പ്രകൃതി സൗഹാര്‍ദവും ഇന്ധനക്ഷമതയും ഒരുപോലെ ഉറപ്പാക്കുന്ന മറ്റൊരു വാഹനം കൂടി മാരുതിയില്‍ നിന്ന് വിപണിയില്‍ എത്തിയിരിക്കുകയാണ്. ഹാച്ച്ബാക്ക് ശ്രേണിയിലെ ഒന്നാം സ്ഥാനക്കാരനായ മാരുതി സുസുക്കി സ്വിഫ്റ്റാണ് സി.എന്‍.ജി. കരുത്തില്‍ മാരുതി നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. മാരുതി ഡിസയര്‍, സെലേറിയോ എന്നീ വാഹനങ്ങള്‍ക്ക് പിന്നാലെയാണ് സ്വിഫ്റ്റും സി.എന്‍.ജി. കരുത്തില്‍ നിരത്തുകളില്‍ എത്തിയിരിക്കുന്നത്. 

To advertise here,

മാരുതിയുടെ മറ്റ് സി.എന്‍.ജി. വാഹനങ്ങളെ പോലെ ഇന്ധനക്ഷമത തന്നെയാണ് സ്വിഫ്റ്റ് സി.എന്‍.ജിയുടെയും മുഖമുദ്ര. 30.90 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തിന് ഉറപ്പുനല്‍കിയിട്ടുള്ളത്. Vxi, Zxi എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള സ്വിഫ്റ്റ് സി.എന്‍.ജിക്ക് യഥാക്രമം 7.77 ലക്ഷം രൂപയും 8.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍ പതിപ്പിനെക്കാള്‍ ഏകദേശം 96,000 രൂപ അധിക വിലയിലാണ് സി.എന്‍.ജി. മോഡല്‍ എത്തിയിട്ടുള്ളത്.

മാരുതി ഡിസയറില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും ഫാക്ടറി ഫിറ്റഡ് സി.എന്‍.ജി. കിറ്റുമായാണ് സ്വിഫ്റ്റ് സി.എന്‍.ജിയും എത്തിയിട്ടുള്ളത്. എന്നാല്‍, കരുത്തില്‍ പെട്രോള്‍ സ്വിഫ്റ്റിനെക്കാള്‍ അല്‍പ്പം പിന്നിലാണ് സി.എന്‍.ജി. മോഡല്‍. 77 പി.എസ്. പവറും 98.5 പി.എസ്. പവറുമാണ് സി.എന്‍.ജി. സ്വിഫ്റ്റ് ഉത്പാദിപ്പിക്കുന്ന പവര്‍. 89 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് പെട്രോള്‍ മോഡല്‍ ഉത്പാദിപ്പിക്കുന്നത്. 

സി.എന്‍.ജി, പെട്രോള്‍ എന്നിവയിലേക്ക് മാനുവലായി മാറ്റുന്നതിനുള്ള സ്വിച്ച് ഡാഷ്‌ബോര്‍ഡില്‍ സ്റ്റിയറിങ്ങിന്റെ വലത് വശത്തായി നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ ബൂട്ട് സ്‌പേസിലാണ് സി.എന്‍.ജി. ടാങ്ക് നല്‍കിയിട്ടുള്ളത്. റെഗുലര്‍ മോഡലിനെക്കാള്‍ 10 കിലോഗ്രാം ഭാരം ഈ വാഹനത്തിന് അധികമുണ്ട്. പിന്‍ഭാഗത്ത് അധികമായി നല്‍കിയിട്ടുള്ള ഈ ഭാരം ക്രമീകരിക്കുന്നതിനായി മുന്നിലെ സസ്‌പെന്‍ഷനില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

മാരുതിയുടെ ഐതിഹാസിക സ്‌പോര്‍ട്ടി ഹാച്ച്ബാക്കായ സ്വിഫ്റ്റിന് ഇതിനോടകം 25 ലക്ഷം ഉപയോക്താക്കളാണുള്ളത്. എന്നാല്‍, 30.90 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയിലൂടെ ഇനിയും കൂടുതല്‍ ആളുകളെ സ്വിഫ്റ്റിന് ആകര്‍ഷിക്കാന്‍ സാധിക്കും. ഇതിനൊപ്പം പ്രകൃതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിക്കുക എന്ന മാരുതിയുടെ പ്രതിബദ്ധതയും ഈ വാഹനത്തിലൂടെ യാഥാര്‍ദ്യമാകുകയാണെന്നും മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.