ബിഎസ്-6 എന്ന മലിനീകരണ നിയന്ത്രണം മാനദണ്ഡം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ വാഹന വിപണിക്ക് നഷ്ടപ്പെട്ട ചില വാഹനങ്ങളിൽ പ്രധാനപ്പെട്ട മോഡലാണ് ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ ഇന്ത്യയിൽ എത്തിച്ചിരുന്ന സൂപ്പർബ് എന്ന പ്രീമിയം സെഡാൻ. 2023 പ്രദേശികമായ നിർമാണവും 2024-ൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും അവസാനിപ്പിച്ച മടങ്ങിയ ഈ വാഹനം ഇന്ത്യൻ നിരത്തുകളിലേക്ക് മടങ്ങി എത്തുകയാണ്.

To advertise here,

2027-ൽ സ്‌കോഡയിൽ നിന്ന് ഇന്ത്യയുടെ വാഹന വിപണിക്ക് ലഭിക്കുന്ന സമ്മാനമായിരിക്കും ഈ വാഹനം. സൂപ്പർബിന്റെ ഏറ്റവും ഉയർന്ന പതിപ്പായ ലോറിൻ ആൻഡ് ക്ലെമെന്റ് പതിപ്പായിരിക്കും ഇന്ത്യയിൽ എത്തിക്കുക. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തിക്കുന്ന ഈ വാഹനം 2027-ന്റെ രണ്ടാം പാദത്തിൽ നിരത്തുകളിൽ എത്തും. വരവ് അറിയിച്ച് കൊണ്ട് ഓഗസ്റ്റ് 18-ന് ഈ വാഹനം ഇന്ത്യയിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് മടങ്ങിയ പോയ സൂപ്പർബിൽ നിന്ന് ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് തിരിച്ചുവരവ്. ക്രോമിയം സ്ലാറ്റുകളും ബോർഡറും നൽകിയിട്ടുള്ള സ്‌കോഡ സിഗ്നേച്ചർ ഗ്രില്ല്, ഹണി കോമ്പ് എയർ ഇൻടേക്ക് നൽകിയിട്ടുള്ള ബമ്പർ, കോർണറിങ് ഫങ്ഷൻ ഉൾപ്പെടെ നൽകിയിട്ടുള്ള മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റ്, വെൽക്കം ആൻഡ് ഗുഡ്‌ബൈ ആനിമേഷൻ എന്നിങ്ങനെയാണ് ഡിസൈൻ സവിശേഷതകൾ.

18 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ ടോൺ അലോയി വീലുകളാണ് ഇതിലുള്ളത്. വിൻഡോ ബോർഡറിലും ക്രോമിയം ആവരണം കാണാം. എൽ ആൻഡ് കെ ബാഡ്ജിങ്, റാപ്പ് എറൗണ്ട് ടെയ്ൽലാമ്പ്, സ്‌കോഡ വേഡ്മാർക്ക് എന്നിങ്ങനെ നീളുന്നു മറ്റ് ഡിസൈനുകൾ. 4912 എംഎം നീളവും 1849 എംഎം വീതിയും 1511 എംഎം ഉയരവും 2841 എംഎം വീൽബേസും 138 എംഎം ഗ്രൗണ്ട് ക്ലിയറൻസിനുമൊപ്പം 546 ലിറ്റർ ബൂട്ട് സ്‌പേസും സൂപ്പർബിൽ ഒരുങ്ങുന്നുണ്ട്.

ഒരു പ്രീമിയം സെഡാന് ചേരുന്ന എല്ലാ ആഡംബരങ്ങളും സൂപ്പർബിന്റെ അകത്തളത്തിലുണ്ട്. ഇരട്ട നിറങ്ങളിലാണ് ഇന്റീരിയർ ഒരുങ്ങിയിരിക്കുന്നത്. 12.9 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ട്രിപ്പിൾ സോൺ ഒട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മെമ്മറി, ഹീറ്റിങ്, വെന്റിലേറ്റഡ്, മാസജ് സംവിധാനങ്ങളുള്ള മുൻനിര സീറ്റുകൾ, 14 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളും അകത്തെ ഫീച്ചറുകൾ.

2020-ലാണ് സ്‌കോഡ ഇന്ത്യ ഡീസൽ എൻജിനുകളോട് വിട പറഞ്ഞത്. എന്നാൽ, സൂപ്പർബിന്റെ ഈ വരവ് ഡീസൽ എൻജിനിലേക്കുള്ള മടങ്ങി വരവ് കൂടിയാണ് സ്‌കോഡയ്ക്ക്. 150 എച്ച്പി പവറും 360 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ടിഡിഐ ഡീസൽ എൻജിനിലാണ് സൂപ്പർബ് എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 9.2 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 225 കിലോമീറ്ററാണ്.