
കാറായും കാരവനായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു വാഹനമാണ് ടൊയോട്ടയുടെ എംപിവി മോഡലായ വെല്‍ഫയര്‍. അതുകൊണ്ടുതന്നെ അതിവേഗം സെലിബ്രിറ്റികളുടെ ഇഷ്ടവാഹന ചോയ്സായി മാറാനും ഈ അത്യാഡംബര എംപിവിക്ക് സാധിച്ചിട്ടുണ്ട്. നിരവധി താരങ്ങളുടെ ഗ്യാരേജുകളില്‍ ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ചിട്ടുള്ള ഈ വാഹനം ഭാര്യയും നടിയുമായ കിയാര അദ്വാനിക്ക് സമ്മാനിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ സിദ്ധാര്‍ഥ് മല്‍ഹോത്ര.
പ്രേഷ്യസ് മെറ്റല്‍ നിറത്തിലുള്ള വെല്‍ഫയറാണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. വെല്‍ഫയര്‍ ഹൈ, വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും ഇതില്‍ ഏത് പതിപ്പാണ് സിദ്ധാര്‍ഥ്-കിയാര ദമ്പതികള്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 1.22 കോടി രൂപ മുതല്‍ 1.32 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഫയറിന്റെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിച്ചത്.
വെല്‍ഫയറിന്റെ ആദ്യ മോഡലിന് സമാനമായി അത്യാഡംബര സൗകര്യങ്ങളോട് കൂടിയാണ് ടൊയോട്ട പുതിയ വെല്‍ഫയറും നിരത്തിലെത്തിച്ചിരിക്കുന്നത്. പഴയ രൂപം നിലനിര്‍ത്തിയെങ്കിലും ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്നില്‍ ആറ് പടികളായുള്ള ഗ്രില്ലാണ് ഏറ്റവും ശ്രദ്ധേയം. വി ആകൃതിയിലുള്ള ടെയില്‍ ലാമ്പ്, വെല്‍ഫയര്‍ ബാഡ്ജിങ്, ഒരു വലിയ ടൊയോട്ട ലോഗോ എന്നിവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു.
TNGA-K പ്ലാറ്റ്ഫോമിലാണ് വെല്‍ഫയര്‍ ഒരുങ്ങിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഭാരം കുറവാണെന്നതാണ് പ്രധാന പ്രത്യേകത. ഇന്റീരിയറിലെ ആഡംബരം ഒട്ടും കുറഞ്ഞിട്ടില്ല. വലിയ 14 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുന്നതിനാല്‍ ഇന്റീരിയറില്‍ ഫിസിക്കല്‍ ബട്ടണുകള്‍ തീരെ കുറവാണ്. മസാജിങ് സംവിധാനമുള്ള എക്ട്രാ ലാര്‍ജ് സീറ്റുകള്‍, കണ്ട്രോള് സണ്‍റൂഫ്, ആപ്പ് വഴിയുള്ള പവര്‍ വിന്‍ഡോ, 15 ജെ.ബി.എല്‍ സ്പീക്കറുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എന്നിങ്ങനെയാണ് ഫീച്ചറുകള്‍.
റിമോട്ട് കണക്ടട് ഡോര്‍ ലോക്ക്/അണ്‍ലോക്ക്, എയര്‍ കണ്ടീഷനിങ്, എമര്‍ജന്‍സി സര്‍വീസസ്, ഡ്രൈവര്‍ മോണിറ്ററിങ് അലര്‍ട്ട്സ് തുടങ്ങി അറുപതിലധികം കണക്ടട് ഫീച്ചറുകളും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് അഡാസ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രീ-കൊളീഷന്‍ സേഫ്റ്റി സിസ്റ്റം, ലെയ്ന്‍ ട്രെയ്സ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ബ്ലൈന്‍ഡ് മോണിറ്റര്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇത്. കൂടാതെ ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്ട്രോള്, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്ട്രോള് എന്നിവയും ഇതിലുണ്ട്.
മുന്‍ മോഡലില്‍ നിന്ന് മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്താതെയാണ് പുതിയ വെല്‍ഫയര്‍ എത്തിയിട്ടുള്ളത്. ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 2487 സി.സി. പെട്രോള്‍ എന്ജിന് 190 ബി.എച്ച്.പി. പവറും 240 എന്‍.എ. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. 18 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: Sidharth Malhotra and Kiara Advani buys new Toyota Vellfire luxurious MPV
Published: 24 Apr 2025, 10:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented