ഇന്ത്യയിലെ വാഹന വിപണിയിലേക്ക് കൂടുതല്‍ മത്സര സന്നദ്ധമായി ഇറങ്ങുകയാണെന്ന് അടുത്തിടെയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അറിയിച്ചത്. ഇതിനായി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ മോഡല്‍ നിരത്തുകളില്‍ എത്തിക്കുമെന്നും റെനോ ഉറപ്പുനല്‍കിയിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ വികസന തന്ത്രങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റൊരു നിര്‍ണായകമായ ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുകയാണ് റെനോ. 

To advertise here,

ഇന്ത്യയെ റെനോയുടെ സുപ്രധാന അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ചെന്നൈയിലെ റെനോ-നിസാന്‍ കൂട്ടുകെട്ടില്‍ ഉണ്ടായിരുന്ന നിര്‍മാണ പ്ലാന്റില്‍ നിസാന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികളും റെനോ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ ഈ പ്ലാന്റിന്റെ പൂര്‍ണ ഉടമസ്ഥത റെനോയുടെ സ്വന്തമായെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെനോ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ഫ്രാന്‍സിന് പുറത്ത് ആരംഭിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നീക്കം. 

റെനോ വാഹനങ്ങളുടെ ഇന്ത്യയിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഹബ്ബാക്കി ഇന്ത്യയെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റെനോയില്‍ വരുത്തുന്ന ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്റ്റെഫാന്‍ ഡെബ്ലെസ് റെനോ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ആയി ചുമതലയേല്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

റെനോ ഇന്ത്യയുടെ കൈവശമുള്ളതും നിസാനുമായി സംയുക്ത ഉടമസ്ഥതയിലുള്ളതുമായി എന്‍ജിനീയറിങ് സെന്ററിന്റെ എല്ലാ ശേഷികളും ഉപയോഗപ്പെടുത്താനാണ് റെനോയുടെ തീരുമാനം. ആഭ്യന്തര വിപണിക്ക് പുറമെ, വിദേശ രാജ്യങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് റെനോയുടെ പ്രതീക്ഷ. ഇലക്ട്രിക്, ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. 

റെനോ ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന വിപണിയാണെന്നാണ് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രോവോസ്റ്റ് അഭിപ്രായപ്പെടുന്നത്. കമ്പനിക്ക് ഇന്ത്യന്‍ വിപണിയോടുള്ള പ്രതിബദ്ധതയും ഞങ്ങളുടെ ടീമിന്റെയും പങ്കാളികളുടെയും സഹകരണത്തിന്റെയും ഫലമായി കഴിഞ്ഞ 14 വര്‍ഷം ശക്തമായി നിലനില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. പ്രതിവര്‍ഷം ഒരുലക്ഷം വാഹനങ്ങളുടെ വില്‍പ്പനയെന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.