ചൈനീസ് മേല്‍വിലാസത്തിലാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും എം.ജി. മോട്ടോഴ്‌സ് എന്ന കമ്പനി ഇപ്പോള്‍ പാതി ഇന്ത്യക്കാരന്‍ കൂടിയാണ്. രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ജെ.എസ്.ഡബ്ല്യുവിന്റെ നിക്ഷേപം കൂടി എം.ജി. മോട്ടോഴ്‌സിലേക്ക് എത്തിയതോടെ വിവിധ ശ്രേണികളിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് ഈ വാഹന നിര്‍മാതാക്കള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം മാത്രം മൂന്ന് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് എം.ജി. മോട്ടോഴ്‌സിന്റെ പദ്ധതി.
അത്യാഡംബര ഇലക്ട്രിക് എം.പി.വിയായ എം9, ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ സൈബര്‍സ്റ്റര്‍, പ്രീമിയം എസ്.യു.വി. മോഡലായ മജസ്റ്റര്‍ എന്നീ മോഡലുകളാണ് എം.ജി. മോട്ടോഴ്‌സില്‍നിന്ന് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ഇതില്‍ എം9, സൈബര്‍സ്റ്റര്‍ എന്നീ മോഡലുകള്‍ പ്രീമിയം വാഹനങ്ങള്‍ക്കായി എം.ജി. മോട്ടോഴ്‌സ് ആരംഭിച്ചിട്ടുള്ള എം.ജി. സെലക്ട് എന്ന വിപണ ശൃംഖലയിലൂടെയായിരിക്കും വില്‍പ്പനയ്ക്ക് എത്തുന്നത്. എന്നാല്‍, മജസ്റ്റര്‍ റെഗുലര്‍ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും എത്തുക.
എം.ജി. സൈബര്‍സ്റ്റര്‍
1960-കളിലെ ഐതിഹാസിക എം.ജി.ബി. റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വേര്‍ട്ടബിള്‍ ബോഡി സ്‌റ്റൈലില്‍ ഒരുങ്ങിയിട്ടുള്ള ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് സൈബര്‍സ്റ്റര്‍. ഹൈപ്പര്‍കാറുകളുടെ രൂപത്തിലാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്. ഓവല്‍ ഷേപ്പിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, കര്‍വുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, ഷാര്‍പ്പ് ലോവര്‍ ലിപ്പ്, വലിയ അലോയി വീലുകള്‍, സ്റ്റൈലിഷ് ലുക്കില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ്, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിങ്ങ് എം.ജി. ലോഗോ, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിങ്ങനെയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.
സ്റ്റെബിലിറ്റിയും ഹാന്റിലിങ്ങും ഉറപ്പാക്കാനായി മുന്നില്‍ ഇരട്ട വിഷ്ബോണ്‍ സസ്പെന്‍ഷനും പിന്നില്‍ ഫൈവ് ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തില്‍ ക്രമീകരിച്ചതിനാല്‍ കൃത്യമായ ട്രാക്ഷനും ഉറപ്പാക്കും. 4533 എം.എം. നീളവും 1912 എം.എം. വീതിയും 1328 എം.എം. ഉയരവും 2689 എം.എം. വീല്‍ബേസിലുമാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്.
77 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് സൈബര്‍സ്റ്ററിലുള്ളത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകുന്ന ഈ വാഹനം 503 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 3.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ സ്‌പോര്‍ട്‌സ് കാറിനുണ്ട്.
എം.ജി. എം9
വിദേശ നിരത്തുകളില്‍ മിഫ-9 എന്ന പേരില്‍ എം.ജി. എത്തിച്ചിട്ടുള്ള മോഡലാണ് എം.9 ആയി ഇന്ത്യയില്‍ എത്തുന്നത്. ആഡംബര എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം ഡിസൈനില്‍ ലാളിത്യം പുലര്‍ത്തുന്നുണ്ടെങ്കിലും ഫീച്ചറുകളാല്‍ സമ്പന്നമാണ്.എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് എന്നിവയ്ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കാരം.
5.2 മീറ്ററാണ് എം9 മോഡലിന്റെ നീളം. രണ്ട് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് ലേഔട്ടില്‍ ഈ ആഡംബര എം.പി.വി. നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്റഡ്, ഹീറ്റഡ്, മസാജ്, ഓട്ടോമാന്‍ സംവിധാനങ്ങളുള്ള പവേര്‍ഡ് സീറ്റ്, പിന്‍നിര യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്ലൈഡിങ് ഡോര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും എം9-ല്‍ ഒരുങ്ങും.
മുന്നിലെ ആക്സിലില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഫ്രെണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. 90 കിലോവീട്ട് ശേഷിയുള്ള ബാറ്ററി പാക്ക് നല്‍കിയെത്തുന്ന എം9-ന് 430 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പ് നല്‍കുന്നത്. 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമായിരിക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.
എം.ജി. മജസ്റ്റര്‍
ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായിരിക്കുമെന്നാണ് അഭ്യൂഹമെങ്കിലും സ്ഥാനംവെച്ച് നോക്കിയാല്‍ ആ വാഹനത്തിന് മുകളിലാണ് മജസ്റ്ററിന്റെ സ്ഥാനം. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 216 എച്ച്.പി. കരുത്തും 479 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മജസ്റ്ററിലേത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെ ഈ വാഹനത്തില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാഴ്ചയില്‍ എം.ജിയുടെ മറ്റ് പല മോഡലുകളെയും പോലെയാണ് ഈ എസ്.യു.വിയും. ബ്ലാക്ക് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലൈറ്റുകള്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്, ഡയമണ്ട് കട്ട് 5 സ്പോക് 19 ഇഞ്ച് അലോയ് വീലുകള്‍, രണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റുകള്‍, ഗ്ലോസ്ബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കിയ റിയര്‍ ബമ്പര്‍, ഇരട്ട എക്സഹോസ്റ്റ് ഔട്ട്ലറ്റുകളും നല്‍കിയാണ് മജസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ്- കൂള്‍ഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവര്‍ സീറ്റ്, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ് എന്നിങ്ങനെയാണ് ഇതിലെ സുരക്ഷാഫീച്ചറുകള്‍.
Content Highlights: MG Motors to Launch 3 New Cars in India
Published: 16 Feb 2025, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented