ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെയും ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗീലിയുടെയും സംയുക്ത സംരംഭമായ ഹോഴ്‌സ് പവർട്രെയിൻ ഇന്ത്യയിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ അനുമതി തേടിയെന്ന് റിപ്പോർട്ട്. ഈ നിക്ഷേപം സാധ്യമായാൽ ചൈനയുമായി ബന്ധമുള്ള ഒരു കമ്പനി വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

To advertise here,

റെനോയുടെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഹോഴ്‌സ് നിക്ഷേപം നടത്തുക. പ്രദേശിക പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി വാഹനങ്ങളുടെ പവർട്രെയിനുകൾ നിർമിക്കുന്നതിന് പ്രത്യേകം കമ്പനി രൂപീകരിക്കുമെന്ന് റെനോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഗീലിയും റെനോയും ചേർന്ന് 2024-ൽ സ്ഥാപിച്ച കമ്പനിയാണ് ഹോഴ്‌സ് പവർട്രെയിൻ. പിന്നീട് സൗദി അരാംകോ ഈ കമ്പനിയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കുകയും മറ്റ് രണ്ട് കമ്പനികളും 45 ശതമാനം വീതം കൈവശം വയ്ക്കുകയുമായിരുന്നു.

റെനോ ചെന്നൈയിലെ പ്ലാന്റിൽ ഘട്ടംഘട്ടമായി നിക്ഷേപം നടത്താനാണ് ഹോഴ്‌സ് പവർട്രെയിൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും ഹൈബ്രിഡ് പവർട്രെയിനുകളും എൻജിനുകളുമായിരിക്കും ഹോഴ്‌സ് ഇവിടെ നിർമിക്കുക. പ്രദേശികവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് ഈ നീക്കത്തിലൂടെ വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

റെനോ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള ഡസ്റ്റർ ഹൈബ്രിഡ് മോഡലിനുള്ള പവർട്രെയിൻ ഹോഴ്‌സ് ആയിരിക്കും നൽകുന്നത്. ഡസ്റ്ററിന് പിന്നാലെ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബ്രിഡ്ജർ എന്ന എസ്‌യുവിക്കും ഹോഴ്‌സിന്റെ എൻജിനായിരിക്കും നൽകുക. ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇന്ത്യയിൽ സാധ്യത ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് റെനോയിലേക്ക് ഈ നിക്ഷേപം എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

ഹോഴ്‌സ് പവർട്രെയിനിനെ സംബന്ധിച്ച് സുപ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. നിക്ഷേപം നടത്തുന്നതിനുള്ള അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടി ക്രമങ്ങൾ നടന്നുവരികയാണ്. വൈകാതെ തന്നെ ഇതിൽ സ്ഥിരീകരണമുണ്ടാകുമെന്നും ഹോഴ്‌സ് പവർട്രെയിൻ അധികൃതരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.