ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡേവർ, ഇന്ത്യയിലെ ഫുൾ സൈസ് എസ്‌യുവി ശ്രേണിയിലെ വാഹനങ്ങളുടെ നിര പലപ്പോഴും ഈ രണ്ട് വാഹനങ്ങളിൽ അവസാനിക്കാറാണ് പതിവ്. എന്നാൽ, ഈ പേരുകൾക്ക് ഒരു തുടർച്ചയുണ്ടാക്കുന്നതായി മൂന്നാമത് ഒരു വാഹനം കൂടി എത്തുകയാണ്. വരുന്നത് എംജി മോട്ടോഴ്‌സിൽ നിന്നാണ്. 2025 ഭാരത് മൊബിലിറ്റി ഷോയിൽ എംജി മോട്ടോഴ്‌സ് പ്രദർശിപ്പിച്ച മജസ്റ്റർ എന്ന വാഹനമാണ് ഇന്ത്യയിലെ എസ്‌യുവി നിരയിലേക്ക് എത്തുന്നത്.

To advertise here,

ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ മജസ്റ്റർ എസ്‌യുവി ഫെബ്രുവരി 12-ന് ഇന്ത്യയിൽ അവതരിപ്പിക്കും. എംജി മോട്ടോഴ്സ് മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഫുൾ സൈസ് എസ്യുവി മോഡലായ മാക്സസ് ഡി90 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന ഈ വാഹനത്തിന് ഇന്ത്യയിലെ എംജിയുടെ വാഹന നിരയിൽ ഗ്ലോസ്റ്ററിനും മുകളിലായിരിക്കും സ്ഥാനമെന്നാണ് റിപ്പോർട്ടുകൾ.

എംജിയുടെ പല സിഗ്നേച്ചർ ഭാവങ്ങളും ആവാഹിച്ചാണ് മജസ്റ്റർ എസ്‌യുവി ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകൾ, എൽ.ഇ.ഡി. ഡി.ആർ.എൽ, സിൽവർ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്, ഡയമണ്ട് കട്ട് 5 സ്‌പോക് 19 ഇഞ്ച് അലോയ് വീലുകൾ, രണ്ട് എൽ.ഇ.ഡി. ടെയ്ൽ ലൈറ്റുകൾ, ഗ്ലോസ്ബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റ് നൽകിയ റിയർ ബമ്പർ, ഇരട്ട എക്‌സഹോസ്റ്റ് ഔട്ട്‌ലറ്റുകൾ എന്നിവാണ് പുറംമോടി കൂട്ടുന്നത്.

വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്- കൂൾഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 അഡാസ് ഫീച്ചറുകൾ എന്നിവയാണ് ഇതിൽ സുരക്ഷയൊരുക്കുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇത് 216 എച്ച്പി പവറും 479 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് മജസ്റ്ററിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വർധിപ്പിക്കും. ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള വാഹനങ്ങളോട് മത്സരിക്കാനാണ് മജസ്റ്റർ ഒരുങ്ങുന്നത്.