ഇന്ത്യൻ വാഹന വിപണിയിലെ ആദ്യ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവി മോഡലായ എംജി മോട്ടോഴ്‌സ് പ്രദർശനത്തിനെത്തിച്ച മജസ്റ്റർ എസ്‌യുവി അവതരണത്തിന് സമയം കുറിച്ചു. എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലെ ഏറ്റവും കരുത്തനായ ഈ വാഹനം ഏപ്രിൽ 20-നാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകംതന്നെ ആദ്യ പ്രദർശനം പൂർത്തിയാക്കിയ ഈ വാഹനത്തിന്റെ വില മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

To advertise here,

എംജി മോട്ടോഴ്‌സിന്റെ വാഹന ശ്രേണിയിലേക്ക് മുമ്പ് എത്തിയ ഗ്ലോസ്റ്റർ എന്ന എസ്‌യുവിക്ക് പകരക്കാരനായാണ് മജസ്റ്റർ എത്തിയിരിക്കുന്നത്. ഓഫ് റോഡ് പെർഫോമെൻസിൽ കരുത്ത് തെളിയിച്ച മജസ്റ്റർ ഇന്ത്യൻ നിരത്തുകളിൽ ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കോഡിയാക്, ജീപ്പ് മെരിഡിയൻ തുടങ്ങിയ എസ്‌യുവികളുമായായിരിക്കും ഏറ്റുമുട്ടുക. ഏകദേശം 40 മുതൽ 45 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏത് പുതുതലമുറ വാഹനങ്ങളെയും വെല്ലുവിളിക്കാൻ പോകുന്ന ഡിസൈനിലാണ് മജസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോൾഡ് എസ്യുവി ഭാവമാണ് മജസ്റ്ററിനുള്ളത്. മാട്രിക്സ് സ്‌റ്റൈൽ ഗ്രില്ല്, വെർട്ടിക്കിളായും ഹൊറിസോണ്ടലായും നൽകിയിരിക്കുന്ന എൽഇഡി ഡിആർഎൽ ഹെഡ്ലാന്പ്, സ്‌കിഡ് പ്ലേറ്റ്, മസ്‌കുലർ ബമ്പർ, എസ്യുവി ഭാവത്തിന് പൂർണതയേകുന്ന ബോണറ്റ് എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ മുഖഭാവത്തിന് അഴകേകുന്ന ഘടകങ്ങൾ.

ഡയമണ്ട് കട്ട് ഫൈവ് സ്‌പോക് 19 ഇഞ്ച് അലോയ് വീലുകൾ, രണ്ട് എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഗ്ലോസിബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റ് നൽകിയ റിയർ ബമ്പർ, ഇരട്ട എക്‌സഹോസ്റ്റ് ഔട്ട്‌ലറ്റുകൾ എന്നിവാണ് പുറംമോടി കൂട്ടുന്നത്. എംജി മോട്ടോഴ്സ് മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഫുൾ സൈസ് എസ്യുവി മോഡലായ മാക്സസ് ഡി90 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്- കൂൾഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 അഡാസ് ഫീച്ചറുകൾ എന്നിവയാണ് ഇതിൽ സുരക്ഷയൊരുക്കുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇത് 216 എച്ച്പി പവറും 479 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് മജസ്റ്ററിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വർധിപ്പിക്കും.