ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ ഗെയിം ചെയ്ഞ്ചറാണ് എംജി മോട്ടോഴ്‌സ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള വിന്‍ഡ്‌സര്‍ ഇവി. വളരെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ടാണ് രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനമായി ഈ ഇലക്ട്രിക് മോഡല്‍ മാറിയത്. വിന്‍ഡ്‌സര്‍, വിന്‍ഡ്‌സര്‍ പ്രോ എന്നീ വകഭേദങ്ങളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. വിന്‍ഡ്‌സറിന്റെ വില വര്‍ധിപ്പിക്കുന്നതാണ് ഈ വാഹനം സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. 

To advertise here,

എംജി വിന്‍ഡ്‌സര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ എസെന്‍സ് പ്രോ എന്ന വേരിയന്റിന്റെ വിലയാണ് നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 21,200 രൂപയാണ് വിലയില്‍ വരുത്തിയിട്ടുള്ള വര്‍ധനവ്. 18.31 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ പുതിയ എക്‌സ്‌ഷോറൂം വില. ഇതോടെ രണ്ട് പതിപ്പുകളിലായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് വാഹനത്തിന്റെ വില 14 ലക്ഷം രൂപ മുതല്‍ 18.31 ലക്ഷം രൂപ വരെയാണ്.

ബാറ്ററി പാക്കിലെ മാറ്റം റേഞ്ചിലെ വ്യത്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിന്‍ഡ്‌സര്‍ ഇവി, വിന്‍ഡ്‌സര്‍ ഇവി പ്രോ എന്നീ രണ്ട് മോഡലുകള്‍ എത്തിയിരിക്കുന്നത്. 38 കിലോവാട്ട് ബാറ്ററി പാക്കില്‍ 332 കിലോമീറ്റര്‍ റേഞ്ചാണ് വിന്‍ഡ്‌സര്‍ ഇവി നല്‍കുന്നതെങ്കില്‍ 52.9 കിലോവാട്ട് ബാറ്ററി പാക്കില്‍ 449 കിലോമീറ്റര്‍ റേഞ്ചുമായാണ് വിന്‍ഡ്‌സര്‍ പ്രോ എത്തിയിരിക്കുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വിന്‍ഡ്‌സര്‍ എത്തുന്നത്. എക്‌സ്‌ക്ലുസീവ് പ്രോ, എസന്‍സ് പ്രോ എന്നിവയാണ് വിന്‍ഡ്‌സര്‍ പ്രോയുടെ വേരിയന്റുകള്‍. 

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ എത്തുന്നുണ്ടെങ്കിലും ഒരേ ഇലക്ട്രിക് മോട്ടോര്‍ രണ്ട് മോഡലുകളിലും നല്‍കിയിട്ടുള്ളത്. 136 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനങ്ങളിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. 7.4 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് 9.5 മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എന്നാല്‍, 60 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.