66.45 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 440 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു.

മിനി കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 | Photo: Mini USA
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളിലേക്ക് പുതിയൊരു മോഡല്‍ കൂടി എത്തിയിരിക്കുകയാണ്. മിനി കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ ഇലക്ട്രിക് വാഹനത്തിന് 66.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ വിതരണം ആരംഭിക്കാനാകുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ജെസിഡബ്ല്യു തീമിലും കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 എത്തുന്നുണ്ട്. പതിവ് ഇലക്ട്രിക് വാഹനങ്ങളുടെ ഡിസൈനുകളില്‍ നിന്ന് വ്യത്യസ്തമായാണ് കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 ഒരുങ്ങിയിക്കുന്നത്. സ്‌പോര്‍ട്ടി ഭാവമുള്ള ഗ്രില്ല് തന്നെയാണ് ഈ മോഡലിനെ മറ്റ് ഇലക്ട്രിക് കാറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന പുതുമയുള്ള ഹെഡ്‌ലാമ്പ് ഫ്‌ളാറ്റ് ബോണറ്റ് എന്നിവയെല്ലാം ഈ വാഹനത്തെ വേറിട്ടതാക്കുന്നു.
ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയുള്ള അലങ്കാരങ്ങള്‍ ഗ്രില്ലില്‍ നിന്നാണ് ആരംഭിക്കുന്നത്. ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള റൂഫും, റിയര്‍ വ്യു മിറര്‍ കവറും ഇതിലുണ്ട്. 19 ഇഞ്ച് ബ്ലാക്ക് ഫിനീഷ് അലോയി വീലുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്, റൂഫ് റെയില്‍സ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഹാച്ച് ഡോര്‍ നിറയുന്ന ബാഡ്ജിങ്, എല്‍ഇഡിയില്‍ തന്നെ ഒരുങ്ങിയിരിക്കുന്ന ടെയ്ല്‍ ലാമ്പ്, റൂഫ് സ്‌പോയിലര്‍, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഇന്‍സേര്‍ട്ട് നല്‍കിയിട്ടുള്ള റിയര്‍ ബമ്പര്‍ എന്നിവയെല്ലാം ഈ വാഹനത്തിലെ അലങ്കാരങ്ങളാണ്.
ജെസിഡബ്ല്യു മോഡലുകളില്‍ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള സ്റ്റിയറിങ് വീലും സീറ്റുകളുമാണ് അകത്തളത്തിലെ സവിശേഷത. ചുവപ്പ് നിറത്തിലെ അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ത്ത ഡാഷ്‌ബോര്‍ഡ്, വൃത്താകൃതിയില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓവല്‍ ഷേപ്പിലെ പാനലില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ പനല്‍, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ് എന്നിങ്ങനെ നീളുന്നു അകത്തളത്തിലെ ഫീച്ചറുകളുടെ പട്ടിക.
പെട്രോള്‍ എന്‍ജിന്‍ കണ്‍ട്രിമാന്‍ ജെസിഡബ്ല്യു പതിപ്പിനെക്കാള്‍ കരുത്തന്‍ മോഡലാണ് കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 ഇലക്ട്രിക് മോഡല്‍. 313 ബിഎച്ച്പി പവറും 494 എന്‍എം ടോര്‍ക്കുമേകുന്ന ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തിലെ അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുണ്ട്. കണ്‍ട്രിമാന്‍ ജെസിഡബ്ല്യു പെട്രോള്‍ മോഡലിലെ എന്‍ജിന്‍ 300 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
66.45 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 440 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. 29 മിനിറ്റില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഈ വാഹനത്തിലുണ്ട്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ള ഏറ്റവും കരുത്തുറ്റ മിനി മോഡലാണ് കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4. കേവലം 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്.
Content Highlights: Discover the new MINI Countryman SE ALL4, India`s most powerful electric Mini. Experience thrilling performance, 440km range & luxury features. Book yours now!
Published: 09 Nov 2025, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented