ടൊയോട്ടയുടെ വാഹനനിരയിലെ അത്യാഡംബര എം.പി.വി. മോഡലുകളാണ് വെല്‍ഫയറും അല്‍ഫാഡും. ഇതില്‍ ടൊയോട്ട ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ളത് വെല്‍ഫയര്‍ മാത്രമാണ്. ആഗോളതലത്തില്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ മുഖംമിനുക്കിയ പതിപ്പുകള്‍ അടുത്ത കാലത്താണ് വിപണിയില്‍ എത്തിയത്. ഇതില്‍ മുഖം മിനുക്കി എത്തിയ വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയിലേക്കും എത്തുമെന്നതാണ് ഏറ്റവും പുതിയ വിവരം. 

To advertise here,

വെല്‍ഫയറിന്റെ നാലാം തലമുറ മോഡലായി എത്തിയിട്ടുള്ള ഈ വാഹനം സെപ്റ്റംബര്‍ മാസത്തോടെ ഇന്ത്യയില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കില്‍ പുതുതലമുറ വെല്‍ഫയറിനായി ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്. 2020-ലാണ് ടൊയോട്ട വെല്‍ഫയര്‍ എന്ന ആഡംബര എം.പി.വി. ഇന്ത്യയില്‍ എത്തിച്ചത്. വലിയ സ്വീകാര്യത നേടിയ മോഡലുമാണിത്. 

ടൊയോട്ടയുടെ ടി.എന്‍.ജി.എ-കെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് വെല്‍ഫയര്‍. അഞ്ച് മീറ്റര്‍ നീളത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ ലുക്കില്‍ വരുത്തിയ മാറ്റമാണ് തലമുറ മാറ്റത്തില്‍ പ്രധാനം. മുഖഭാഗം നിറയുന്ന ഗ്രില്ലാണ് പുതിയ വെല്‍ഫയറിലുള്ളത്. ഹൊറിസോണ്ടലായാണ് ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിരിക്കുന്നത് പ്രീമിയം ഭാവത്തിന് മാറ്റേകുന്നുണ്ട്. പുതിയ ഡിസൈനിലാണ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും തീര്‍ത്തിരിക്കുന്നത്. 

ആഡംബരത്തിന്റെ അകത്തളമാണ് ഇതിലുള്ളത്. വാഹനത്തിലെ ടച്ച് സ്‌ക്രീന്‍, ഇന്റീരിയര്‍ ലേഔട്ട് എന്നിവ മുന്‍ മോഡലിന് സമമാണ്. സീറ്റുകളുടെ ഡിസൈനില്‍ മാററം വരുത്തിയതിനൊപ്പം രണ്ട് സീറ്റുകള്‍ക്ക് ഇടയിലെ സ്പേസ് അഞ്ച് മില്ലിമീറ്റര്‍ വര്‍ധിപ്പിക്കുകയും മൂന്നാം നിരയില്‍ 10 എം.എം. സ്പേസ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഓട്ടോമാന്‍ സംവിധാനം ഉള്‍പ്പെടെ സീറ്റുകള്‍ കൂടുതല്‍ മികച്ചതാക്കാനുള്ള ഫീച്ചറുകള്‍ മുന്‍ മോഡലിലേതിന് സമാനമായാണ് നല്‍കിയിട്ടുള്ളത്.

പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നല്‍കിയാണ് വെല്‍ഫയര്‍ എത്തിയിട്ടുള്ളത്. ഇതിനൊപ്പം ഇത്തവണ 2.4 ലിറ്റര്‍ ടര്‍ബോ എന്‍ജിനും നല്‍കുന്നുണ്ട്. ഇത് ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളില്‍ എത്തും. ഇ-ഫോര്‍ ഓള്‍ വീല്‍ ഡ്രൈവിന് പുറമെ, രണ്ട് മോഡലുകളും ടൂ വീല്‍ ഡ്രൈവായും ഇത്തവണ എത്തിയിട്ടുണ്ട്. 2.5 ലിറ്റര്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറും നല്‍കിയാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. രണ്ട് എം.പി.വികളും പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനത്തിലുമെത്തുമെന്നാണ് സൂചന.

Source: Autocar India