ഒരേ ദിവസം ഇന്ത്യൻ വിപണിയിൽ മൂന്ന് മോഡലുകൾ പുറത്തിറക്കി ആഡംബര വാഹന നിർമാതാക്കളായ മിനി. മിനി കൂപ്പർ എസ്, കൂപ്പർ കൺവേർട്ടബിൾ എന്നിവയുടെ പോൾ സ്മിത്ത് എഡിഷനും, മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് പതിപ്പുമാണ് അവതരിപ്പിച്ചിരിക്കുന്നത്. പോൾ സ്മിത്ത് എഡിഷൻ കൂപ്പർ എസിന് 55.75 ലക്ഷം രൂപയും കൺവേർട്ടബിളിന് 61.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് പതിപ്പ് കൂപ്പർ എസ്ഇക്ക് 53.9 ലക്ഷം രൂപയും സ്മിത്ത് എഡിഷന് 56.4 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

To advertise here,

ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ പോൾ സ്മിത്തുമായി കൈകോർത്ത് ഒരുക്കിയിട്ടുള്ള മിനി കൂപ്പർ പോൾ സ്മിത്ത് എഡിഷൻ മോഡലുകൾ ഡിസൈനിന് കൂടുതൽ പ്രാധാന്യം നൽകി ഒരുങ്ങിയിട്ടുള്ള മോഡലുകളാണ്. മെക്കാനിക്കൽ സംവിധാനങ്ങളിലും ഫീച്ചറുകളിലും കാര്യമായി അഴിച്ചുപണി വരുത്താതെ ഡിസൈനിൽ വരുത്തിയിട്ടുള്ള ഏതാനും കോസ്‌മെറ്റിക് മാറ്റങ്ങളാണ് മിനി കൂപ്പർ എസ്, കൂപ്പർ കൺവേർട്ടബിൾ, കൂപ്പർ എസ്ഇ മോഡലുകളെ പോൾ സ്മിത്ത് എഡിഷനുകൾ ആക്കി മാറ്റിയിരിക്കുന്നത്.

എൻജിനും മോട്ടോറും

മിനി കൂപ്പർ എസ്, കൺവേർട്ടബിൾ മോഡലുകൾക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഇത് 204 എച്ച്.പി. പവറും 300 എൻ.എം. ടോർക്കുമാണ് നൽകുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. കൂപ്പർ എസ് 6.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ കൺവേർട്ടബിൾ പതിപ്പ് 6.9 സെക്കൻഡിലാണ് ഈ വേഗതയെടുക്കുന്നത്. രണ്ട് മോഡലുകളും മെക്കാനിക്കൽ സംവിധാനങ്ങൾ പങ്കിടുന്നവയാണ്.

ഇലക്ട്രിക് പതിപ്പായ കൂപ്പർ എസ്ഇയിൽ 54.2 കിലോവാട്ട് ബാറ്ററി പാക്കാണ് നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിൽ 402 കിലോമീറ്റർ ഓടാനുള്ള റേഞ്ചാണ് ഈ വാഹനം നൽകുന്നത്. 218 എച്ച്.പി. പവറും 330 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. 6.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയും ഈ വാഹനം കൈവരിക്കും. 95 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 80 ശതമാനം ബാറ്ററി നിറയും. 11 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ 5.25 മണിക്കൂറാണ് വേണ്ടത്.

എക്സ്റ്റീരിയർ

ലേറ്റസ്റ്റ് ജനറേഷൻ മിനി കൂപ്പറുമായി ഡിസൈൻ പങ്കിട്ടാണ് പോൾ സ്മിത്ത് എഡിഷൻ എത്തിയിരിക്കുന്നത്. എന്നാൽ, ചില അലങ്കാരപ്പണികൾ ഈ വാഹനത്തിന് വേറിട്ട ഭാവം നൽകുന്നു. ഗ്രീൻ നിറത്തിലുള്ള റൂഫാണ് കൂപ്പർ എസിലുള്ളത്. കൺവേർട്ടബിൾ പതിപ്പിൽ ബ്ലാക്ക് ഫാബ്രിക് റൂഫാണുള്ളത്. പോൾ സ്മിത്ത് ഡീറ്റെയിലിങ് നൽകിയിട്ടുള്ള 18 ഇഞ്ച് നൈറ്റ് ഫ്‌ളാഷ് ബ്ലാക്ക് അലോയി വീൽ, ഗ്രില്ലിലെയും സൈഡ് മിററിലെയും ഗ്രീൻ അലങ്കാരങ്ങൾ എന്നിവയാണ് റെഗുലർ മോഡലിൽ നിന്ന് വരുത്തിയിട്ടുള്ള വ്യത്യാസങ്ങൾ.

ഡിസൈനിൽ കൂപ്പർ എസ് പതിപ്പുമായി ചേർന്ന് നിൽക്കുന്ന വാഹനമാണ് കൂപ്പർ എസ്ഇ ഇലക്ട്രിക്കും. റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ഒക്ടാഗണൽ ഗ്രില്ല്, 17 ഇഞ്ച് അലോയി വീൽ, ത്രികോണത്തിലുള്ള എൽഇഡി ടെയ്ൽലാമ്പ്, ഡ്യുവൽ ടോൺ എക്‌സ്റ്റീരിയർ ഫിനീഷിങ് എന്നിങ്ങനെയാണ് ഇലക്ട്രിക് മോഡലിലെ അലങ്കാരങ്ങൾ. 3858 എംഎം നീളവും 1756 എംഎം വീതിയും 1460 എംഎം ഉയരവും 2526 എംഎം വീൽബേസുമായാണ് മിനി കൂപ്പർ എസ്ഇ ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ഈ വാഹനത്തിന് എതിരാളികളുമില്ല.

ഇന്റീരിയർ

ബ്ലാക്ക് ആൻഡ് ഗ്രേ ഫിനീഷിങ്ങിലുള്ള ഡാഷ്‌ബോർഡും ബ്ലൂ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോട് കൂടിയ നൈറ്റ്‌ഷെയ്ഡ് ബ്ലൂ സീറ്റുകളുമാണ് കൂപ്പർ എസിനെ പോൾ സ്മിത്ത് എഡിഷൻ ആക്കുന്നത്. പോൾ സ്മിത്ത് തീമിലുള്ള റൗണ്ട് ഷേപ്പ് ഒഎൽഇഡി സ്‌ക്രീൻ, പോൾ സ്മിത്ത് സ്റ്റിയറിങ് വീൽ, ഇന്റീരിയറിലെ ഡാർക്ക് ഫിനീഷ് എലമെന്റുകൾ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ. ഹലോ എന്ന് തെളിയുന്ന എൽഇഡി ഫ്‌ളോർ പ്രൊജക്ഷൻ, പോൾ സ്മിത്ത് ബ്രാൻഡിങ്ങോട് കൂടിയ ഡോർ എൻട്രി സില്ലുകളും നൽകുന്നുണ്ട്.

കൂപ്പർ എസ് മോഡലിന്റെ അകത്തളത്തിനോട് ചേർന്നിരിക്കുന്ന ഡിസൈനിലാണ് എസ്ഇ പതിപ്പിന്റേതും തീർത്തിരിക്കുന്നത്. ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, 9.4 ഇഞ്ച് വലുപ്പമുള്ള റൗണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെന്റർ കൺസോളിലെ ഫിസിക്കൽ സ്വിച്ചുകൾ, ഫാബ്രിക് അപ്‌ഹോൾസ്റ്ററി, ഹീറ്റഡ് സ്റ്റിയറിങ് വീൽ, പനോരമിക് ഗ്ലാസ് റൂഫ്, ലെവൽ-2 അഡാസ്, കണക്ടഡ് കാർ ടെക്‌നോളജി, പവേർഡ് മുൻനിര സീറ്റുകൾ, ഹെഡ് അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും അകത്തളത്തിലുണ്ട്.