്ത്യയിൽ എത്തിയിരിക്കുന്നത്. താരതമ്യേന ഭേദപ്പെട്ട ഫീച്ചറുകളുമായാണ് ഈ വാഹനം എത്തിയിരിക്കുന്നതും. ഈ വാഹനത്തിന്റെ സുപ്രധാന എതിരാളിയായ വാഹനത്തിന്റെ ഉയർന്ന വേരിയന്റുമായി താരതമ്യം ചെയ്യുമ്പോൾ 9.76 ലക്ഷം രൂപയുടെ വ്യത്യാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മെച്ചപ്പെട്ട മെക്കാനിക്കൽ സംവിധാനങ്ങളുമായാണ് വിൻഫാസ്റ്റ് VF MPV7 ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 517 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തിയിട്ടുള്ള 60.13 കിലോവാട്ട് ബാറ്ററി പാക്കിൽ മാത്രമാണ് ഈ വാഹനം എത്തുന്നത്. 204 എച്ച്.പി. പവറും 280 എൻ.എം. ടോർക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്നത്. 140 കിലോമീറ്റർ പരമാവധി വേഗമുള്ള ഈ വാഹനം ഒമ്പത് സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും.
കിയ കാരൻസ് ക്ലാവിസ് ഇ.വി, മഹീന്ദ്ര എക്‌സ്.ഇ.വി. 9 എസ്, എം.ജി ഹെക്ടർ ടോമഹോക് ഇ.വി, ബി.വൈ.ഡി ഇമാക്‌സ് 7 എന്നീ വാഹനങ്ങളുമായാണ് വിൻഫാസ്റ്റ് വി.എഫ്. എം.പി.വി 7 മത്സരിക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന ഈ ശ്രേണിയിൽ മന്ദഗതിയിലുള്ള തുടക്കമാണ് വിൻഫാസ്റ്റിന് ലഭിച്ചത്. ഇത് മറികടക്കുന്നതിനാണ് വിലയിൽ നാല് ലക്ഷം രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്.
Content Highlights: VinFast reduces VF MPV7 price by 4.1 lakh rupees in India., New starting price is 20.39 lakh rupees instead of 24.49 lakh rupees., Equipped with a 60.13 kWh battery pack offering 517 km ARAI certified range., Competes with models like Kia Carens Clavis EV, Mahindra XEV 9S, and BYD eMAX 7.
Published: 05 Nov 2026, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented