കൈലാഖ് എന്ന കുഞ്ഞൻ എസ്‌യുവിയെ മാറ്റി നിർത്തി സ്‌കോഡ ഇന്ത്യയുടെ കുതിപ്പിന്റെ കഥ പറയാൻ സാധിക്കില്ല. പ്രീമിയം വാഹന നിർമാതാക്കൾ എന്ന ഖ്യാതിയിൽ നിന്ന് സാധാരണക്കാരന്റെ വാഹനമെന്ന സ്റ്റാറ്റസിലേക്ക് സ്‌കോഡയെ എത്തിച്ചതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച മോഡലാണ് കൈലാഖ്. ഇന്ത്യയിലെ കുതിപ്പിന്റെ തുടർച്ചയായി ഇപ്പോൾ വിദേശ രാജ്യത്തേക്കും ചേക്കേറാനുള്ള ഒരുക്കങ്ങളിലാണ് ഈ എസ്‌യുവി.

To advertise here,

ഫാബിയ എന്ന വാഹനത്തിന്റെ പകരക്കാരനായി യൂറോപ്യൻ വിപണികളിലേക്ക് പറക്കാനാണ് കൈലാഖ് ഒരുങ്ങുന്നതെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സ്‌കോഡ-ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 എന്ന സ്ട്രാറ്റജിയുടെ ഭാഗമായി നിർമിച്ച മൂന്നാമത്തെ മോഡലാണ് കൈലാഖ്. സ്‌കോഡ നിർമിച്ചിട്ടുള്ളവയിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയുമാണ് ഈ ഇന്ത്യൻ നിർമിതമായി ഒരുങ്ങിയിട്ടുള്ള കൈലാഖ് എസ്‌യുവി.

ഇന്ത്യൻ വിപണിക്കായി രൂപകൽപ്പന ചെയ്ത വാഹനമാണെങ്കിലും ഈ കുഞ്ഞൻ എസ്‌യുവിക്ക് യൂറോപ്യൻ വിപണികളിലും തിളങ്ങാൻ സാധിക്കുമെന്നാണ് സ്‌കോഡയുടെ പ്രതീക്ഷ. കൈലാഖിനെ യൂറോപ്പിലേക്ക് കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ടെന്നും, എന്നാൽ, ഇതിന് നിയമപരമായ നിരവധി തടസ്സങ്ങൾ മറികടക്കേണ്ടതുണ്ടെന്നുമാണ് സ്‌കോഡ സിഇഒ ക്ലൗസ് സെൽമറിനെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ 1.0 ലിറ്ററിന്റെ ചെറിയ എൻജിനിലാണ് കൈലാഖ് എത്തുന്നതെങ്കിൽ യൂറോപ്പിലേക്കുള്ള യാത്രയിൽ ഈ എൻജിൻ മതിയാകാതെ വന്നേക്കും. സ്ലാവിയ, കുഷാഖ് എന്നീ മോഡലുകളിൽ കരുത്തേകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനുമായായിരിക്കും ഈ എസ്‌യുവി കടൽകടക്കുന്നത്. ട്രാൻസ്മിഷൻ സംവിധാനം ഒരുക്കാൻ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സും ഇതിനൊപ്പം നൽകും.

1.5 ലിറ്റർ ടിഎസ്‌ഐ യൂറോപ്യൻ രാജ്യങ്ങളിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ യൂറോ-7 പാലിക്കുന്ന എൻജിനാണ്. അതുകൊണ്ടാണ് കൈലാഖിൽ ഇത് നൽകാനുള്ള സാധ്യതകൾ തെളിയുന്നത്. നിലവിൽ കൈലാഖിൽ നൽകുന്ന 1.0 ലിറ്റർ എൻജിൻ ഈ മാനദണ്ഡത്തിന് യോജിക്കുന്നതല്ല. ഈ എൻജിൻ യൂറോ-7 നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാരിച്ച ചെലവ് വരുമെന്നും ഇത് വാഹനത്തിന്റെ വിലയെ കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തലുകൾ.

Source