ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന വിശേഷണം പേരിനൊപ്പം എഴുതിച്ചേർത്ത ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡി, ഇന്ത്യൻ വാഹന വിപണിയിലെ പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള യാത്രകൾ ആരംഭിച്ചിരിക്കുകയാണ്. ബി.വൈ.ഡിയുടെ ആദ്യ ഹൈബ്രിഡ് മോഡലുകൾ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾക്കിപ്പുറം ഈ വാഹനം പരീക്ഷണയോട്ടത്തിനായി നിരത്തുകളിൽ എത്തിയിരിക്കുകയാണ്.

To advertise here,

ബി.വൈ.ഡി. വികസിപ്പിച്ച ഡിഎം-ഐ(ഡ്യുവൽ മോട്ടോർ ഇന്റലിജെന്റ്) സൂപ്പർ പ്ലഗ് ഇൻ ഹൈബ്രിഡ് ഇവി സാങ്കേതികവിദ്യയിലുള്ള സീൽ-യു എന്ന മോഡലാണ് പരീക്ഷണയോട്ടത്തിനായി നിരത്തുകളിൽ ഇറങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ എത്തുന്ന ബി.വൈ.ഡിയുടെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലും ഇതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറത്തേക്ക് വാഹന ശ്രേണി വിപുലമാക്കുകയെന്നതാണ് ബി.വൈ.ഡിയുടെ പുതിയ ലക്ഷ്യം.

ബിവൈഡിയുടെ ഡിഎം-ഐ(ഡ്യുവൽ മോട്ടോർ ഇന്റലിജെന്റ്) സൂപ്പർ പ്ലഗ് ഇൻ ഹൈബ്രിഡ് ഇവി പവർട്രെയിനിലാണ് ഈ വാഹനം ഒരുങ്ങുക. സാധാരണ ഹൈബ്രിഡ് വാഹനങ്ങളെ പോലെ ഒരു ഓൾ ഇലക്ട്രിക് സംവിധാനവും പരമ്പരാഗത എൻജിനും ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഇലക്ട്രിക് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം റേഞ്ച് സംബന്ധിച്ചുള്ള ആശങ്ക ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുന്നു.

ഇന്ത്യയിൽ എത്തുന്ന ഹൈബ്രിഡ് മോഡലിൽ 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും നൽകും. 18.3 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് ഹൈബ്രിഡ് സംവിധാനത്തിന്റെ നട്ടെല്ല്. ഈ വാഹനത്തിൽ നൽകുന്ന ഹൈബ്രിഡ് സംവിധാനവും പെട്രോൾ എൻജിനും ചേർന്ന് 1080 കിലോമീറ്ററിന്റെ ഡ്രൈവിങ് റേഞ്ച് ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ബാറ്ററിയിൽ പൂർണമായും ചാർജുള്ളപ്പോൾ ഇവി മോഡിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. സാധാരണ ഡ്രൈവിങ് കണ്ടീഷനുകളിൽ ഇലക്ട്രിക് മോട്ടോറിന്റെ കരുത്തിലായിരിക്കും വാഹനം ഓടുക. പെട്രോൾ എൻജിൻ സ്റ്റാർട്ടർ ജനറേറ്ററായായിരിക്കും പ്രവർത്തിക്കുക. എന്നാൽ, ഉയർന്ന വേഗത്തിലും പവർ മോഡുകളിലുമെല്ലാം പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കുതിപ്പേകുകയെന്നാണ് ബിവൈഡിയുടെ വിശദീകരണം.

Source