ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എംപിവി മോഡലായ ട്രൈബറിന്റെ വില ഉയരുന്നു. വേരിയന്റുകള്‍ക്ക് അനുസരിച്ച് 11,500 രൂപ മുതല്‍ 13,000 രൂപ വരെയാണ് വില ഉയര്‍ത്തുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഈ വാഹനത്തിന് 29,000 രൂപ വരെ വില ഉയര്‍ത്തിയിരുന്നു. 

To advertise here,

പുതിയ വില വര്‍ധനവോടെ ട്രൈബറിന്റെ പ്രാരംഭ വില 5.12 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന മോഡലായ RxE വേരിയന്റിന് 13,000 രൂപയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതേസമയം, RxL, RxL AMT, RxT, RxT AMT എന്നീ വേരിയന്റുകള്‍ക്ക് 11,500 രൂപയുടെ വില വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റായ RxZ, RxZ AMT മോഡലുകള്‍ക്ക് 12,500 രൂപയാണ് ഉയര്‍ത്തിയിട്ടുള്ളത്. 

കഴിഞ്ഞ മേയ് മാസത്തിലാണ് ട്രൈബറിന്റെ ഓട്ടോമാറ്റിക് പതിപ്പ് റെനോ അവതരിപ്പിച്ചത്. മാനുവല്‍ മോഡലിന് ലഭിച്ചിരുന്ന ഏറ്റവും വില കുറഞ്ഞ എംപിവി എന്ന വിശേഷണം പോലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് എംപിവി എന്നാണ് ട്രൈബര്‍ എഎംടി അറിയപ്പെട്ടത്. 6.18 ലക്ഷം രൂപയിലായിരുന്നു ഓട്ടോമാറ്റിക് മോഡലിന്റെ വില ആരംഭിച്ചിരുന്നത്. പുതിയ വര്‍ധനവോടെ ഇത് 6.29 ലക്ഷം രൂപയായി ഉയര്‍ന്നു. 

കുറഞ്ഞ വിലയില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമായാണ് റെനോ ട്രൈബറിനെ ഇന്ത്യയില്‍ എത്തിക്കുന്നത്. ഈ വാഹനത്തിന്റെ വരവോടെ വിപണിയില്‍ വീണ്ടും റെനോ വില്‍പ്പന നേട്ടങ്ങള്‍ സ്വന്തമാക്കി തുടങ്ങുകയായിരുന്നു. ട്രൈബറിന്റെ മാനുവല്‍ പതിപ്പിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താല്‍ ഒരു വര്‍ഷത്തിന് ശേഷം ഇതിന്റെ ഓട്ടോമാറ്റിക്കും എത്തിക്കുന്നത്. 

ഒരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ട്രൈബര്‍ അവതരിപ്പിച്ചിട്ടുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ എംപിവിയുടെ ഹൃദയം. ഇത് 70 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രൈബറില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Renault Announce Price Hike For Triber MPV