ഒരു മോഡല്‍ മാത്രമാണ് നിസാന്‍ ഇന്ത്യയുടെ ലൈന്‍അപ്പില്‍ ഉള്ളതെങ്കിലും 2026-ല്‍ പുതിയ മൂന്ന് മോഡലുകളാണ് നിസാന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

നിസാന്‍ മാഗ്‌നൈറ്റ് എസ്യുവി | Photo: Nissan India
പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ വാഹന നിർമാതാക്കൾ. എംജി മോട്ടോഴ്‌സ് ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രഖ്യാപനത്തിന് പിന്നാലെ ജനുവരി ഒന്ന് മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മൂന്ന് ശതമാനം വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് നിസാൻ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
നിലവിൽ മാഗ്‌നൈറ്റ് എന്ന ഒരു മോഡൽ മാത്രമാണ് നിസാൻ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 5.62 ലക്ഷം രൂപ മുതൽ 10.76 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. വില വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ 17,000 രൂപ മുതൽ 32000 രൂപയുടെ വരെ വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മാഗ്‌നൈറ്റിന്റെ പ്രാരംഭ വില 5.79 ലക്ഷമായി ഉയരും. ഏറ്റവും ഉയർന്ന വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 11.08 ലക്ഷം രൂപയുമാകും.
നിലവിൽ ഒരു മോഡൽ മാത്രമാണ് നിസാൻ ഇന്ത്യയുടെ ലൈൻഅപ്പിൽ ഉള്ളതെങ്കിലും 2026-ൽ പുതിയ മൂന്ന് മോഡലുകളാണ് നിസാൻ ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഗ്രാവൈറ്റ് എന്ന കോംപാക്ട് എംപിവിയായിരിക്കും ഇതിൽ ആദ്യമെത്തുക. ഗ്രാവൈറ്റ് 2026 ജനുവരിയിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കും. മാർച്ച് മാസത്തോടെ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും.
റെനോയുടെ എംപിവി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയായിരിക്കും നിസാൻ ഗ്രാവൈറ്റും ഒരുങ്ങുന്നത്. പവർ ട്രെയിനും റെനോയുടെ ഈ മോഡലുമായി പങ്കുവയ്ക്കുമെന്നാണ് സൂചന. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ, കിയ കാരൻസ്, റെനോ ട്രൈബർ എന്നീ വാഹനങ്ങളോടായിരിക്കും നിരത്തുകളിൽ നിസാൻ ഗ്രാവൈറ്റ് ഏറ്റുമുട്ടുക. കുറഞ്ഞ വിലയിലെ എംപിവി എന്നതാണ് ഈ വാഹനത്തിന്റെയും സെല്ലിങ് പോയന്റ്.
നിസാൻ വാഹനങ്ങളുടെ ഡിസൈൻ ലാംഗ്വേജ് പിന്തുടർന്നായിരിക്കും ഗ്രാവൈറ്റ് എംപിവിയും ഒരുങ്ങുക. ട്രൈബറിന്റെ സിലുവേറ്റിൽ ഡിസൈൻ മാറ്റങ്ങൾ വരുത്തിയായിരിക്കും എക്സ്റ്റീരിയർ ഒരുക്കുക. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ല്, എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പ്, ബോണറ്റിൽ പതിപ്പിച്ചിരിക്കുന്ന ബാഡ്ജിങ്, എൽഇഡി ഡിആർഎൽ, വലിയ ബമ്പർ, പവർ ലൈനുകൾ നൽകിയിട്ടുള്ള ബോണറ്റ് എന്നിവ ഡിസൈൻ സൂചനകളാണ് ടീസർ ചിത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
റെനോ ട്രൈബറിൽ കരുത്തേകുന്ന 1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും ഗ്രാവൈറ്റിലും നൽകുക. ഇത് 76 എച്ച്പി പവറും 95 എൻഎം ടോർക്കുമായിരിക്കും നൽകുക. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി എന്നിവയായിരിക്കും ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. സിഎൻജി ഇന്ധനമായുള്ള ഗ്രാവൈറ്റും എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Nissan to increase prices of its Magnite SUV by up to 3% in India from January 1st. Discover the new ex-showroom prices and upcoming models.
Published: 24 Dec 2025, 10:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented