മാരുതി സുസുക്കിയുടെ വാഹനനിരയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിൽ ഒന്നാണ് ഇഗ്നിസ് എന്ന ഹാച്ച്ബാക്ക് മോഡൽ. വിപണിയിൽ ഇന്നും ഏറെ ഡിമാൻഡുള്ള ഈ വാഹനത്തിന്റെ പേര് മറ്റൊരു ഇന്റർനാഷണൽ മോഡലിനായി കടമെടുക്കുകയാണ് സുസുക്കി. കോംപാക്ട് ഇലക്ട്രിക് കാർ ശ്രേണിയിലേക്ക് സുസുക്കി എത്തിക്കുന്ന പുതിയ വാഹനത്തിനാണ് ഇഗ്നിസ് എന്ന് പേര് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി അവതരിപ്പിച്ച കൺസെപ്റ്റ് മോഡലായ വിഷൻ ഇ-സ്‌കൈയുടെ പ്രൊഡക്ഷൻ പതിപ്പിനാണ് ഇഗ്നിസ് എന്ന് പേര് നൽകിയിരിക്കുന്നത്. സുസുക്കിയുടെ ആഭ്യന്തര വിപണിയായ ജപ്പാനിൽ ഈ വാഹനം ഇ-സ്‌കൈ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, 2027-ൽ യൂറോപ്പിൽ അവതരിപ്പിക്കുന്ന ഈ വാഹനത്തിന് ഇഗ്നിസ് എന്ന് പേര് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഈ പേരിൽ മാരുതി സുസുക്കി ഒരു ഇലക്ട്രിക് കാർ ഇന്ത്യയിൽ എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഇന്ത്യയിലെ ചെറു ഇലക്ട്രിക് കാർ വിപണിയിൽ ഈ വാഹനം എത്തിയാലും മറ്റൊരു പേരിലായിരിക്കും വരികയെന്നാണ് വിലയിരുത്തൽ. ഇ.വി-സ്‌പെസിഫിക് ഹാർടെക്ട് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്. 310 കിലോമീറ്റർ റേഞ്ച് നൽകുന്ന 26 കിലോവാട്ട് ബാറ്ററിപാക്കാണ് ഇതിലുള്ളത്.

മുന്നിലെ ആക്‌സിലിൽ നൽകിയിരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഇത് 91 എച്ച്.പി. പവറും 133 എൻ.എം. ടോർക്കുമാണ് നൽകുന്നത്. 50 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് കേവലം 25 മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജ് ചെയ്യാവുന്ന സൗകര്യവും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് കിലോവാട്ട്, ആറ് കിലോവാട്ട് എ.സി. ചാർജർ ഉപയോഗിച്ചുള്ള ചാർജിങ്ങിന് യഥാക്രമം എട്ട് മണിക്കൂറും 4.5 മണിക്കൂറും എടുക്കും.

വാഹനത്തിന്റെ ആകെ വലിപ്പം കുറവാണെങ്കിലും ക്യാബിനുള്ളിൽ പരമാവധി സ്ഥലം ലഭിക്കുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ രൂപകൽപ്പന. യഥാർഥ ബോക്സി രൂപത്തിലാണ് ഇ-സ്‌കൈ ഒരുങ്ങിയിരിക്കുന്നത്. പ്രൊജക്ഷൻ ഹെഡ്ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകളും ചേർന്നാണ് ഹെഡ്ലൈറ്റ് ചേംബർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനമായതിനാൽ തന്നെ മുൻഭാഗം പൂർണമായും മൂടിക്കെട്ടിയ നിലയിലാണ്. ബമ്പറിന്റെ താഴെയായാണ് എയർ ഇൻടേക്ക് നൽകിയിട്ടുള്ളത്.

സൈഡ് പ്രൊഫൈലും ബോക്സി സ്റ്റൈലിലാണ് തീർത്തിരിക്കുന്നത്. രണ്ട് വശങ്ങളിലും രണ്ട് ഡോറുകൾ വീതമാണ് നൽകിയിരിക്കുന്നത്. അലോയി വീലുകളും വശങ്ങളിൽ കാണാം. റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലാമ്പാണ് ഇതിലുള്ളത്. ഫ്ളാറ്റ് ഹാച്ച്ഡോറാണ് ഇതിലേത്. റിയർ വൈപ്പർ, സ്പോയിലർ, ആന്റിന, ബോഡി കളർ ബമ്പർ എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ പിൻഭാഗത്തെ അലങ്കരിക്കുന്ന ഘടകങ്ങൾ.

സ്പേസാണ് ഇന്റീരിയറിലെ ഹൈലൈറ്റ് എങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ല. വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, ഡാഷ്ബോർഡിലാണ് ഗിയർ നോബ് നൽകിയിരിക്കുന്നത്. ടച്ച് സ്‌ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനലും ആവശ്യത്തിന് സ്റ്റോറേജുകളും ഇന്റീരിയറിന്റെ സവിശേഷതയാണ്. നാലുപേർക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യവും അകത്തളത്തിലുണ്ട്.