ഇന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും വലിയ മത്സരം നടക്കുന്ന സെഗ്മെന്റ് ഒരുപക്ഷെ മിഡ്-സൈസ് എസ്‌യുവിയുടേതായിരിക്കും. മാർക്കറ്റ് ലീഡറായ ക്രെറ്റ മുതൽ ഏറ്റവുമൊടുവിൽ എത്തിയ വിക്ടോറിസ് വരെയാണ് മത്സരത്തിനുള്ളത്. ഈ ശ്രേണിയിലേക്ക് മൂന്നാം അങ്കത്തിന് ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ. ടെറാനോ, കിക്‌സ് എന്നീ വാഹനങ്ങളിലൂടെ പരാജയത്തിന്റെ കൈയ്പ്പ് നുകർന്ന നിസാൻ ഇത്തവണ എത്തുന്നത് കൂടുതൽ മികച്ച വാഹനവുമായാണ്.

To advertise here,

ഇതിനകംതന്നെ പ്രഖ്യാപിച്ച ടെക്റ്റൺ എന്ന വാഹനമാണ് മിഡ്‌സൈസ് എസ്‌യുവി ശ്രേണിയിൽ മൂന്നാം അങ്കത്തിനായി നിസ്സാൻ ഒരുക്കി നിർത്തിയിരിക്കുന്നത്. ടീസറുകളും ചിത്രങ്ങളും വെളിപ്പെടുത്തിയ ടെക്റ്റൺ എസ്‌യുവി ജൂലായ് ഒമ്പതിന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തിറക്കിയ ഗ്രാവൈറ്റിനൊപ്പം ടെക്റ്റണും എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നീണ്ടുപോകുകയായിരുന്നു.

റെനോ അടുത്തിടെ തിരിച്ചെത്തിച്ച ഡസ്റ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും ടെക്റ്റൺ ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. മെക്കാനിക്കൽ സംവിധാനങ്ങൾ പങ്കിടുന്നുണ്ടെങ്കിലും ഡിസൈനിൽ തികച്ചും വ്യത്യസ്തത പുലർത്തിയായിരിക്കും ടെക്റ്റൺ എസ്‌യുവി നിർമിക്കുന്നത്. ഗ്രീക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ച 'ടെക്റ്റൺ' എന്ന പേരിന് 'ശില്പി' അല്ലെങ്കിൽ 'വാസ്തുശില്പി' എന്നാണ് അർഥം.

നിസ്സാന്റെ പ്രശസ്തമായ പട്രോൾ എസ്‌യുവിയാണ് ടെക്റ്റന്റെ രൂപകൽപനയുടെ പ്രചോദനം. പരന്നതും കരുത്തുറ്റതുമായ രീതിയിൽ രൂപകൽപ്പന ചെയ്ത ബോണറ്റ്, സിഗ്‌നേച്ചർ വി-മോഷൻ ഗ്രിൽ, വെർട്ടിക്കൽ എൽഇഡി ക്ലസ്റ്ററുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്ലാമ്പുകൾ, പട്രോളിനെ ഓർമിപ്പിക്കുന്ന സി-ആകൃതിയിലുള്ള ഡിആർഎൽ സിഗ്‌നേച്ചർ എന്നിവയുണ്ട്. ബമ്പറും വീൽ ആർച്ചുകളും വാഹനത്തിന് കരുത്തുറ്റ രൂപം നൽകുന്നു. ഇത് സ്‌റ്റൈലിനും ഓഫ്-റോഡ് ശേഷിക്കും ഒരുപോലെ ഊന്നൽ നൽകുന്നുണ്ട്.

വശങ്ങളിൽനിന്ന് നോക്കുമ്പോൾ, ടെക്റ്റന് കരുത്തുറ്റ രൂപമാണുള്ളത്. പിൻഭാഗത്ത്, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽ-ലൈറ്റ് ബാർ ഉണ്ട്. കൂടാതെ, റിയർ സ്‌പോയിലർ, ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രേക്ക് ലാമ്പ്, വലിയ അലോയ് വീലുകൾ എന്നിവ ഇതിന്റെ പ്രീമിയം എസ്യുവി ഭംഗി വർധിപ്പിക്കുന്നു. ഇന്റീരിയർ ഡിസൈൻ. ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങളിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ് നിസ്സാൻ.

റെനോ ഡസ്റ്ററുമായി പങ്കിടുന്ന CMF-B പ്ലാറ്റ്ഫോമിലാണ് ടെക്റ്റൺ നിർമിച്ചിരിക്കുന്നത്. ഡസ്റ്ററിൽ പ്രവർത്തിക്കുന്ന 100 ബിഎച്ച്പി പവറും 160 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 163 ബിഎച്ച്പി പവറും 280 എൻഎം ടോർക്കുമേകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനും ടെക്‌റ്റോണിലും നൽകിയേക്കും. ഈ വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പ് രണ്ടാം ഘട്ടത്തിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.