ഇന്ത്യൻ നിരത്തുകളിൽ സെഡാൻ കാറുകളുടെ സൗന്ദര്യത്തിന്റെ അവസാന വാക്കായ ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. 2020-ൽ ഇന്ത്യയിൽ അവതരിപ്പിച്ച നാലാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മുഖംമിനുക്കിയ പതിപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുകളിലായി നാല് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ സെഡാൻ വാഹനത്തിന് 12 ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില.

To advertise here,

തലമുറ മാറ്റത്തിന് സമാനമായ മുഖംമിനുക്കലാണ് സിറ്റിയിൽ ഇത്തരണ വരുത്തിയിരിക്കുന്നത്. വീതി കുറഞ്ഞ എൽഇഡി ഹെഡ്‌ലാമ്പ്, രണ്ട് പാർട്ടുകളായി തിരിച്ചിരിക്കുന്ന ഐ ബ്രോ സ്‌റ്റൈൽ ഡിആർഎൽ, ബോണറ്റിന് താഴെയായി നൽകിയിട്ടുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പ്, ഹണി കോമ്പ് ഗ്രില്ല്, സമാനമായ ഡിസൈനിൽ തീർത്തിരിക്കുന്ന എയർഡാം എന്നിവയാണ് പുതിയ സിറ്റിയെ മുൻ പതിപ്പിൽനിന്ന് വേറിട്ട് നിർത്തുന്നത്.

ഡിസൈൻ മാറ്റങ്ങൾ വശങ്ങളിലേക്ക് നീളുന്നുണ്ട്. സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള 16 ഇഞ്ച് അലോയി വീലാണ് പഴയതിന് പകരമായി നൽകിയിട്ടുള്ളത്. പിന്നിലേക്ക് വരുമ്പോഴും മാറ്റങ്ങളുടെ നീണ്ടനിരയാണുള്ളത്. ഇരട്ട നിറത്തിലാണ് പിന്നിലെ ബമ്പർ ഒരുക്കിയിരിക്കുന്നത്. രണ്ട് അറ്റങ്ങളിലുമായി റിഫക്ടറുകൾ പതിപ്പിച്ചിട്ടുണ്ട്. പുതിയ ഫോക്‌സ് ഡിഫ്യൂസറും ഇതിലുണ്ട്. മുമ്പുണ്ടായിരിക്കുന്ന അഞ്ച് നിറങ്ങൾക്കൊപ്പം കറുപ്പ് നിറത്തിലും ഇനി സിറ്റി നിരത്തുകളിൽ എത്തും.

എക്സ്റ്റീരിയറിലെ മാറ്റത്തോളമുള്ള പുതുമകൾ ഇന്റീരിയറിൽ വരുത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇരട്ട നിറങ്ങളിലാണ് ഡാഷ്‌ബോർഡ് ഒരുങ്ങിയിരിക്കുന്നത്. ഇതിൽ 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എസി വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, സെന്റർ കൺസോൾ എന്നിവ ഒരുക്കിയിരിക്കുന്നു. സെമി ഡിജിറ്റലായാണ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ എന്നിവയാണ് അകത്തളത്തിലുള്ളത്.

360 ഡിഗ്രി ക്യാമറ, മുൻനിരയിലെ വെന്റിലേറ്റഡ് സീറ്റുകൾ ഇത്തവണ വരുത്തിയിരിക്കുന്ന പുതുമകളാണ്. ആംബിയന്റ് ലൈറ്റിങ്, എട്ട് സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിങ് സംവിധാനം, സൺറൂഫ്, റിയർ വിൻഡ് സ്‌ക്രീൻ സൺഷെയ്ഡ് എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകൾ. ലെവൽ അഡാസ് സ്യൂട്ട്, ആറ് എയർബാഗ്, ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ സുരക്ഷയ്ക്കായി നൽകുന്നു.

മെക്കാനിക്കൽ സംവിധാനങ്ങളിലേക്ക് മാറ്റം എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 121 എച്ച്പി പവറും 145 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് നാല് സിലിണ്ടർ പെട്രോൾ എൻജിൻ, 126 എച്ച്പി പവറും 253 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ സ്‌ട്രോങ് ഹൈബ്രിഡ് പവർ ട്രെയിൻ എന്നിവയാണ് സിറ്റിക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് സിവിടി, ഇ-സിവിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. 27.26 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ ഇന്ധനക്ഷമത.