
ജെ.എസ്.ഡബ്ല്യു-എം.ജി.മോട്ടോഴ്‌സിന്റെ വാഹനനിരയിലെ വേഗരാജാവ് എന്ന് വിശേഷിപ്പിക്കുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ സൈബര്‍സ്റ്റര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് എം.ജിയുടെ ഈ അഭിമാന മോഡല്‍ പുറത്തിറക്കിയത്. പ്രീമിയം വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് എം.ജി.മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ള സെലക്ട് ഔട്ട്‌ലെറ്റ് വഴി ആദ്യം വില്‍പ്പനയ്ക്ക് എത്തുന്ന വാഹനം സൈബര്‍സ്റ്റര്‍ ഇ.വി. ആയിരിക്കുമെന്നാണ് എം.ജി. അറിയിച്ചിരുന്നത്.
എം.ജി. സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഔദ്യോഗിക ബുക്കിങ് മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുമെന്നും ഏപ്രില്‍ മാസം അവസാനത്തോടെ വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തായിരിക്കും സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വില സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക.
2021-ല്‍ ആണ് സൈബര്‍സ്റ്റര്‍ എന്ന ആശയം പിറക്കുന്നത്. രണ്ടുവര്‍ഷത്തിനിപ്പുറം 2023-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലായിരുന്നു വാഹനം ആദ്യമായി എത്തിയത്. 1960-കളിലെ ഐതിഹാസിക എം.ജി.ബി. റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വേര്‍ട്ടബിള്‍ ബോഡി സ്റ്റൈലിലാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഓവല്‍ ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, റോഡിനോട് പറ്റിയിരിക്കുന്ന മുന്‍വശം, കര്‍വുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, ഷാര്‍പ്പ് ആയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവ നല്‍കിയാണ് സൈബസ്റ്ററിന്റെ മുഖം അലങ്കരിച്ചിരിക്കുന്നത്.
സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായാണ് വശങ്ങളുടെ രൂപകല്‍പ്പന. ബോള്‍ഡ് ലൈനുകളും കര്‍വുകളും നല്‍കിയാണ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. വലിയ അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കും. മുന്‍ഭാഗം പോലെ ആകര്‍ഷകമാണ് പിന്‍വശവും. സ്‌റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിങ്ങ് എം.ജി. ലോഗോ, സ്പോര്‍ട്ടി ഭാവം ഉയര്‍ത്തുന്ന ബമ്പര്‍ എന്നിവ പിന്‍ഭാഗത്തെയും സ്‌റ്റൈലിഷാക്കുന്നുണ്ട്.
സ്റ്റെബിലിറ്റിയും ഹാന്റിലിങ്ങും ഉറപ്പാക്കാനായി മുന്നില്‍ ഇരട്ട വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും പിന്നില്‍ ഫൈവ് ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തില്‍ ക്രമീകരിച്ചതിനാല്‍ കൃത്യമായ ട്രാക്ഷനും ഉറപ്പാക്കും. 4533 എം.എം. നീളവും 1912 എം.എം. വീതിയും 1328 എം.എം. ഉയരവും 2689 എം.എം. വീല്‍ബേസിലുമാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്. എം.ജിയുടെ മാതൃകമ്പനിയായ സായിക് ആണ് ഈ വാഹനത്തിന്റെ പ്രഥമിക ഡിസൈന്‍ ഒരുക്കിയത്.
യഥാര്‍ഥ പെര്‍ഫോമെന്‍സ് കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് അകത്തളത്തിന്റെ രൂപകല്‍പ്പന. കുത്തനെ ക്രമീകരിച്ചിരിക്കുന്ന ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പടെ മൂന്ന് സ്‌ക്രീനുകളാണ് ഡാഷ് ബോര്‍ഡിലുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വയര്‍ലെസ് ചാര്‍ജിങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പടെ നിരവധി ഫീച്ചറുകളാണ് സൈബര്‍സ്റ്ററില്‍ എംജി നല്‍കിയിരിക്കുന്നത്.
77 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് സൈബര്‍സ്റ്ററിലുള്ളത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകുന്ന ഈ വാഹനം 503 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 3.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണ് സൈബര്‍സ്റ്ററിലുള്ളത്.
Content Highlights: MG Cyberster-a high-performance electric sports car is showcased in India
Published: 17 Jan 2025, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented