ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ടാറ്റയുടെ നെക്‌സോണ്‍ ഇവി. ഏതൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിയിട്ടും നെക്‌സോണ്‍ ഇവിയുടെ പ്രതാപത്തിന് മങ്ങലേല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, 2024 സെപ്റ്റംബറില്‍ എംജി മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ച വിന്‍ഡ്‌സര്‍ എന്ന ഇലക്ട്രിക് മോഡല്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യയിലെ ഒട്ടുമിക്ക ഇവികള്‍ക്കും നല്‍കിയത്. വിന്‍ഡ്‌സര്‍ നിര്‍മിച്ചവരെ പോലും ഞെട്ടിക്കുന്ന സ്വീകാര്യതയാണ് ഈ വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നത്.
അവതരിപ്പിച്ച് ആറുമസത്തിനുള്ളില്‍ 20,000 വിന്‍ഡസര്‍ ഇവിയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയതെന്നാണ് എംജി മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ കാലയളവില്‍ 20000 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കുന്ന ഇലക്ട്രിക് വാഹനമെന്ന് ഖ്യാതി കൂടി ഇപ്പോള്‍ വിന്‍ഡ്‌സര്‍ സ്വന്തമാക്കിയിരിക്കുന്നു. ആറ് മാസത്തിനുള്ളില്‍ 20000 യൂണിറ്റിന്റെ വില്‍പ്പന നേടിയതോടെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ എന്ന വിശേഷണമാണ് വിന്‍ഡ്‌സര്‍ ഇവിക്ക് കൈവന്നിരിക്കുന്നത്.
എന്തുകൊണ്ടാണ് വിന്‍ഡ്‌സര്‍ ഇവി ഇത്രയും ജനപ്രിയമായതെന്ന് നോക്കാം. ഈ വാഹനവുമായി മത്സരിക്കുന്ന മറ്റ് മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വില തന്നെയാണ് സുപ്രധാന കാരണം. ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന്റെ പ്രധാന മാനദണ്ഡം തന്നെ റേഞ്ചാണ്. വിശ്വസിക്കാവുന്ന റേഞ്ചാണ് ഈ വാഹനം നല്‍കുന്നതെന്നാണ് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന റേഞ്ച് ഉപയോക്താവിന് ലഭിക്കുന്നുവെന്നതാണ് ഈ വാഹനത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാരണം.
ഇന്ത്യയിലെ ആദ്യ ഇന്റലിജെന്റ് സിയുവി എന്ന വിശേഷണത്തോടെയാണ് ഈ വാഹനം എത്തിയത്. ഇതിനൊപ്പം ബാറ്ററിയില്ലാതെ തന്നെ ഈ വാഹനം വാങ്ങാമെന്നുള്ള സ്‌കീമും നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതിയില്‍ കേവലം 9.99 ലക്ഷം രൂപയ്ക്ക് ഈ വാഹനം സ്വന്തമാക്കാനാകും. ബാസ് പദ്ധതിയില്‍ വിന്‍ഡ്‌സര്‍ വാങ്ങുന്നവരില്‍ നിന്ന് ഒരു കിലോമീറ്ററിന് 3.9 രൂപ എന്ന നിലയില്‍ ബാറ്ററി വാടകയും ഈ സേവനം നല്‍കുന്ന കമ്പനി ഈടാക്കും.
എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ സി.എസ്.യു.വിക്ക് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ 9.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം, ബാറ്ററി ഉള്‍പ്പടെ വാങ്ങുമ്പോള്‍ 13.50 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുക. യഥാക്രമം 14.50 ലക്ഷം, 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില. 38 കിലോവാട്ട് ശേഷിയുള്ള എല്‍.എഫ്.പി. ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 331 കിലോമീറ്റര്‍ റേഞ്ചാണ് വിന്‍ഡ്‌സര്‍ ഇ.വി. നല്‍കുന്ന റേഞ്ച്.
ഇക്കോ പ്ലസ്, ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ നാല് ഡ്രൈവിങ് മോഡുകള്‍ നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 136 ബിഎച്ച്പി പവറും 200 എന്‍എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വിന്‍ഡ്സര്‍ ഇവിയുടെ ഹൈലൈറ്റാണ്. 45 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 55 മിനിറ്റില്‍ പൂജ്യത്തില്‍നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാം. 7.7 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ 100 ശതമാനം ബാറ്ററി നിറയും. 3.3 കിലോവാട്ട് ചാര്‍ജറിന്റെ സഹായത്തില്‍ 100 ശതമാനം ചാര്‍ജ് നിറയാന്‍ 14 മണിക്കൂറോളം സമയമെടുക്കും.
Content Highlights: MG Windsor EV surpasses sales records-becoming India fastest-selling electric car within 6 months
Published: 14 Apr 2025, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented