2019-ല്‍ ചൈനീസ് കമ്പനിയായാണ് എംജി മോട്ടോഴ്‌സ് ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രവേശിക്കുന്നത്. സായിക് മോട്ടോഴ്‌സ് എന്ന ചൈനീസ് വാഹന ഭീമന്മാരുടെ തണലിലായിരുന്നു ആദ്യകാലഘട്ടത്തില്‍ എംജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും. എന്നാല്‍, ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സാമ്പത്തിക സ്രോതസ്സ് അടഞ്ഞതോടെ, ഇന്ത്യന്‍ മേല്‍വിലാസം സ്വീകരിക്കാന്‍ എംജി മോട്ടോഴ്‌സ് നിര്‍ബന്ധിതമാകുകയായിരുന്നു. 

To advertise here,

ഇന്ത്യയിലെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് എംജി മോട്ടോഴ്‌സിന് ഇന്ത്യയില്‍ പുതിയ മേല്‍വിലാസം നല്‍കിയത്. എംജി മോട്ടോഴ്‌സിലെ 35 ശതമാനം ഓഹരി സ്വന്തമാക്കിയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഈ വാഹന നിര്‍മാതാക്കളുടെ ഭാഗമായത്. നിലവില്‍ 49 ശതമാനം ഓഹരിയാണ് എംജിയില്‍ സായിക് മോട്ടോഴ്‌സിനുള്ളത്. എന്നാല്‍, ഇന്ത്യയില്‍ എംജിയിലുള്ള ഓഹരി വിഹിതം കുറയ്ക്കാനും തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങളിലാണ് സായിക് മോട്ടോഴ്‌സ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എംജി മോട്ടോഴ്‌സില്‍ ഓഹരി ഉയര്‍ത്തുന്നതിന് ജെഎസ്ഡബ്ല്യു സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, എത്ര ശതമാനം ഓഹരി കൈമാറാനാണ് സായിക് മോട്ടോഴ്‌സിന്റെ പദ്ധതിയെന്നതില്‍ വ്യക്തതയില്ല. 49 ശതമാനം ഓഹരിയാണ് സായിക്കിന്റെ കൈവശമുള്ളത്. ശേഷിക്കുന്ന 51 ശതമാനത്തില്‍ 35 ശതമാനം ജെഎസ്ഡബ്ല്യുവിന്റെ കൈവശവും എട്ട് ശതമാനവും ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നിയന്ത്രണത്തിലും അഞ്ച് ശതമാനം ജെഎസ്ഡബ്ല്യു ജീവനക്കാരുടെയും മൂന്ന് ശതമാനം ഡീലര്‍മാരുടെയും കൈവശമാണെന്നാണ് റിപ്പോര്‍ട്ട്. 

ചൈനയ്ക്ക് പുറത്തുള്ള സായിക് മോട്ടോഴ്‌സിന്റെ നിര്‍മാണ ശാലയിലേക്ക് നിയമപരമായ തടസ്സങ്ങളില്ലാതെ ഫണ്ട് എത്തിക്കുന്നതിനായിരുന്നു ജെഎസ്ഡബ്ല്യു ഗ്രൂപ്പുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇത് പ്രതീക്ഷിച്ചത് പോലെ ഫലപ്രദമായില്ലെന്നാണ് വിലയിരുത്തല്‍. ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിലേക്കുള്ള നിക്ഷേപം കുറയ്ക്കുന്നുണ്ടെങ്കിലും കമ്പനിക്കുള്ള സാങ്കേതികവിദ്യയും മറ്റ് ഉത്പന്നങ്ങളും വിതരണം ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Source