
ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ കൂപ്പര്‍ എസിന്റെ പുതിയ പതിപ്പും കണ്ട്രിമാന് ഇലക്ട്രിക്കുമാണ് മിനിയില്‍ നിന്ന് വിപണിയില്‍ എത്തിയിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. പുതിയ കൂപ്പര്‍ എസിനും കണ്ട്രിമാന് ഇലക്ട്രിക്കിന്റെയും ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെങ്കിലും വിതരണം സെപ്റ്റംബര്‍ മാസത്തോടെ മാത്രമേ ആരംഭിക്കുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
മുഖംമിനുക്കിയെത്തിയിട്ടുള്ള കൂപ്പര്‍ എസിന് 44.90 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക് കരുത്തുമായി എത്തിയിട്ടുള്ള കണ്ട്രിമാന് മോഡലിന് 54.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മിനിയുടെ വാഹന നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കണ്ട്രിമാന് ഇലക്ട്രിക്. മിനി കൂപ്പറിന്റെ അഞ്ചാം തലമുറ മോഡലാണ് കൂപ്പര്‍ എസ് ആയി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് മിനി ഇന്ത്യ അറിയിച്ചിരിക്കുന്നത്.
കൂപ്പര്‍ എസ്
മുന്‍തലമുറ മോഡലുകളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഡി.ആര്.എല്‍, പ്രൊജക്ഷന് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ബോര്‍ഡറുകള്‍ നല്‍കിയിട്ടുള്ള വലിയ ഗ്രില്ല്, ക്ലാഡിങ്ങുകള്‍ അലങ്കരിക്കുന്ന ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖമൊരുക്കുന്നത്. ഡ്യുവല്‍ ടോണ്‍ റിയര്‍വ്യൂ മിറര്‍, 17 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഡ്യുവല്‍ ടോണ്‍ അലോയി, ജെ.സി.ഡബ്ല്യു ഇന്‍സ്പേഡ് ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
240 എം.എം. വലിപ്പത്തില്‍ തീര്‍ത്തിട്ടുള്ള ഒ.എല്‍.ഇ.ഡി. ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, 2ഡി മാപ്പ് സംവിധാനത്തിലുള്ള നാവിഗേഷന്‍, മിനി കണക്ടിവിറ്റി, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി തുടങ്ങിയവ ഈ സിസ്റ്റത്തില്‍ ഒരുക്കുന്നുണ്ട്. പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഡാഷ്ബോര്‍ഡ്, ജെ.സി.ഡബ്ല്യു സീറ്റുകള്‍ തുടങ്ങിയവയാണ് അകത്തളത്തിന് പുതുമയേകുന്നത്. മറ്റ് ഫീച്ചറുകള്‍ മുന്‍തലമുറ മോഡലില്‍ നിന്നെടുത്തവയാണെന്നാണ് വിലയിരുത്തലുകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകളില്‍ കാര്യമായി അഴിച്ചുപണി വരുത്താന്‍ മിനി തയാറായിട്ടില്ലെന്നാണ് വിവരം. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 204 എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 6.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിന് നല്‍കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
കണ്ട്രിമാന് ഇലക്ട്രിക്
മിനിയുടെ ഇലക്ട്രിക് വാഹനശ്രേണിയിലെ രണ്ടാമനായാണ് കണ്ട്രിമാന് ഇലക്ട്രിക് എത്തിയിട്ടുള്ളത്. റെഗുലര്‍ കണ്ട്രിമാന് മോഡലിന് സമാനമായ ലുക്കിലാണ് ഇലക്ട്രിക് പതിപ്പ് ഒരുക്കിയിരിക്കുന്നത്. ബ്രോണ്‍സ് നിറത്തിലുള്ള ബോര്‍ഡറുകള്‍ നല്‍കിയിട്ടുള്ള ക്ലോസ്ഡ് ഗ്രില്ല്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, താഴ്ന്ന വേരിയന്റില്‍ 17 ഇഞ്ചും ഉയര്‍ന്ന പതിപ്പില്‍ 19 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള അലോയി വീല്‍ എന്നിവയാണ് ഡിസൈനിലെ മാറ്റം.
ഇലക്ട്രിക് കരുത്തിലേക്ക് മാറിയ കണ്‍ട്രിമാന്റെ അകത്തളം റെഗുലര്‍ മോഡലിനോട് സമാനമാണ്. ഇതിനുപുറമെ, പുതിയ കൂപ്പര്‍ എസില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളും ഈ വാഹനവുമായി പങ്കിടുന്നുണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, ഒ.എല്‍.ഇ.ഡി. റൗണ്ട് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ, ഡിജിറ്റല്‍ കീ സംവിധാനം എന്നിവയും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഒമ്പത് വ്യത്യസ്തമായ നിറങ്ങളില്‍ ഈ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിക്കുമെന്നാണ് മിനി ഉറപ്പുനല്‍കിയിട്ടുള്ളത്.
മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മറ്റ് ആഡംബര ഇലക്ട്രിക് വാഹനങ്ങളുമായി കിടപിടിക്കുന്ന തരത്തിലാണ് കണ്ട്രിമാന് ഒരുങ്ങിയിട്ടുള്ളത്. 66.45 കിലോവാട്ട് ബാറ്ററിപാക്കാണ് ഇതിലുള്ളത്. ഇത് 566 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പാക്കുന്നത്. 204 എച്ച്.പി. പവറും 250 എന്‍.എം.ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് മിനി കണ്‍ട്രിമാനില്‍ പ്രവര്‍ത്തിക്കുന്നത്. ഡി.സി. ഫാസ്റ്റാര് ചാര്‍ജര്‍ ഉപയോഗിച്ച് 29 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ബാറ്ററി നിറയും.
Content Highlights: The MINI Cooper S and the all-electric MINI Countryman launched in India
Published: 27 Jul 2024, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented