ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിസാന്റെ പുതിയ കോംപാക്ട് എസ്.യു.വി. പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ തന്നെ ആദ്യ ടീസറും അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ വാഹനത്തിന്റെ വരവറിയിച്ച് ടീസര്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിസാന്‍ ഗ്ലോബല്‍ ഡിസൈന്‍.

To advertise here,

'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഈ വാഹനം ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തുമെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമിലാണ് ഈ വാഹനവും ഒരുങ്ങുന്നത്.

ഇന്ത്യയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിലെത്തുന്ന ഈ വാഹനം ഹ്യുണ്ടായി വെന്യൂ, മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, മഹീന്ദ്ര എക്‌സ്.യു.വി. 300 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും മത്സരിക്കുന്നത്.

98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കും നിസാന്റെ ഈ കോംപാക്ട് എസ്.യു.വി. പിന്നീട് നിസാന്റെ സ്വാധീന ശക്തിയായിട്ടുള്ള വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന. നിസാന്റെ മറ്റൊരു എസ്.യു.വിയായ കിക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും.

നിസാന്റെ ആഗോള എസ്.യു.വി. പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്ട് എസ്.യു.വി. രൂപകല്പന ചെയ്തിരിക്കുന്നത്. നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

നിസാന്റെ നിരന്തരമായ നവീകരണത്തിന്റെയും ജാപ്പനീസ് എന്‍ജിനീയറിങ്ങിന്റെയും സാക്ഷ്യമാണ് കോംപാക്ട് എസ്.യു.വി. വില വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Content Highlights: Nissan Develops Compact SUV In Triber Platform