ഇന്ത്യയിലെ ആദ്യ ഡി പ്ലസ് എസ്‌യുവി മോഡലായ എംജി മജെസ്റ്റർ ഫെബ്രുവരി 12-ന് അവതരിപ്പിക്കും. ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ മജസ്റ്റർ എസ്‌യുവി ഫോർച്യൂണർ ഉൾപ്പെടെയുള്ള എസ്‌യുവികളുമായി ഏറ്റുമുട്ടാനുറച്ചാണ് എത്തുന്നതെന്നാണ് വിവരം. 2025-ൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഈ വാഹനത്തിൽ പ്രീമിയം ഫീച്ചറുകളും ന്യൂജനറേഷൻ ഡിസൈൻ ശൈലിയുമാണ് നൽകിയിരിക്കുന്നത്.

To advertise here,

ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളുടെ നിരയിലേക്ക് എത്തുന്ന ഒരു ബോൾഡ് എസ്‌യുവി എന്നാണ് എംജി മജെസ്റ്ററിന് ലഭിക്കുന്ന പ്രധാന വിശേഷണം. മാട്രിക്‌സ് സ്റ്റൈൽ ഗ്രില്ല്, വെർട്ടിക്കിളായും ഹൊറിസോണ്ടലായും നൽകിയിരിക്കുന്ന എൽഇഡി ഡിആർഎല്ലും ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ്, മസ്‌കുലർ ബമ്പർ, എസ്‌യുവി ഭാവത്തിന് പൂർണതയേകുന്ന ബോണറ്റ് എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ മുഖഭാവത്തിന് അഴകേകുന്ന ഘടകങ്ങൾ.

ഡയമണ്ട് കട്ട് 5 സ്പോക് 19 ഇഞ്ച് അലോയ് വീലുകൾ, രണ്ട് എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഗ്ലോസ്ബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റ് നൽകിയ റിയർ ബമ്പർ, ഇരട്ട എക്സഹോസ്റ്റ് ഔട്ട്ലറ്റുകൾ എന്നിവാണ് പുറംമോടി കൂട്ടുന്നത്. എംജി മോട്ടോഴ്‌സ് മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഫുൾ സൈസ് എസ്‌യുവി മോഡലായ മാക്‌സസ് ഡി90 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്- കൂൾഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 അഡാസ് ഫീച്ചറുകൾ എന്നിവയാണ് ഇതിൽ സുരക്ഷയൊരുക്കുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇത് 216 എച്ച്പി പവറും 479 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മജസ്റ്ററിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വർധിപ്പിക്കും. 

നാഗാലാൻഡിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ജാപ്ഫു പർവതം എംജി മജസ്റ്റർ കഴിഞ്ഞ ദിവസം കീഴടക്കിയിരുന്നു. വാഹനത്തിന്റെ ഓഫ് റോഡ് ശേഷിയും കരുത്തും തെളിയിക്കുന്നതിനായാണ് മജസ്റ്റർ ജാപ്ഫു പർവതം കീഴടക്കിയത്. കോഹിമയ്ക്ക് സമീപം ബാരയിൽ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന ജാപ്ഫു പർവതം വൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രകൃയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എക്സ്ട്രീം ഓഫ് റോഡ്, പനോരമിക് വ്യൂ തുടങ്ങിയ നിലകളിൽ പ്രസിദ്ധമാണ് ജാപ്ഫു പർവതം. അഡ്വാൻസ്ഡ് ടെസ്റ്റിങ് ട്രയലുകളുടെ ഭാഗമായാണ് എംജി മജെസ്റ്റർ എസ്യുവി ഈ പർവത മേഖലയിലൂടെ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്.